Deshabhimani

യുഎസ്‌ കമ്പനിയുടെ ദുരൂഹ സർവേ ; കേന്ദ്ര അന്വേഷണത്തിന്‌ ഉത്തരവിട്ട് ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 01:26 AM | 0 min read


കൊച്ചി
രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക്‌ ഭീഷണി ഉയർത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി യുഎസ് കമ്പനി തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 54 നഗരങ്ങളിൽ സർവേ നടത്തിയതിൽ കേന്ദ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി. 2010ൽ നടന്ന സർവേയുമായി ബന്ധപ്പെട്ട്‌ പൊലീസിന്റെ അന്വേഷണം പര്യാപ്തമല്ലെന്ന് ജസ്‌റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. അമേരിക്കയിലെ പ്രിൻസ്‌റ്റൺ സർവേ റിസർച്ച് അസോസിയറ്റ്‌സിനായി (പിഎസ്ആർഎ) ഹൈദരാബാദിലെ ടെയ്‌ലർ നെൽസൺ സോഫ്രസ് (ടിഎൻഎസ്) ഇന്ത്യ ലിമിറ്റഡാണ് സർവേ നടത്തിയത്.

2010 ഒക്ടോബർ രണ്ടിന് തിരുവനന്തപുരം അട്ടക്കുളങ്ങര ഫ്രണ്ട്‌സ് നഗറിൽ നടത്തിയ സർവേ ക്രമസമാധാനപ്രശ്‌നത്തിന് ഇടയാക്കി. സർവേയിലെ ചോദ്യങ്ങൾ ഇസ്ലാം മതവിശ്വാസികളെ വ്രണപ്പെടുത്തിയെന്ന പേരിൽ ടിഎൻഎസിനും ഡയറക്ടർ പ്രദീപ് സക്‌സേനയ്‌ക്കുമെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. തുടർന്ന്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതു റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് ടിഎൻഎസും ഡയറക്ടറും നൽകിയ ഹർജി തീർപ്പാക്കിയാണ് കേന്ദ്ര അന്വേഷണത്തിന് നിർദേശം നൽകിയത്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ സർവേ നടത്തിയത് ഗൗരവമായി കാണണമെന്നും കോടതി പറഞ്ഞു. ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും അയയ്‌ക്കാനും നിർദേശിച്ചു. "ഗ്രീൻ വേവ് 12' എന്ന പേരിൽ ഇന്ത്യക്കുപുറമെ ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ 20 രാജ്യങ്ങളിലാണ് യുഎസ് കമ്പനി സർവേ നടത്തിയത്.



deshabhimani section

Related News

0 comments
Sort by

Home