04 August Wednesday

പേടിക്കേണ്ട, പാമ്പിനെ പിടിക്കാൻ ‘വിദ്യ’യുണ്ട്‌

ആർ ഹേമലതUpdated: Sunday Nov 17, 2019

കൊച്ചി > പാമ്പിനെ കണ്ടാൽ കണ്ടംവഴി ഓടുന്ന പുരുഷകേസരികൾ വിദ്യ രാജുവിനെ കണ്ട്‌ പഠിക്കണം. ഉഗ്രവിഷമുള്ള ഏതു പാമ്പും വിദ്യക്ക്‌ കളിക്കൂട്ടുകാരെ പോലെയാണ്‌. പാമ്പുപിടിത്തം ഉപജീവനമാർഗം അല്ലെങ്കിലും പെരുമ്പാമ്പ്‌, മൂർഖൻ, അണലി എന്നിവ ഉൾപ്പെടെ 875ൽ അധികം പാമ്പുപിടിത്തങ്ങൾ  ഇതിനകം ഈ ബിഹാർ സ്വദേശിനിയുടെ അക്കൗണ്ടിലുണ്ട്‌.

യാദൃച്ഛികമായാണ്‌ വിദ്യ പാമ്പുപിടിത്തം തുടങ്ങിയത്‌. നേവി ഉദ്യോഗസ്ഥനായ ഭർത്താവ്‌ രാജുവിന്‌ സ്ഥലംമാറ്റം കിട്ടിയപ്പോൾ ഗോവയിൽ എത്തിയതാണ്‌.   മണ്ടോവി നദിക്കരയിലെ ക്വാർട്ടേഴ്‌സിന്റെ ഗ്യാരേജിൽ ഇഴഞ്ഞുവന്ന പാമ്പിനെ കണ്ട്‌ അയൽക്കാർ ഭയന്നുവിറച്ചു. എന്നാൽ അതിനെ എങ്ങനെ രക്ഷപ്പെടുത്താം എന്നായിരുന്നു പ്രകൃതി സ്‌നേഹിയായ വിദ്യയുടെ ചിന്ത.  അങ്ങനെ, പാമ്പുപിടിത്തത്തിൽ ഹരിശ്രീ കുറിച്ചു. സഹജീവികളോടുള്ള വിദ്യയുടെ സ്‌നേഹം മനസ്സിലാക്കിയ ഭർത്താവ്‌ എല്ലാ പ്രോത്സാഹനവും നൽകി. രക്ഷിക്കുന്ന ജീവികളെ വനംവകുപ്പിന്‌ കൈമാറുകയാണ്‌ പതിവ്‌. വനംവകുപ്പിൽനിന്ന്‌ മാത്രമല്ല പൊതുജനങ്ങളിൽനിന്നും വിളികൾ വരാറുണ്ട്‌. ബോധവൽക്കരണ ക്ലാസുകളും എടുക്കുന്നുണ്ട്‌.

അച്ഛനിൽനിന്നാണ്‌ ജീവനുള്ളവയെ എല്ലാം സ്‌നേഹിക്കാനുള്ള ‘വിദ്യ’ പഠിച്ചത്‌. പരിക്കേറ്റ്‌ വഴിയരികിൽ കാണുന്ന മൃഗങ്ങളെയും പക്ഷികളെയും അച്ഛൻ വീട്ടിൽ കൊണ്ടുവരുമായിരുന്നു. മുറിവിൽ മരുന്നു പുരട്ടി അവയെ രക്ഷിക്കുന്നത്‌ വിദ്യയെയും സ്വാധീനിച്ചു. ട്രക്കിങ്ങിനും അദ്ദേഹം മക്കളെ ഒപ്പം കൂട്ടുമായിരുന്നു. ഓരോ ജീവിയേയും പിടിക്കുമ്പോൾ അവരും ഭൂമിയുടെ അവകാശികളാണെന്ന അച്ഛന്റെ വാക്കുകൾ ഓർമിക്കും. കൊച്ചി നേവൽ ബേസിൽനിന്ന്‌ പെരുമ്പാമ്പിനെ പിടിച്ചപ്പോൾ, വിരിയാറായ  21 മുട്ടകളും ഉണ്ടായിരുന്നു. വളരെ ശ്രദ്ധയോടെ മുട്ടുകൾ മാറ്റുന്നതിനിടയിൽ ഒരു മുട്ടപൊട്ടി പാമ്പിൻകുഞ്ഞ്‌ കൈയിലേക്ക്‌ വീണപ്പോൾ മനസ്സ്‌ ഉലഞ്ഞു.  

കൈകളുടെ വേഗതയിലാണ്‌ കാര്യമെന്ന്‌  വിദ്യ പറയുന്നു. എത്രയൊക്കെ ശ്രദ്ധിച്ചിട്ടും രണ്ടുമൂന്നു തവണ പാമ്പിന്റെ കടിയേൽക്കേണ്ടി വന്നു. എന്നാൽ  ഇന്നുവരെ ‘ആന്റിവെനം’ എടുക്കേണ്ടി വന്നിട്ടില്ല. പാമ്പുകളെ കൂടാതെ വെള്ളിമൂങ്ങയെയും പരുന്തിനെയും രക്ഷിച്ചിട്ടുണ്ട്‌.  മട്ടാഞ്ചേരിയിലെ റിസോർട്ടിൽനിന്ന്‌ രക്ഷിച്ച പരുന്തുകൾ ഇന്നും ഓർമകളെ വട്ടമിടുന്നു.    ചിറകുകൾ അരിഞ്ഞ സ്ഥിതിയിലാണ്‌ അവയെ കിട്ടിയത്‌. നടക്കാൻപോലും അവയ്‌ക്ക്‌ ആകുമായിരുന്നില്ല.

സുവോളജിയും ബോട്ടണിയും പഠിക്കാൻ ഇഷ്‌ടപ്പെട്ട്‌ വഴിതെറ്റി ധനതത്വശാസ്‌ത്ര അധ്യാപികയായെങ്കിലും പാതിവഴിയിൽ വിട്ടുപോയ പ്രകൃതിസ്‌നേഹം തിരിച്ചുപിടിക്കാൻ  ഇതെല്ലാം അവസരമൊരുക്കി.  ഭർത്താവ് കൊമോഡോർ എൻ വി എസ് രാജു കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽനിന്ന് കമാൻഡ് എഡ്യൂക്കേഷൻ ആൻഡ് വെൽഫെയർ ഓഫീസറായി വിരമിച്ചു. മകൻ കൊച്ചി നേവൽ ബേസിലെ ലഫ്‌റ്റനന്റ്‌ കമാൻഡർ സൗരവിന്റെ കുടുംബത്തിനൊപ്പം കൊച്ചി പനമ്പിള്ളിനഗറിലാണ്‌ താമസം. മകൾ ശ്വേതയും അമ്മയ്‌ക്ക്‌ ഫുൾ സപ്പോർട്ടാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top