12 December Thursday

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: സംയുക്ത ട്രേഡ് യൂണിയന്‍ കൺവൻഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019


കൊച്ചി
രാജ്യത്തെ 21 തൊഴിലാളി സംഘടനകളും ട്രേഡ് യൂണിയനുകളുടെ ദേശീയ ഫെഡറേഷനുകളും ആഹ്വാനം ചെയ്തിട്ടുള്ള ജനുവരി എട്ടിന്റെ പണിമുടക്ക്‌ വിജയിപ്പിക്കണമെന്ന്‌ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന കൺവൻഷൻ. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. കൺവൻഷനിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷനായി. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.

സോണിയ ജോർജ്‌ (സേവ), തമ്പാൻ തോമസ് (എച്ച്എംഎസ്), അഹമ്മദ്കുട്ടി ഉണ്ണിക്കുളം (എസ്ടിയു), എം കെ തങ്കപ്പൻ (ടിയുസിഐ), പി നന്ദകുമാർ, കെ എൻ ഗോപിനാഥ് (സിഐടിയു), തോമസ് ജോസഫ് (യുടിയുസി), ജെ ഉദയഭാനു, പി രാജു (എഐടിയുസി), കളത്തിൽ വിജയൻ (ടിയുസിസി), വി എസ് മോഹൻലാൽ (എൻടിയുഐ), എം എ ഷാജി (കെടിയുസി), മനോജ് പെരുമ്പിള്ളി (ജെടിയു), വി കെ സദാനന്ദൻ (എഐയുടിയുസി), ജി ബി ബട്ട് (എൻഎൽഒ), കെ കെ ചന്ദ്രൻ (എഐസിടിയു), കെ ചന്ദ്രശേഖരൻ (എൻഎൽസി), ജോസ് പുത്തൻകാല (കെടിയുസി എം) എന്നിവർ സംസാരിച്ചു.

പണിമുടക്ക്‌ വിജയിപ്പിക്കണമെന്ന്‌ എല്ലാ വിഭാഗം തൊഴിലാളികളോടും ജനങ്ങളോടും കൺവൻഷൻ ആഹ്വാനം ചെയ്തു.  ബിപിസിഎൽ ഓഹരി വിൽപ്പന ഉപേക്ഷിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ 28ന്‌ ഓയിൽ മേഖലയിൽ  നടക്കുന്ന ദേശീയ പണിമുടക്കിനോട്‌ അനുബന്ധിച്ച്‌ സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കാനും കൺവൻഷൻ ആഹ്വാനം ചെയ്‌തു. അന്ന്‌ സംസ്ഥാനത്തെ എല്ലാ തൊഴിലിടങ്ങളിലും ഇതര പൊതുമേഖലാ സ്ഥാപനങ്ങളിലും എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും  തൊഴിലാളികൾ മുദ്രാവാക്യം വിളിച്ച് ബാഡ്ജ് ധരിച്ച് പ്രതിഷേധ ദിനത്തിൽ പങ്കാളികളാകണം. സ്ഥാപനങ്ങളിൽ രാവിലെ ഗേറ്റ് മീറ്റിങ്ങുകൾ സംഘടിപ്പിക്കണം.

8000 കോടി രൂപ പ്രതിവർഷം ലാഭമുള്ള മഹാരത്ന കമ്പനിയാണ്‌ ഭാരത് പെട്രോളിയം കോർപറേഷൻ. എട്ട്‌ ലക്ഷം കോടി രൂപ ആസ്തിയുള്ള ഈ സ്ഥാപനത്തെ കേവലം 60,000 കോടി രൂപയ്ക്ക്‌ വിൽക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തെ  കൺവൻഷൻ അപലപിച്ചു. ഓഹരി വിൽപ്പന നീക്കത്തിൽനിന്ന് പിൻമാറണമെന്ന് കൺവൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അനിശ്ചിതകാല പ്രക്ഷോഭത്തിൽ അണിനിരന്നിട്ടുള്ള ബിപിസിഎൽ തൊഴിലാളികളോട് കൺവൻഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


പ്രധാന വാർത്തകൾ
 Top