13 December Friday

എസ്‌‌പി പി നിശാന്തിനിക്ക് എതിരായ കേസ് റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019


കൊച്ചി
ബാങ്ക് മാനേജരെ മർദിച്ചെന്ന സംഭവം ഒത്തുതീർപ്പായ സാഹചര്യത്തിൽ എസ്‌‌പി പി നിശാന്തിനിക്കെതിരായ പരാതിയും കേസും ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിശാന്തിനി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് വിധി. യൂണിയൻ ബാങ്ക് മുൻ മാനേജർ പേഴ്സി ജോസഫ്  നൽകിയ പരാതിയും തൊടുപുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിലവിലുള്ള കേസ് നടപടികളും അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് നിശാന്തിനി ഹർജി നൽകിയിരുന്നത്.

തൊടുപുഴ എഎസ്‌പിയായിരിക്കെ 2011 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. ബാങ്കിൽ വായ്പാ അപേക്ഷയുമായെത്തിയ വനിതാ കോൺസ്റ്റബിളിനെ കൈയിൽ കടന്നുപിടിച്ചെന്ന കേസിൽ പേഴ്സി ജോസഫിനെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചെന്നാണ് കേസ്. പേഴ്സി ജോസഫ് തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിലാണ്‌  കേസെടുത്തത്. മർദനത്തിന്‌ നഷ്ടപരിഹാരം തേടി പേഴ്സി ജോസഫ് തൊടുപുഴ സബ്കോടതിയിൽ പരാതി നൽകിയിരുന്നു.

ഈ കേസ് ഹൈക്കോടതി മീഡിയേഷൻ സെന്ററിലെ ചർച്ചയിൽ ഒത്തുതീർപ്പായി. പേഴ്സി ജോസഫിന് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള ഒത്തുതീർപ്പു വ്യവസ്ഥ ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top