05 December Thursday

പെരിയ ഇരട്ടക്കൊല: അപ്പീല്‍ വിധി പറയാന്‍ മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019


കൊച്ചി
കാസർകോട് പെരിയ ഇരട്ടക്കൊല കേസ്‌ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറയാൻ മാറ്റി. കേസിലെ അന്വേഷണം സിബിഐക്ക്‌ വിട്ട സിംഗിൾബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീലിൽ വാദം പൂർത്തിയായി. സിംഗിൾബെഞ്ച് വിധിക്കുശേഷം എഫ്ഐആർ പുനർരജിസ്റ്റർ ചെയ്തതായും ഡിവിഷൻബെഞ്ചിന്റെ അനുമതി കിട്ടിയാലുടൻ അന്വേഷണം ആരംഭിക്കുമെന്നും സിബിഐ അറിയിച്ചു. അപ്പീൽ പരിഗണിക്കുന്ന സമയത്ത് അന്വേഷണം നടത്താൻ സിബിഐയെ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ ഫയൽ ചെയ്തതുമുതൽ അഞ്ച്‌ ദിവസമാണ് കേസിൽ വാദം കേട്ടത്.

ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറിപോലും പരിശോധിക്കാതെയാണ് സിബിഐ അന്വേഷണത്തിന് സിംഗിൾബെഞ്ച് ഉത്തരവിട്ടതെന്ന്‌ അപ്പീലിൽ സംസ്ഥാന സർക്കാർ വാദിച്ചു. വിചാരണക്കോടതി കുറ്റപത്രം പരിശോധിച്ച് സ്വീകരിച്ചിരുന്നു. ഇത്‌ റദ്ദാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നില്ല. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് ആത്മാർഥമായി ശ്രമിക്കുന്ന ഘട്ടത്തിൽ സിംഗിൾബെഞ്ചിന്റെ ഇടപെടൽ പൊലീസിന്റെ വിശ്വാസ്യതയും ആത്മവീര്യവും തകർക്കുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥരും മേൽനോട്ടക്കാരും എല്ലാ മേഖലയിലും കഴിവ് തെളിയിച്ചവരാണെന്നും സർക്കാർ വാദിച്ചു.

കേസിലെ പത്ത് പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിൽ തിങ്കളാഴ്ച വാദം കേൾക്കും. സിംഗിൾബെഞ്ച് കുറ്റപത്രം റദ്ദാക്കിയിട്ടും അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുകയാണ്‌ എന്നാരോപിച്ച് എട്ടാംപ്രതിയും അമ്മയും നൽകിയ ഹർജി അടുത്തയാഴ്ച പരിഗണിക്കും. മൂന്നുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ജയിലിൽനിന്ന് വിട്ടയക്കണമെന്നുമാണ് ആവശ്യം.


പ്രധാന വാർത്തകൾ
 Top