22 October Thursday
ഭിന്നശേഷിക്കാരൻ നായകനായ ആദ്യസിനിമ

സിനിമയ്‌ക്കുമുമ്പ്‌ സൂപ്പർസ്‌റ്റാറായി ഗോപീകൃഷ്‌ണ വർമ

പി വി ജീജോUpdated: Saturday Oct 17, 2020

ഗോപീകൃഷ്‌ണ വർമ ശാന്തികൃഷ്‌ണയോടൊപ്പം. സിനിമയിലെ രംഗം


കോഴിക്കോട്‌  
‘‘ഞാൻ ഗോപി, എന്റെ സിനിമയാണ്‌ ‘തിരികെ’, നിങ്ങൾ കാണണേ’’ ...ഗോപീകൃഷ്‌ണവർമയുടെ ഈ വീഡിയോ  സൂപ്പറായെന്ന കമന്റോടെ ‌ ‌ പങ്കിടുകയാണ്‌ ‌ മെഗാസ്‌റ്റാർ മമ്മൂട്ടിയും യുവതാരങ്ങളായ പാർവതി തിരുവോത്തും നിവിൻപോളിയുമെല്ലാം. സിനിമ പുറത്തിറങ്ങുംമുമ്പ്‌ സൂപ്പർ താരമായ ‌ ഈ കോഴിക്കോട്ടുകാരൻ നാമറിയുന്ന സാധാരണ സിനിമാതാരമല്ല.

ഭിന്നശേഷിയുടെ പേരിൽ  ‌ കളിയാക്കൽമൂലം സ്‌കൂളുകൾ മാറിമാറി പഠിക്കേണ്ടിവന്നിട്ടുണ്ട്‌ ഗോപിക്ക്‌.  ഗായികയും മ്യൂസിക്‌ തെറാപ്പിസ്‌റ്റുമായ അമ്മ രഞ്ജിനിവർമയും  അച്ഛൻ കിഷോർ അനിയനും പകർന്ന ആത്മവിശ്വാസത്തിലാണ് പ്ലസ്‌ടു വരെ  പഠിച്ചത്‌‌. അനുകരണവും നർമവുമായി ഗോപിയുടെ നിരവധി വീഡിയോകൾ വൈറലായിട്ടുണ്ട്.  ടിക്‌ടോകിലും ഡബ്‌മാഷിലും ഈ  അഭിനയവൈഭവം കണ്ടാണ്‌ സംവിധായകൻ ജോർജ്‌ കോര   തേടിയെത്തിയത്‌.  
ഗോപിയുടെ സിനിമ‘തിരികെ’ അടുത്ത ദിവസം ഒ ടി ടിയായി (ഇന്റർനെറ്റ്‌ റിലീസ്) ‌പുറത്തിറങ്ങും. സഹോദരങ്ങളായ ഇസ്‌മുവിന്റെയും തോമസിന്റെയും അപൂർവ സ്‌നേഹബന്ധത്തിന്റെ കഥയാണ്‌ തിരികെ.  നവാഗതരായ ജോർജ്‌ കോരയും സാം സേവ്യറും സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ തിരികെ.

ശാന്തികൃഷ്‌ണയും സരസ ബാലുശേരിയും ഗോപൻ മങ്ങാട്ടുമെല്ലാമഭിനയിച്ചിട്ടുണ്ട്‌. സഹതാപകഥയല്ല, സാധാരണമട്ടിലുള്ള വാണിജ്യസിനിമയാണിതെന്ന്‌ ‌ജോർജ്‌ പറയുന്നു.  കോവിഡ്‌കാലത്തിന്‌ മുമ്പായിരുന്നു ചിത്രീകരണം. സിനിമ എന്നും ആവേശമായിരുന്ന മകന്റെ സ്വപ്‌നം സാധിച്ച സന്തോഷത്തിലാണ്‌ രഞ്ജിനിയും കിഷോറും. തൃപ്പുണിത്തുറ സ്വദേശിയായ രഞ്ജിനിയും തൃശൂർക്കാരനായ കിഷോറും കോഴിക്കോട്ടേക്ക്‌ താമസം മാറ്റിയതെല്ലാം  മകനുവേണ്ടിയായിരുന്നു. കലിക്കറ്റ്‌ സർവകലാശാല സിഡിഎംആർപിയിൽ മ്യൂസിക് ‌തെറാപ്പിസ്‌റ്റാണ്‌ രഞ്ജിനി. കിഷോർ തിരൂർ എൽഐസിയിൽ ജീവനക്കാരൻ. ചേച്ചി  മാളവിക വർമ അമേരിക്കയിൽ ഭൗതികശാസ്‌ത്ര ഗവേഷകവിദ്യാർഥി.   തിയറ്ററില്ലാത്തതിനാൽ താൻ നായകനായ സിനിമകണ്ട്‌ ആളുകൾ കൈയടിക്കുന്നത്‌ കാണാനാകില്ലല്ലോ എന്ന കുഞ്ഞു സങ്കടംമാത്രം ഗോപിക്ക്‌ ബാക്കിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top