28 November Saturday

കാത്തിരിപ്പിനൊടുവിൽ ഭാഗ്യം, കാണാൻ അച്ഛനില്ലാത്ത വിഷമം മാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


അങ്കമാലി
ഒരുവർഷം ശബരിമല മാളികപ്പുറത്തെ പൂജാതി കർമങ്ങൾ ചെയ്യാനുള്ള നിയോഗം അങ്കമാലി- വേങ്ങൂർ സ്വദേശി നാൽപ്പത്തഞ്ചുകാരനായ എം എൻ റെജിൽകുമാർ എന്ന ജനാർദനൻ നമ്പൂതിരിക്ക്. ശനിയാഴ്ച നടന്ന നറുക്കെടുപ്പിലൂടെയാണ് റെജിൽകുമാറിനെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുത്തത്‌. മൈലക്കോട്ടത്ത് മനയിൽ നീലകണ്ഠൻ നമ്പൂതിരിയുടെയും ഗിരിജ അന്തർജനത്തിന്റെയും മകനാണ്. തനിക്ക്‌ ലഭിച്ച സൗഭാഗ്യം കാണാൻ അച്ഛനില്ലാതെ പോയതിന്റെ വേദനയിലാണ് ജനാർദനൻ നമ്പൂതിരി. നാലുദിവസം മുമ്പായിരുന്നു മരണം. ഏറെക്കാലത്തെ ആഗ്രഹമാണ് സാക്ഷാൽക്കരിച്ചത്. ഇത് അച്ഛന് സമർപ്പിക്കുന്നതായും റെജികുമാർ പറഞ്ഞു.

പതിനഞ്ച്‌ വർഷംമുമ്പ് കുടുംബക്ഷേത്രമായ വേങ്ങൂർ ദുർഗ ഭഗവതി ക്ഷേത്രത്തിൽനിന്നാണ്‌ പൂജാ  കർമങ്ങൾ ആരംഭിച്ചത്‌. നാലുവർഷം ശ്രീലങ്ക അയ്യപ്പക്ഷേത്രത്തിൽ പൂജ ചെയ്തു. കോയമ്പത്തൂർ ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുവായൂർ പാർത്ഥ സാരഥി ക്ഷേത്രം, തിരുനാവായ വൈരക്കോട്ട് ഭഗവതി ക്ഷേത്രം, കാലടി പുത്തൻകാവ് ക്ഷേത്രം, മാണിക്കമംഗലം ശിവക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പൂജ ചെയ്തിട്ടുണ്ട്. നിലവിൽ മാണിക്കമംഗലം പട്ടേശ്വരം ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തിയാണ്.

മുമ്പ്‌ ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് പട്ടികയിൽ മൂന്നുതവണയും മാളികപ്പുറത്തെ പട്ടികയിൽ നാലുതവണയും വന്നിരുന്നു.  കിടങ്ങൂർ സെന്റ്‌ ജോസഫ്സ് ഹൈസ്കൂൾ, ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജ്‌ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം  പ്രൈവറ്റായി ബിരുദം നേടി. കലാകാരനായും സാമൂഹ്യ പ്രവർത്തകനായും കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. ഭാര്യ: രജനി അന്തർജനം. മക്കൾ: ശബരിനാഥ്, ഗൗരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top