02 December Wednesday

യുഡിഎഫ്‌ പൊട്ടിത്തകരും ; രാഷ്‌ട്രീയ നിലനിൽപ്പില്ല ; ജോസ്‌ കെ മാണിയുടേത്‌ ജനാഭിലാഷവും വികസന നയവും തിരിച്ചറിഞ്ഞ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


തിരുവനന്തപുരം
യുഡിഎഫ്‌ ബന്ധം വിച്ഛേദിച്ച്‌ എൽഡിഎഫുമായി സഹകരിക്കാനുള്ള കേരള കോൺഗ്രസ്‌ മാണി വിഭാഗത്തിന്റെ തീരുമാനത്തെ സിപിഐ എം സെക്രട്ടറിയറ്റ്‌ സ്വാഗതംചെയ്‌തു. രാഷ്‌ട്രീയമായും സംഘടനാപരമായും നിലനിൽപ്പില്ലാത്ത മുന്നണിയായി യുഡിഎഫ്‌ മാറിയെന്ന്‌  സെക്രട്ടറിയറ്റ്‌ യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അട്ടിമറിസമരം നടത്തുന്നവർക്കിടയിൽ ഇനിയും വിള്ളലുണ്ടാകും. കോൺഗ്രസിനെ കാത്തിരിക്കുന്നത്‌ പൊട്ടിത്തെറിയാണ്‌. എൽഡിഎഫ്‌ സർക്കാരിനെ പുറത്താക്കാൻ അപ്രഖ്യാപിത വിമോചനസമരത്തിൽ ഏർപ്പെട്ട പ്രതിപക്ഷത്തെ മൂന്നാമത്തെ പ്രധാന കക്ഷിയാണ്‌ വിട്ടുവന്നത്‌. ഇത്‌ യുഡിഎഫിന്റെ അടിത്തറ തകർക്കും. എൽഡിഎഫിന്റെ ബഹുജന സ്വാധീനം വിപുലീകരിക്കാനുള്ള സാധ്യതയാണ്‌ ഇത്‌. എൽഡിഎഫ് ‌തുടർഭരണമെന്ന ജനാഭിലാഷം ശക്തിപ്പെടുത്തുന്ന തീരുമാനമാണ്‌ ജോസ്‌ കെ മാണി എടുത്തത്‌. ഇക്കാര്യം എൽഡിഎഫ്‌ ചർച്ചചെയ്‌ത്‌ ഭാവിപരിപാടിക്ക്‌ രൂപം നൽകും.

എൽഡിഎഫുമായി സഹകരിക്കാൻ മാണിവിഭാഗം സ്വീകരിച്ച രാഷ്‌ട്രീയനിലപാട്‌ പ്രധാനമാണ്‌. ഇന്ത്യൻ രാഷ്‌ട്രീയത്തിലും കേരളരാഷ്‌ട്രീയത്തിലും വന്ന മാറ്റമാണ്‌ പ്രതിഫലിക്കുന്നത്‌. ആർഎസ്‌എസിന്റെ വെല്ലുവിളി ചെറുക്കാൻ  ശ്രമം നടത്താത്ത കോൺഗ്രസിന്‌ വർഗീയതയെ നേരിടാൻ കഴിയില്ലെന്ന്‌ അവർ തിരിച്ചറിഞ്ഞു. കോൺഗ്രസ്‌ പ്രകടനപത്രികയിൽ വാഗ്‌ദാനംചെയ്‌ത നിയമനിർമാണമാണ്‌ കാർഷികമേഖലയിൽ മോഡി സർക്കാർ നടപ്പാക്കിയത്‌.

കർഷകർക്ക്‌ ക്ഷേമനിധി ആദ്യമായി നടപ്പാക്കിയത്‌ കേരളത്തിലാണ്‌. നെൽക്കൃഷിക്കാർക്ക്‌ റോയൽറ്റി പ്രഖ്യാപിച്ചു. ഇതെല്ലാം കർഷകർക്കിടയിൽ ഉണ്ടാക്കിയ പ്രതികരണമാണ്‌ മാണിവിഭാഗത്തെ പുനർവിചിന്തനത്തിന്‌ പ്രേരിപ്പിച്ചത്‌. എൽഡിഎഫിന്റെ വികസന നയത്തിനുള്ള പിന്തുണയാണ്‌ മാണിവിഭാഗം നൽകിയത്‌. പ്രതിപക്ഷത്തിന്റെ സമരങ്ങൾക്കേറ്റ തിരിച്ചടികൂടിയാണിത്‌. ഘടകകക്ഷിയെപ്പോലും ഒപ്പംനിർത്താൻ കഴിയാതെ അത്യഗാധ പ്രതിസന്ധിയിലാണ്‌ യുഡിഎഫ്‌. 39 വർഷമായി പ്രവർത്തിക്കുന്ന മുന്നണിയിൽ തുടരാൻ ഒരു കക്ഷിക്ക്‌ എന്തുകൊണ്ട്‌ കഴിഞ്ഞില്ലെന്ന്‌ കോൺഗ്രസ്‌ ചിന്തിക്കണം. വിട്ടുപോകുന്ന കക്ഷികളെ  പിടിച്ചുനിർത്താനുള്ള കഴിവ്‌ നേരത്തേ കോൺഗ്രസ്‌ നേതൃത്വത്തിന്‌ ഉണ്ടായിരുന്നു. ഇപ്പോൾ ഹൈക്കമാൻഡിനുപോലും കഴിവ്‌ നഷ്ടപ്പെട്ടതിന്‌ തെളിവാണിതെന്നും കോടിയേരി പറഞ്ഞു.

കമ്യൂണിസ്റ്റ്‌ വിരുദ്ധമുന്നണിക്ക്‌ ഇനി പ്രസക്തിയില്ല: കോടിയേരി
ലോകത്ത്‌ വന്ന മാറ്റം കേരളത്തിൽ ഉണ്ടാകില്ലെന്ന്‌ പറയാനാകുമോ എന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരുകാലത്ത്‌ കടുത്ത കമ്യൂണിസ്‌റ്റ്‌ വിരുദ്ധ നിലപാട്‌ എടുത്തിരുന്ന വത്തിക്കാൻപോലും നിലപാട്‌ മാറ്റി. എല്ലാറ്റിനും പരിഹാരം മുതലാളിത്തമാണെന്ന ധാരണ തെറ്റാണെന്ന്‌ മാർപാപ്പതന്നെ പറഞ്ഞു.
കമ്യൂണിസ്‌റ്റ്‌ വിരുദ്ധമുന്നണിക്ക്‌ ഇനി കേരളത്തിൽ പ്രസക്തിയില്ല. 1957ലെ കമ്യൂണിസ്‌റ്റ്‌ സർക്കാരിനെ പുറത്താക്കാനാണ്‌ ഇത്തരം മുന്നണി ആദ്യമായി രൂപംകൊണ്ടത്‌.

അവർ 1960ൽ വലതുപക്ഷ ശക്തിയായി അധികാരത്തിലെത്തി. അത്‌ തകർന്നതോടെ 1967ൽ കോൺഗ്രസ്‌ ഒറ്റപ്പെട്ടു. പിന്നീട്‌ പലപ്പോഴും നടന്ന ഇത്തരം നീക്കങ്ങൾ  കേരളം പരാജയപ്പെടുത്തി. അക്കാലത്തെപ്പോലെ കമ്യൂണിസ്‌റ്റ്‌ വിരുദ്ധവികാരം ഉണ്ടാക്കാൻ ഇപ്പോൾ കഴിയില്ലെന്നും‌ കോടിയേരി പറഞ്ഞു.

സീറ്റിനെച്ചൊല്ലിയുള്ള ചർച്ച അനവസരത്തിൽ
 പാലാ സീറ്റിനെച്ചൊല്ലിയുള്ള ചർച്ച അനവസരത്തിലാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സീറ്റ്‌ വിഭജനം തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ചർച്ചചെയ്യേണ്ടതാണ്‌. മാണിവിഭാഗത്തെ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ അവർകൂടി ഉൾപ്പെടുന്ന മുന്നണിയാകും ചർച്ചചെയ്യുക.   മുന്നണിയിലേക്ക്‌ ചില കക്ഷികൾ വന്ന സാഹചര്യത്തിൽ സിപിഐ എം മത്സരിച്ച സീറ്റുകൾ ചിലത്‌ വിട്ടുകൊടുക്കേണ്ടിവരും.  ഇത്തരം പ്രശ്‌നങ്ങളും ചർച്ചചെയ്‌ത്‌ തീരുമാനിക്കാൻ കഴിവുള്ളതുകൊണ്ടാണ്‌ എൽഡിഎഫ്‌ നിലനിൽക്കുന്നത്‌. ഉപാധിയില്ലാതെയാണ്‌ രാഷ്‌ട്രീയനിലപാട്‌ സ്വീകരിച്ചതെന്ന്‌ ജോസ്‌ കെ മാണി വ്യക്തമാക്കിയിട്ടുണ്ട്‌. നിലപാട്‌ സ്വാഗതാർഹമെന്നാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്‌. എൻസിപി എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന്‌ വ്യക്തമാക്കി‌. മാണി സി കാപ്പനുമായി ചർച്ച നടത്തിയെന്ന്‌ യുഡിഎഫ്‌ കൺവീനർ പറഞ്ഞത്‌ പ്രതിപക്ഷനേതാവുതന്നെ നിഷേധിച്ചു‌‌വെന്നും  കോടിയേരി വ്യക്തമാക്കി.

പ്രശ്‌നക്കാർ ആരെന്ന്‌ ജോസ്‌ കെ മാണി പറഞ്ഞിട്ടുണ്ട്‌
കെ എം മാണിക്കെതിരെ ആരാണ്‌ പ്രശ്‌നം ഉണ്ടാക്കിയതെന്ന്‌ ജോസ്‌ കെ മാണിതന്നെ പറഞ്ഞിട്ടുണ്ടെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബാർ കോഴക്കേസ്‌ കോടതിയിൽ നിലനിൽക്കുന്നില്ല. പ്രതിയായ ആൾ ജീവിച്ചിരിക്കുന്നുമില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ്‌ ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരുന്നപ്പോഴാണ്‌ കേസെടുത്തത്‌. അവർ സ്വയം ചോദിക്കേണ്ടത്‌ തന്നോട്‌ ചോദിക്കേണ്ടെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

അതത്‌ സമയത്തെ രാഷ്‌ട്രീയസാഹചര്യങ്ങൾ പരിശോധിച്ചാണ്‌ തീരുമാനമെടുക്കുക‌. അഞ്ചുവർഷംമുമ്പുള്ള രാഷ്‌ട്രീയ സ്ഥിതിയല്ല ഇപ്പോൾ. മുമ്പുള്ളത്‌ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മുസ്ലിംലീഗിനെ ചത്ത കുതിരയെന്ന്‌ കോൺഗ്രസ്‌ വിശേഷിപ്പിച്ചിരുന്നു. തൊപ്പി ഊരിപ്പിച്ചാണ്‌ സി എച്ച്‌ മുഹമ്മദ്‌ കോയയെ സ്‌പീക്കറാക്കിയത്‌. എന്നിട്ടിപ്പോൾ കോൺഗ്രസും ലീഗും സഹകരിക്കുന്നില്ലേയെന്ന്‌ കോടിയേരി ചോദിച്ചു. ജനങ്ങളാണ്‌ വിധിയെഴുതുന്നത്‌. അവരിൽനിന്ന്‌ ഒന്നും ഒളിക്കേണ്ട കാര്യമില്ല. നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റ്‌ എൽഡിഎഫിന്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും‌ കോടിയേരി പറഞ്ഞു.

കണ്ടവരെല്ലാം പ്രതിയാണെങ്കിൽ പ്രതിപക്ഷനേതാവും പ്രതിയല്ലേ
സ്വപ്‌ന സുരേഷ്‌ കോൺസുലേറ്റ്‌ ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ്‌ മുഖ്യമന്ത്രിയെ കണ്ടതെന്നും അതിലെന്താണ്‌ തെറ്റെന്നും കോടിയേരി ബാലകൃഷ്ണൻ. സ്വപ്‌ന വന്നത്‌ കോൺസുലേറ്റ്‌ ജനറലിന്റെ കൂടയാണെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. കണ്ടവരെ‌ല്ലാം പ്രതിയാകുമെങ്കിൽ പ്രതിപക്ഷനേതാവും പ്രതിയാകണ്ടേയെന്നും ഇത്തരം ചോദ്യങ്ങളിൽ യുക്തിയെന്താണെന്നും കോടിയേരി മാധ്യമപ്രവർത്തകരോട്‌ ചോദിച്ചു.

കുടുംബാംഗങ്ങൾക്കെതിരെ പറഞ്ഞ്‌ തന്നെ തളർത്താനാണ്‌ നോക്കുന്നതെങ്കിൽ അത്‌ നടക്കില്ല. രാഷ്‌ട്രീയമായി വല്ലതുമുണ്ടങ്കിൽ ചോദിക്ക്‌. ഞാനതൊന്നും കണ്ട്‌‌ പേടിക്കില്ല. ഏത്‌ ഏജൻസിയും വരട്ടെ. അതൊക്കെ നേരിടാൻ തയ്യാറായിട്ടുതന്നെയതാണ്‌ നിൽക്കുന്നത്‌. നിങ്ങളുടെ പാർടിയുടെ നേതാക്കളുടെ വീട്ടിലും കുടുംബമുണ്ട്‌. അവരെക്കുറിച്ചൊക്കെ ഞങ്ങളും വിളിച്ചുപറഞ്ഞാൽ എന്താകും അവസ്ഥ–- ബിനീഷ്‌ കോടിയേരിക്കെതിരായ അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തോട്‌ കോടിയേരി പ്രതികരിച്ചു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top