20 November Wednesday

തൊഴിയൂർ സുനില്‍ വധം : 2 പേർകൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


തൃശൂർ/മലപ്പുറം
ആർഎസ്എസുകാരനായ തൊഴിയൂരിലെ സുനിൽകുമാർ വധക്കേസിൽ രണ്ടുപ്രതികൾകൂടി അറസ്റ്റിൽ. ജം ഇയ്യത്തുൾ ഇസ്ഹാനിയ പ്രവർത്തകരായ മലപ്പുറം ചെമ്പ്രശേരി പൊതുവകത്ത്  ഉസ്മാൻ (51), തൃശൂർ വാടാനപ്പള്ളി  അഞ്ചങ്ങാടി  നാലകത്തൊടിയിൽ യൂസഫ് എന്ന യൂസഫലി (52) എന്നിവരെയാണ് മലപ്പുറത്ത്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രത്യേക അന്വേഷകസംഘതലവൻ ഡിവൈഎസ്‌‌പി കെ എ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലാണ്‌ ബുധനാഴ്ച പുലർച്ചെ ഇവരെ അറസ്റ്റ്ചെയ്തത്.

മലപ്പുറത്ത്‌ ആർഎസ്‌എസുകാരനായ മറ്റൊരാൾ കൊല്ലപ്പെട്ട കേസിലും ഇവർ പ്രതികളാണെന്ന്‌ ചോദ്യം ചെയ്യലിൽ പൊലീസിന്‌ വിവരം ലഭിച്ചു.ചാവക്കാട്‌ പാലയൂർ  കറുപ്പംവീട്ടിൽ മൊയ്നുദ്ദീൻ എന്ന മൊയ്തുവിനെ (49) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സിപിഐ എം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജീവപര്യന്തം ശിക്ഷിച്ച  കേസാണ് പുനരന്വേഷിച്ചത്.

മലപ്പുറം കൊളത്തൂരിൽനിന്നാണ് ഉസ്മാനെ പിടികൂടിയത്. സുനിൽ വധക്കേസിൽ പ്രതി കുറ്റം സമ്മതിച്ചു. 1992–-96 കാലത്ത്‌ പാലക്കാട്, മലപ്പുറം, മേഖലകളിലെ സിനിമാ തിയറ്ററുകൾ കത്തിക്കുക, കള്ള്ഷാപ്പുകൾ തകർക്കുക, നോമ്പ്കാലത്ത് തുറക്കുന്ന ഹോട്ടലുകൾ ആക്രമിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയിട്ടുണ്ട്. 1995ൽ വാടാനപ്പള്ളി രാജീവ് വധക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ഇയാൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിലിറങ്ങി.  ഗൾഫിലേക്ക് കടന്നെങ്കിലും 1997ൽ കോടതിയിൽ കീഴടങ്ങി.  രാജീവ് വധക്കേസിൽ പ്രതിയായ യൂസഫലിയും ഗൾഫിലേക്ക് കടന്നു. 2018ൽ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. പിന്നീട് ജാമ്യത്തിലിറങ്ങി. സുനിൽവധക്കേസിൽ അന്വേഷണം തന്നിലേക്ക് നീങ്ങുന്നതറിഞ്ഞതോടെ മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയവേയാണ് പിടിയിലായത്.

കേസിലെ ആറു പ്രതികളെക്കുടി പിടികൂടാനുണ്ട്.  1994 ഡിസംബർ നാലിനാണു ബിജെപി–-ആർഎസ്എസ് പ്രവർത്തകനായ സുനിൽകുമാറിനെ സംഘം വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയത്.


പ്രധാന വാർത്തകൾ
 Top