29 May Friday

തെരുവു കച്ചവടക്കാരും ജീവിച്ചോട്ടെ ; ശല്യമായി കാണരുതെന്ന് നഗരസഭയോട്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


കൊച്ചി
തെരുവുകച്ചവടക്കാരെ കൊച്ചി നഗരസഭ ശല്യമായി കാണരുതെന്ന് ഹൈക്കോടതി. പനമ്പിള്ളി  നഗറിലെ ഒഴിപ്പിക്കൽ നടപടികളെ ചോദ്യം ചെയ്ത് വണ്ടിക്കടയിൽ തെരുവുകച്ചവടം ചെയ്യുന്ന എ രവി, കെ ആർ രാജി അടക്കം 12പേർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ്‌ എ മുഹമ്മദ് മുഷ്താഖ് ഇക്കാര്യം പറഞ്ഞത്. പ്രദേശത്തുനിന്ന് തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കരുതെന്നും പുതുതായി കച്ചടവടം നടത്താൻ ആരെയും  അനുവദിക്കരുതെന്നും ഇടക്കാല ഉത്തരവും കോടതി ഇറക്കി. തെരുവുകച്ചവടക്കാരുടെ സർവേ നടത്തുന്നത് സംബന്ധിച്ച് അമിക്കസ് ക്യൂറിയെ നിയമിക്കുമെന്നും വ്യക്തമാക്കി. തെരുവുകച്ചവടത്തിന് നഗരസഭ കൃത്യമായ മാർഗനിർദേശങ്ങൾ കൊണ്ടുവരണമായിരുന്നുവെന്ന് കോടതി പറഞ്ഞു. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ തെരുവുകച്ചവടത്തെ ആധുനികവൽക്കരിക്കണം. പാർക്കിങ് നിയമലംഘനം, മലിനീകരണം തുടങ്ങിയവയെയും പ്രാദേശിക പ്രശ്നങ്ങളെയും നേരിടാൻ വിദേശങ്ങളിലെ പോലെ മുൻസിപ്പൽ പൊലീസിനെ നിയമിക്കാനാവൂമോയെന്ന് സർക്കാർ പരിശോധിക്കണം. തെരുവുകച്ചവടക്കാരോട് ആരും ശത്രുതയോടെ പെരുമാറരുത്. പാർശ്വവൽക്കരിക്കപ്പെട്ട ഈ വിഭാഗത്തെ സർക്കാരിന് അവഗണിക്കാനാവില്ല. കച്ചവടം ചെയ്യാനുള്ള മൗലികാവകാശം ഹനിക്കപ്പെടരുത്.   നഗരത്തിലെ ചില പ്രദേശങ്ങളിൽ തെരുവുകച്ചവടം പാടില്ലെന്ന് നഗരസഭ തീരുമാനിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കണം. നഗരസഭ പറയുന്നത് പോലെയാണെങ്കിൽ നഗരത്തിൽ ഒരിടത്തും തെരുവുവ്യാപാരം നടക്കില്ല. ടൗൺ വെൻഡിങ് കമ്മിറ്റി മുമ്പ് തയ്യാറാക്കിയ തെരുവുകച്ചവടക്കാരുടെ പട്ടിക നഗരസഭാ കൗൺസിൽ തള്ളിയോ എന്ന് അറിയിക്കണം. പ്രശ്നത്തിന് സമഗ്രമായ പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നു വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 31ലേക്ക് മാറ്റി.

കേന്ദ്രസർക്കാർ പാസാക്കിയ സ്ട്രീറ്റ് വെൻഡേഴ്സ് (പ്രൊട്ടക്ഷൻ ഓഫ് ലൈവ്‌ലി ഹുഡ് ആൻഡ്‌ റഗുലേഷൻ) ആക്ടും ചട്ടവും നടപ്പാക്കിയില്ലെങ്കിൽ നഗരസഭാ കൗൺസിൽ പിരിച്ചുവിടാൻ സർക്കാരിന് നിർദേശം നൽകുമെന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അവസാനമായി ടൗൺ വെൻഡിങ് കമ്മിറ്റി കൂടിയത് 2018 ഫെബ്രുവരിയിലാണെന്ന് നഗരസഭാ സെക്രട്ടറി ആർ എസ് അനു നൽകിയ സത്യവാങ്മൂലം പറയുന്നു. 2000 തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത് പ്രയാസമേറിയ ചുമതലയാണെന്നും സെക്രട്ടറി വിശദീകരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സംവിധാനമാണ് മുനിസിപ്പൽ പൊലീസ്. നഗരബജറ്റിലാണ് ഇവർക്കുള്ള വിഹിതം വകയിരുത്തുക. സാധാരണ പൊലീസിനേക്കാൾ അധികാരം കുറവായ ഇവർ മേയർക്കാണ് റിപ്പോർട്ട് നൽകുക. അമേരിക്ക, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, പോളണ്ട്, ഗ്രീസ് തുടങ്ങി മുപ്പത്തഞ്ചോളം രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.


പ്രധാന വാർത്തകൾ
 Top