29 May Friday

മരട്‌:18 കോടിയുടെ ആസ്‌തി കണ്ടുകെട്ടി ; പ്രതികൾ ഫയലുകൾ നശിപ്പിച്ചെന്ന്‌ വിജിലൻസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

സ്വന്തം ലേഖകൻ

മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ച കേസിൽ നിർമാതാക്കളുടെ ആസ്‌തികൾ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച്‌ നടപടിയാരംഭിച്ചു.  ആദ്യപടിയായി 18 കോടി  രൂപയുടെ ആസ്‌തി കണ്ടുകെട്ടി. നിർമാണക്കമ്പനികളുടെ ബാങ്ക്‌ അക്കൗണ്ടുകളും മരവിപ്പിച്ചു.

നിർമാതാക്കളുടെ വിദേശത്തും സ്വദേശത്തുമുള്ള വസ്‌തുവകകളുടെ വിവരം കൈമാറണമെന്നാവശ്യപ്പെട്ട്‌ റവന്യൂ, രജിസ്‌ട്രേഷൻ, ആദായ നികുതി വകുപ്പുകൾക്കും കമ്പനി രജിസ്‌ട്രാർക്കും ക്രൈംബ്രാഞ്ച്‌ കത്ത്‌ നൽകി. അനധികൃത നിർമാണത്തിന് ഉത്തരവാദികളായ നിർമാതാക്കൾ, പ്രൊമോട്ടർമാർ, വ്യക്തികൾ,  ഉദ്യോഗസ്ഥർ എന്നിവരിൽനിന്നും നഷ്ടപരിഹാരത്തുക തിരിച്ചു പിടിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ്‌ നടപടി. തുക ഫ്ലാറ്റ്‌ ഉടമകൾക്ക്‌ കൈമാറണമെന്നും സുപ്രീംകോടതിയുടെ ഉത്തരവുണ്ട്‌. നിർമാതാക്കളുടെ വസ്‌തുവിവരങ്ങൾ വില്ലേജ്‌ ഓഫീസുകളിൽനിന്നും കൈമാറാൻ ലാൻഡ്‌ റവന്യൂ കമീഷണറ!ടെ നിർദേശമുണ്ട്‌. മൂന്ന്‌ നിർമാണ കമ്പനികളിൽ രണ്ടെണ്ണം കമ്പനി നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌തതിനാൽ ഇവയുടെ ആസ്‌തികളെക്കുറിച്ച്‌ കമ്പനി രജിസ്‌ട്രാറിൽനിന്നാകും വിവരങ്ങൾ ലഭ്യമാക്കുക.

ഹോളി ഫെയ്‌ത്‌, ആൽഫ വെഞ്ചേഴ്‌സ്‌, ജെയ്‌ൻ കൺസ്‌ട്രക്‌ഷൻസ്‌ കമ്പനികളുടെ ആസ്‌തിവിവരം ലഭ്യമാകുന്ന മുറയ്‌ക്ക്‌ കോടതിയിൽ റിപ്പോർട്ട്‌ നൽകും. പരാതി ലഭിച്ചാൽ ഗോൾഡൻ കായലോരം നിർമാതാക്കൾക്കെതിരെയും നടപടിയുണ്ടാകും. കേസിൽ അറസ്‌റ്റിലായ ഹോളി ഫെയ്‌ത്‌ ബിൽഡേഴ്‌സ്‌ ഡയറക്ടർ സാനി ഫ്രാൻസിസ്‌, നിർമാണത്തിന്‌ അനുമതി നൽകിയ മരട്‌ പഞ്ചായത്ത്‌ മുൻ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌, ജൂനിയർ സൂപ്രണ്ടായിരുന്ന പി ഇ ജോസഫ്‌ എന്നിവരെ മൂന്നു ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു.

പ്രതികൾ ഫയലുകൾ നശിപ്പിച്ചെന്ന്‌ വിജിലൻസ്‌
തീരദേശ പരിപാലന നിയമത്തിന്റെ പരിധി പ്രദേശത്ത്‌ ഫ്ലാറ്റുണ്ടാക്കി വിൽക്കാൻ ബിൽഡറുമായി ഗൂഢാലോചന നടത്തിയ മരട്‌ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ വിവരങ്ങളടങ്ങിയ നോട്ട്‌ ഫയലുകൾ നശിപ്പിച്ചതായി വിജിലൻസ്‌.  അറസ്‌റ്റിലായ, എച്ച്‌2ഒ ഫ്ലാറ്റ്‌ നിർമിച്ച്‌ വിൽപ്പന നടത്തിയ ഹോളി ഫെയ്‌ത്ത്‌ ബിൽഡേഴ്‌സ്‌ ഡയറക്ടർ  സാനി ഫ്രാൻസിസ്‌, നിർമാണാനുമതി നൽകിയ മരട്‌ പഞ്ചായത്ത്‌ സെക്രട്ടറിയായിരുന്ന മുഹമ്മദ്‌ അഷറഫ്‌, ജൂനിയർ സൂപ്രണ്ടായിരുന്ന പി ഇ ജോസഫ്‌ എന്നിവർക്കെതിരെ മൂവാറ്റുപുഴ വിജിലൻസ്‌ കോടതിയിൽ സമർപ്പിച്ച റിമാൻഡ്‌ റിപ്പോർട്ടിലാണ്‌ ഇക്കാര്യങ്ങളുള്ളത്‌.  മൂവരെയും 19 വരെ കോടതി റിമാൻഡ്‌ ചെയ്‌തു.

എച്ച്‌ 2ഒ ഫ്ലാറ്റിന്റെ ഒന്നാം നിലയിലെ എ1 അപ്പാർട്ട്‌മെന്റ്‌ വാങ്ങിയ ടി എ ടോണി നൽകിയ കേസിലാണ്‌ കഴിഞ്ഞദിവസം മൂവരും അറസ്‌റ്റിലായത്‌. മരട്‌ പഞ്ചായത്തിൽ സെക്ഷൻ ക്ലർക്കായിരുന്ന ജയറാം നായിക്കിനെയും പ്രതി ചേർത്തിട്ടുണ്ടെങ്കിലും അറസ്‌റ്റുചെയ്‌തിട്ടില്ല. 19 നിലകളുള്ള എച്ച്‌2ഒ സമുച്ചയത്തിന്റെ നിർമാണത്തിന്‌ പെർമിറ്റ്‌ നൽകിയ പഞ്ചായത്ത്‌ ഫയൽ, ബന്ധപ്പെട്ട കത്തിടപാടുകളുടെ രേഖ, പഞ്ചായത്ത്‌ അധികൃതർ സമർപ്പിച്ച സത്യവാങ്മൂലം, ആർക്കിടെക്ട്‌ തയ്യാറാക്കിയ സൈറ്റ്‌ പ്ലാൻ, ഡ്രോയിങ് എന്നിവ മരട്‌ നഗരസഭാ ഓഫീസിൽനിന്ന്‌ പിടിച്ചെടുത്തതായി വിജിലൻസ്‌ പറഞ്ഞു. ബിൽഡിങ് ടാക്‌സ്‌ രജിസ്‌റ്റർ, സ്‌കെച്ച്‌ എന്നിവയും ലഭിച്ചു. സർവേ വകുപ്പിലെ സ്‌കെച്ച്‌ പരിശോധിച്ചു. ബിൽഡറുടെ ഇടപ്പള്ളി മാമംഗലത്തെ ഓഫീസ്‌ റെയ്‌ഡ്‌ ചെയ്‌ത്‌ രേഖകൾ പിടിച്ചു. ഇവ പരിശോധിച്ചതിൽനിന്ന്‌, തീരദേശ നിയമത്തിന്റെ പരിധിപ്രദേശത്ത്‌ ഫ്ലാറ്റ്‌ കെട്ടി വിൽക്കാൻ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ ബിൽഡറുമായി ചേർന്ന്‌ ഗൂഢാലോചന നടത്തിയെന്ന്‌  വ്യക്തമാണെന്നും വിജിലൻസ്‌ കോടതിയെ അറിയിച്ചു. നിലമാണെന്ന്‌ അറിഞ്ഞുകൊണ്ടു തന്നെയാണ്‌ ഫ്ലാറ്റ്‌ നിർമിക്കാൻ പെർമിറ്റ്‌  നൽകിയത്‌. അതിനായി ഫയലിൽ സൂക്ഷിക്കേണ്ട നോട്ട്‌ഫയലുകൾ കരുതിക്കുട്ടി നീക്കി. വസ്‌തുതകൾ മറച്ചുവച്ച്‌ അപ്പാർട്ട്‌മെന്റുകൾ വിറ്റു. എ1 അപ്പാർട്ട്‌മെന്റിനായി ഉടമയിൽനിന്ന്‌ 75 ലക്ഷം രൂപയാണ്‌ ബിൽഡർ കൈപ്പറ്റിയത്‌.


പ്രധാന വാർത്തകൾ
 Top