12 November Tuesday

കോൺഗ്രസിന‌് ഒന്നുകരയാൻ പോലുമാകാത്ത അവസ്ഥ: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


ബിജെപിയെ  ചെറുക്കാനുള്ള രാഷ്‌ട്രീയശക്തി കോൺഗ്രസിന് നഷ്‌ടമായെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ‌്ണൻ പറഞ്ഞു. അരൂരിൽ എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോൺഗ്രസ്‌ നേതാക്കളെ അഴിമതിക്കേസിൽ ജയിലിലിടുന്ന അവസ്ഥയാണ്‌. അതിനെതിരെ ഒന്നുകരയാൻ പോലും കഴിയാത്ത പാർടിയായി  കോൺഗ്രസ‌്. ആർഎസ‌്എസ‌് രാജ്യത്തിനുമേൽ കുതിരകയറുന്നു. രാജ്യത്തെ വിഭജിക്കാൻ ലക്ഷ്യമിട്ട‌് ബിജെപി സർക്കാർ അവതരിപ്പിച്ച ബില്ലുകൾക്ക‌് വോട്ടുചെയ‌്ത‌് പിന്തുണ നൽകുകയാണ‌് കോൺഗ്രസ‌്. അവർക്ക്‌ 52 എംപിമാരുണ്ടെങ്കിൽ 52 അഭിപ്രായമാണ‌്. കേരളത്തിലെ 19 യുഡിഎഫ‌് എംപിമാർക്കും ഏകാഭിപ്രായമില്ല. മതനിരപേക്ഷത ഇന്ത്യക്ക‌് ചേർന്നതല്ലെന്നും അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്നുമൊക്കയാണ് ശശി തരൂർ എംപിയുടെ അഭിപ്രായം– കോടിയേരി പറഞ്ഞു.

വട്ടിയൂർക്കാവിൽ വോട്ടു തേടുന്നത‌് എൻഎസ‌്എസിലെ കോൺഗ്രസുകാർ
വട്ടിയൂർക്കാവിൽ കോൺഗ്രസ‌് സ്ഥാനാർഥിക്ക‌് വോട്ടുതേടുന്നത‌് എൻഎസ‌്എസിലെ ചില കോൺഗ്രസ‌് നേതാക്കളാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. ഏതെങ്കിലും പാർടിക്ക‌് വോട്ടുചെയ്യണമെന്ന‌് എൻഎസ‌്എസ‌് ജനറൽ സെക്രട്ടറി പറഞ്ഞതായി അറിവില്ല. മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  മൂന്നു മുന്നണിക്കും അനുകൂലമായി വ്യാഖ്യാനിക്കാവുന്ന തരത്തിലാണ‌്  ശരിദൂര പ്രഖ്യാപനം.  സമുദായസംഘടനകൾക്ക‌് അവരുടെ അഭിപ്രായം പറയാൻ പൂർണ സ്വാതന്ത്ര്യമുണ്ട‌്. ന്യായമായ കാര്യങ്ങൾ ഞങ്ങൾ പരിഗണിക്കാറുമുണ്ട‌്.

ഞങ്ങളും അഭിപ്രായം പറയും. എന്നാൽ അഭിപ്രായങ്ങൾ  അടിച്ചേൽപ്പിക്കാൻ പാടില്ല. സമുദായ സംഘടനകൾ രാഷ‌്ട്രീയത്തിൽ നേരിട്ട‌് ഇടപെടുന്നത‌് ഉചിതമല്ല. 
 പ്രതിപക്ഷ നേതാവ‌് എല്ലാ ആഴ‌്ചയും ഗവർണറെ കാണാൻ പോകുന്നുണ്ട‌്. അതിൽ പുതുമയില്ല. ഇത്തരം തെരഞ്ഞെടുപ്പ‌്  സ‌്റ്റണ്ടുകൾ മുമ്പും ഇറക്കിയിട്ടുണ്ട‌്. സിപിഐ എമ്മിന്റെ കൊടിയും ചിഹ്നവും എന്താണെന്ന‌് എല്ലാവർക്കുമറിയാം.എൽഡിഎഫിനെ പിന്തുണയ‌്ക്കുന്ന  സംഘടനകൾ പ്രചാരണത്തിന‌് അവർക്കിഷ്ടപ്പെട്ട നിറങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും കോടിയേരി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top