12 November Tuesday
-അന്വേഷണ സംഘം യോഗം ചേർന്നു

പാലാരിവട്ടം അഴിമതി: തെളിവ്‌ ശേഖരണം വേഗത്തിലാക്കി വിജിലൻസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


പാലാരിവട്ടം പാലം അഴിമതികേസിൽ വിജിലൻസ്‌ പിടിച്ചെടുത്ത കരാറുകാരന്റെ  ലാപ്‌ടോപ്പ്‌ പരിശോധന    വേഗത്തിലാക്കണമെന്ന്‌ അഭ്യർഥിച്ച്‌  വിജിലൻസ്‌ സിഡാക്കിന്‌ കത്ത്‌ നൽകും.  കരാറുകാർ കമ്പനിയായ ആർഡിഎസ്‌ പ്രൊജക്ട്‌ എംഡി സുമിത്‌ ഗോയലിന്റെ സ്വകാര്യ ലാപ്‌ടോപ്പാണ്‌ പരിശോധനക്കയച്ചത്‌.   കേസിൽ ഒന്നാം പ്രതിയായ ഇയാൾ റിമാൻഡിലാണ്. പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഈ ലാപ്‌ടോപ്പിലുള്ളതായാണ്‌ പ്രാഥമിക വിവരം. പണം നൽകിയവരുടെ അടക്കം വിവരം ഇതിൽനിന്ന്‌ ലഭിക്കുമെന്നാണ്‌  കരുതുന്നത്‌. മൂവാറ്റുപുഴ വിജിലൻസ്‌ കോടതിയിൽ ഹാജരാക്കിയാണ്‌ ഹാർഡ്‌ ഡിസ്‌ക്‌ പരിശോധനക്ക്‌ നൽകിയത്‌.  അതിനിടെ, വിപുലീകരിച്ച അന്വേഷണ സംഘം ബുധനാഴ്‌ച കോട്ടയത്ത്‌ യോഗം ചേർന്ന്‌ അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചു. 

വിജിലൻസ്‌ അന്വേഷണ സംഘം രണ്ട്‌ഡിവൈഎസ്‌പിമാരെയും ഇൻസ്‌പെക്ടർമാരെയും ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം വിപുലീകരിച്ചിരുന്നു. ഈ ഉദ്യോഗസ്ഥർ പങ്കെടുത്ത ആദ്യയോഗമാണ്‌  അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കുന്ന കിഴക്കൻ മേഖല എസ്‌പി വി ജി വിനോദ്‌ കുമാറിന്റെ സാന്നിധ്യത്തിൽ   ബുധനാഴ്‌ച കോട്ടയത്ത്‌ ചേർന്നത്‌. ഡിവൈഎസ്‌പിമാർക്ക്‌ ചുമതല വിഭജിച്ച്‌ നൽകി. സെക്രട്ടറിയറ്റ്‌ കേന്ദ്രീകരിച്ച്‌ കൂടുതൽ അന്വേഷണത്തിനായി ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ടീമിനെ നിയോഗിച്ചു.


പ്രധാന വാർത്തകൾ
 Top