12 December Thursday

ഓൺലൈന്‍ തട്ടിപ്പ്‌ : ഇരകൾക്കുമേല്‍ ബാധ്യത ചുമത്താന്‍ ബാങ്കിനാവില്ല: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


കൊച്ചി
ഓൺലൈൻ തട്ടിപ്പിലൂടെ ഓവർ ഡ്രാഫ്റ്റ്  സൗകര്യമുള്ള വായ്‌പാ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ട ഇടപാടുകാരനുമേൽ ബാധ്യത ചുമത്താൻ ബാങ്കുകൾക്ക്‌ അവകാശമില്ലെന്ന് ഹൈക്കോടതി. തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ട ഇടപാടുകാരിൽനിന്ന്‌ ബാധ്യത ഈടാക്കരുതെന്ന റിസർവ് ബാങ്ക്‌ സർക്കുലർ ഇത്തരം അക്കൗണ്ടുകൾക്കും ബാധകമാണെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് വിശദമാക്കി.

എറണാകുളം കടവന്ത്ര ടോണി എന്റർപ്രൈസസ് ഉടമ ടോണി ഡേവിസ്, ടോണി ലൈറ്റ്സ് എന്ന സ്ഥാപനത്തിന്റെ പാർട്ണർ സഞ്ജയ് ഡേവിസ് ടോണി, അയ്യപ്പൻകാവിലെ മൈൻഡ് സ്ട്രോങ്‌ എച്ച് ആർ സൊല്യൂഷൻസ് മാനേജിങ്‌ പാർട്ണർ ചെറിയാൻ സി കരിപ്പറമ്പിൽ എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. ടോണി ഗ്രൂപ്പിന് ഓറിയന്റൽ ബാങ്കിലെ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടിൽനിന്ന് 16.25 ലക്ഷം രൂപയും ചെറിയാൻ സി കരിപ്പറമ്പിലിന്റെ എച്ച്ഡിഎഫ്സി ബാങ്ക്‌ കറന്റ് അക്കൗണ്ട്, സൗത്ത് ഇന്ത്യൻ ബാങ്കിലെ ഓവർഡ്രാഫ്റ്റ് സൗകര്യമുള്ള അക്കൗണ്ട് എന്നിവയിൽനിന്നായി 23 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.

2017 ഏപ്രിൽ, ജൂൺ മാസങ്ങളിലായിരുന്നു തട്ടിപ്പ്‌. ഹർജിക്കാരുടെ ഓൺലൈൻ ബാങ്കിങ്‌ പാസ്‌വേഡ് ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ തട്ടിപ്പുകാർ ചോർത്തി. ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളുടെ ഡ്യൂപ്ലിക്കേറ്റ്‌ സിം കാർഡുകളും സംഘടിപ്പിച്ചു. ഈ സിംകാർഡുകൾ ഉപയോഗിച്ച്, ഓൺലൈൻ പണമിടപാട്
നടത്താനുള്ള ഒടിപി കൈവശപ്പെടുത്തി പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടത്തിയതെന്ന്‌ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

രഹസ്യവിവരങ്ങൾ ചോർന്നത് ഹർജിക്കാരുടെ വീഴ്ചയാണെന്ന്  ബാങ്ക് അധികൃതർ വാദിച്ചു. ബാങ്കിന് ലഭിക്കാനുള്ള തുക സർഫാസി നിയമപ്രകാരം ഇടപാടുകാരുടെ അക്കൗണ്ടുകളിൽനിന്ന് ഈടാക്കാമെന്നും വിശദീകരിച്ചു. എന്നാൽ, തട്ടിപ്പു നടന്നെന്ന് അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിൽ തർക്കമുള്ള ഇടപാടുകളുടെ പരിധിയിൽ ഇതു വരുമെന്നും റിസർവ് ബാങ്ക് സർക്കുലർ പ്രകാരം ഇടപാടുകാർക്ക് ബാധ്യത ചുമത്താനാവാത്ത കേസാണിതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിക്കാരുടെ അക്കൗണ്ടുകളിൽനിന്ന് ഇതിനകം പണം ഈടാക്കിയെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചു നൽകാനും  ബാങ്കിന് നിർദേശം നൽകി.


പ്രധാന വാർത്തകൾ
 Top