13 November Wednesday

പെട്രോൾ പമ്പുടമയുടെ കൊലപാതകം : 3 പേർ അറസ്‌റ്റിൽ; കൊല പണം ലക്ഷ്യമിട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


കയ്‌പമംഗലം
പെട്രോൾ പമ്പുടമ കയ്‌പമംഗലം കോഴിപറമ്പിൽ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന്‌ പേർ അറസ്റ്റിലായി. കയ്‌പമംഗലം സ്വദേശികളായ ചളിങ്ങാട് കല്ലിപറമ്പിൽ അനസ് (20), വഴിയമ്പലം കുറ്റിക്കാടൻ  സ്റ്റിയോ (20),  കുന്നത്ത് വീട്ടിൽ അൻസാർ (21 ) എന്നിവരെയാണ് തൃശൂർ റൂറൽ എസ്‌പി  കെ പി വിജയകുമാരൻ, ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വർഗീസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള  പ്രത്യേക അന്വേഷകസംഘം അറസ്റ്റുചെയ്തത്.

പണത്തിനായാണ്‌ കൊലപാതകമെന്ന്‌ വ്യക്തമായതായി പൊലീസ്‌ പറഞ്ഞു.  പ്രതികളെ ഉടൻ പിടികൂടാനായത് പൊലീസിന്റെ അന്വേഷണമികവായി. ചൊവ്വാഴ്ച പുലർച്ചെ കയ്‌പമംഗലത്തുള്ള തന്റെ പെട്രോൾപമ്പിൽ നിന്ന് വീട്ടിലേക്ക് കാറിൽ പോകുമ്പോഴാണ് ബൈക്കിലെത്തിയ അക്രമിസംഘം മനോഹരനെ തട്ടിക്കൊണ്ടുപോയത്‌.  ഹൈവേയിൽനിന്ന് ഇടവഴിയിലൂടെ പോകുമ്പോൾ അക്രമികൾ മനോഹരന്റെ കാറിന് പുറകിൽ ബൈക്ക് ഇടിപ്പിച്ചു. ഉടൻ ഒന്നാംപ്രതി അനസ് ബൈക്കിൽനിന്ന്  നിലത്ത് വീണ് പരിക്കേറ്റപോലെ  അഭിനയിച്ചു. കാറിൽ നിന്ന് ഇറങ്ങിയ മനോഹരൻ അടുത്തെത്തിയപ്പോൾ ചാടിയെഴുന്നേറ്റ അനസും സ്റ്റിയോയും അൻസാറും കൂടി മനോഹരന്റെ വായ പൊത്തിപ്പിടിച്ച്‌ കൈകൾ പുറകിലേക്ക് ടേപ്പ് ചുറ്റി ബന്ധിപ്പിച്ച്‌ കാറിലേക്ക് തള്ളിയിട്ടതായി പൊലീസ്‌ പറഞ്ഞു.

എന്നാൽ അക്രമിസംഘം കരുതിയതുപോലെ  മനോഹരൻ പമ്പിൽനിന്ന് പണം എടുത്തിരുന്നില്ല. പദ്ധതി പാളിയതോടെ  മനോഹരനെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. തുടർന്ന് പറവൂർ, കളമശേരി, ചാലക്കുടി, ചാവക്കാട് മേഖലയിൽ കറങ്ങിയശേഷം ഗുരുവായൂരിനടുത്ത് ഒരു പഴയകെട്ടിടത്തിന് സമീപം മൃതദേഹം ഉപേക്ഷിച്ചു. മമ്മിയൂരിൽ നിന്ന് കാറുമായി കടന്ന പ്രതികൾ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ കാർ നിർത്തിയിട്ടു. കാർ പൊളിച്ച് വിൽക്കുന്ന സംഘത്തിന് നൽകി ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ പിടിയിലായത്‌. അങ്ങാടിപ്പുറത്തുനിന്ന്  മനോഹരന്റെ സിയസ് കാറും പൊലീസ്  കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മനോഹരൻ 35 വർഷത്തോളം ഗൾഫിലായിരുന്നു.  നാട്ടിലെത്തിയ ശേഷമാണ്‌ പെട്രോൾ പമ്പ് തുടങ്ങിയത്‌. കഴിഞ്ഞവർഷത്തെ പ്രളയത്തിന് പമ്പിലെ ഇന്ധനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നൽകിയിരുന്നു. സംസ്‌കാരചടങ്ങിന്‌ നിരവധി പേരെത്തി.


പ്രധാന വാർത്തകൾ
 Top