12 December Thursday

എംജി: സിൻഡിക്കറ്റിന്റേത്‌ നയപരമായ തീരുമാനം ; പരിഗണിച്ചത്‌ സാമൂഹ്യനീതി തുല്യത

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


കോട്ടയം
മോഡറേഷനുമായി ബന്ധപ്പെട്ട് സിൻഡിക്കറ്റ് എടുത്തത്‌ നയപരമായ തീരുമാനമാണെന്നും പ്രത്യേക സാഹചര്യത്തിൽ പരിഗണിച്ചത്‌  വിദ്യാർഥികൾക്ക്‌ ലഭിക്കേണ്ട സാമൂഹ്യനീതി തുല്യതയാണെന്നും എംജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു വിഷയത്തിനുമാത്രം പരാജയപ്പെട്ട ബിടെക്‌ വിദ്യാർഥികളുടെ ഭാവിയെ കരുതിയാണ്‌ നിലപാട്‌ സ്വീകരിച്ചത്‌. ഇതിൽ മന്ത്രിക്കോ മറ്റുള്ളവർക്കോ പങ്കില്ല. പരീക്ഷനടത്തിപ്പും ഫലപ്രഖ്യാപനവും മോഡറേഷൻ നൽകുന്നതിനുള്ള അധികാരങ്ങളും സർവകലാശാലാ നിയമങ്ങൾ പ്രകാരം സിൻഡിക്കറ്റിൽ നിക്ഷിപ്‌തമാണ്‌.

മുമ്പും പല സർവകലാശാലകളിലും ഇത്‌ ചെയ്‌തിട്ടുണ്ട്‌.  വ്യക്തിപരിഗണനയോ നിക്ഷിപ്‌ത താൽപര്യമോ ഇല്ലാതെയാണ്‌ തീരുമാനം എടുത്തത്‌. ബിടെക് കോഴ്‌സ് എ പി ജെ അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയിലേക്ക് പൂർണമായി മാറിയതിനാൽ സപ്ലിമെന്ററി വിദ്യാർഥികൾ മാത്രമാണ്‌ എംജി സർവകലാശാലയിൽ അവശേഷിക്കുന്നത്‌. ഒരു മാർക്കിന്റെ കുറവുമൂലം ഒരു വിഷയത്തിനു മാത്രം ജയിക്കാനാകാതെ, കോഴ്‌സ് പൂർത്തീകരിക്കാനാവാത്ത സാഹചര്യം പരിഗണിച്ചാണ്‌ സ്‌പെഷ്യൽ മോഡറേഷൻ വിഷയം അക്കാദമിക് കൗൺസിലിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചത്‌. 125 വിദ്യാർഥികൾക്ക്‌ ആനുകൂല്യം നൽകാനുള്ള നടപടികൾ പൂർത്തിയായി. 80 പേരുടെ അപേക്ഷ പരിഗണനയിലുമാണ്‌.

മോഡറേഷൻ നൽകണമെന്നാവശ്യപ്പെട്ട്‌ വിദ്യാർഥി സംഘടനകൾ സർവകലാശാലയിലേക്ക്‌ 2016 ആഗസ്‌ത്‌ 16ന്‌ പ്രതിഷേധമാർച്ച്‌ നടത്തിയിരുന്നു. ഒരു വിഷയത്തിനുമാത്രം തോറ്റതിനാൽ ബിടെക് പൂർത്തീകരിക്കാനാകാത്ത വിദ്യാർഥിനി മോഡറേഷനുവേണ്ടി ഫെബ്രുവരി 22ന് സർവകലാശാലയിൽ നടന്ന ഫയൽ അദാലത്തിൽ അപേക്ഷ നൽകിയിരുന്നു. 2019 ഏപ്രിൽ 30ന് കൂടിയ സിൻഡിക്കറ്റാണ്‌ പരമാവധി അഞ്ചു മാർക്ക് വരെ നൽകാൻ തീരുമാനിച്ചത്‌. ബിഎസ്‌സി നേഴ്‌സിങ്‌ വിദ്യാർഥികളും മോഡറേഷൻ പ്രശ്‌നം നേരിടുന്നുണ്ട്‌. ആരോഗ്യ സർവകലാശാലയിലേക്ക്‌ കോഴ്‌സുകൾ മാറി. ദയാഅപേക്ഷാ അവസരവും കഴിഞ്ഞ സാഹചര്യത്തിൽ അഞ്ച്‌ മാർക്ക്‌ മോഡറേഷൻ നൽകാൻ തീരുമാനിച്ചു. ഇതിന്‌ നേഴ്‌സിങ്‌ കൗൺസിലിന്റെ അംഗീകാരം വേണം.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ പങ്കെടുത്ത്‌ നാല്‌തവണ അദാലത്ത്‌ നടത്തിയിട്ടുണ്ട്‌. പ്രത്യേക സാഹചര്യങ്ങളിലോ സർടിഫിക്കറ്റുകളും മറ്റും ലഭിക്കാൻ താമസം നേരിടുമ്പോഴോ ആണ്‌ അദാലത്ത്‌ നടത്തുക. 2019 ഫെബ്രുവരി 22ന്‌  ഉന്നതവിദ്യാഭ്യാസ മന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് അദാലത്ത് ഉദ്ഘാടനംചെയ്തത്. മന്ത്രി അദാലത്തിൽ നേരിട്ട് പങ്കെടുത്തില്ല. മോഡറേഷനിൽ  മറ്റ് ഇടപെടലുകളുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വിസി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top