27 September Sunday

കത്തിച്ചവരെ നിങ്ങൾക്കും ശമ്പളം കിട്ടും; പലിശ സഹിതം ; ജീവനക്കാരോട്‌ വാക്കുപാലിച്ച്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


സ്വന്തം ലേഖകൻ
നാട്‌ മഹാമാരിയുടെ പ്രതിസന്ധിക്കു മുന്നിൽ വിറങ്ങലിച്ചുനിൽക്കുമ്പോൾ പ്രതിപക്ഷവും അവരെ പിന്തുണയ്‌ക്കുന്ന ചില ജീവനക്കാരുടെ സംഘടനകളും നടത്തിയ കുപ്രചാരണങ്ങൾക്ക്‌ ചെകിടടച്ച മറുപടിയാണ്‌ നീക്കിവച്ച ശമ്പളം പിഎഫിൽ ലയിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം. ജനങ്ങൾ സ്വമേധയാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകുന്ന ഘട്ടത്തിൽ ശമ്പളം താൽക്കാലികമായി നീക്കിവയ്‌ക്കാനുള്ള തീരുമാനം അംഗീകരിക്കാതെ ഉത്തരവ്‌ കത്തിച്ചവർക്കും കോടതിയിൽ പോയവർക്കും ഇപ്പോൾ മിണ്ടാട്ടമില്ല.

കോവിഡ്‌ കാലത്ത്‌ ജീവനക്കാരിൽനിന്ന്‌ പിടിച്ച തുക മടക്കിനൽകുന്ന ഏക സംസ്ഥാനമാണ്‌ കേരളം. കേന്ദ്രസർക്കാർ അടുത്തവർഷം ജൂലൈവരെ ക്ഷാമബത്ത മരവിപ്പിച്ചു. ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും പിടിച്ചു. മിക്കവാറും സംസ്ഥാനങ്ങളും ദിവസങ്ങൾ മുതൽ മാസങ്ങൾ വരെയുള്ള ശമ്പളം വിവിധരൂപത്തിൽ വെട്ടിക്കുറച്ചു. ഇതൊന്നും മടക്കിനൽകുമെന്ന്‌ പറഞ്ഞിട്ടുപോലുമില്ല. എന്നാൽ, കേരളം മാത്രമാണ്‌ ആറുദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക്‌ മാറ്റിവയ്‌ക്കാൻ നിർദേശിക്കുമ്പോൾ നൽകിയ ഉറപ്പുപാലിച്ചത്‌.

ലോക്ഡൗണിനെ തുടർന്ന് 20,000 കോടി രൂപയുടെ പാക്കേജാണ്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്‌. ഇതിൽ മാസശമ്പളത്തിൽ ആറു ദിവസത്തെ തുക വീതം അഞ്ചു മാസത്തേക്ക്‌ മാറ്റിവയ്ക്കാനാണ്‌ സർക്കാർ ജീവനക്കാരോട്‌ അഭ്യർഥിച്ചത്‌. നീക്കിവച്ച തുക പിന്നീട്‌ ജീവനക്കാർക്ക്‌ തിരികെ നൽകുമെന്നും അത്‌ വിതരണം ചെയ്യുന്നത് എപ്രകാരമാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. അതാണ്‌ അക്ഷരാർഥത്തിൽ ഇപ്പോൾ പാലിച്ചിരിക്കുന്നത്‌. ശമ്പളം മാറ്റിവയ്ക്കൽ ആറുമാസത്തേക്കുകൂടി തുടരാൻ സർക്കാർ നിർബന്ധിതമായതിനും കൃത്യമായ ന്യായീകരണമുണ്ട്‌. സാമൂഹ്യസുരക്ഷാ പെൻഷൻ വർധിപ്പിച്ചതും സൗജന്യ ഭക്ഷണക്കിറ്റ്‌ വിതരണവും ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതയ്‌ക്കൊപ്പം ജിഎസ്ടിയുടെ അനിശ്ചിതാവസ്ഥയും പ്രതിസന്ധിയായി. ജീവനക്കാരുടെ സംഘടനകളുമായി ചർച്ചചെയ്‌ത്‌ ജനാധിപത്യപരമായാണ്‌ ഈ തീരുമാനം സർക്കാർ പ്രാബല്യത്തിലാക്കുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top