27 May Wednesday

സര്‍വോപരി പാലാക്കാരന്‍; സ്‌നേഹം ഏറ്റുവാങ്ങി മാണി സി കാപ്പന്റെ പ്രചരണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

പാലാ > ഓണമധുരം നാവില്‍നിന്നു മായുംമുമ്പേ വിജയമധുരം നുണയാനുറപ്പിച്ചാണ് കൊഴുവനാല്‍ മനക്കുന്ന് നിവാസികള്‍ പ്രചാരണത്തില്‍ എല്‍ഡിഎഫിനൊപ്പം അണിനിരക്കുന്നത്. സ്വീകരണപര്യടനത്തിനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് വിജയാശംസക്കൊപ്പം മനക്കുന്നുകാര്‍ വിളമ്പിയത് സ്‌നേഹത്തിന്റെ മധുരവും സൗഹൃദത്തിന്റെ ചൂടുമുള്ള അടപ്രഥമന്‍. ഫലമറിഞ്ഞു വരുമ്പോള്‍ ഇതിലും രുചികരമായ പായസമൊരുക്കുമെന്ന ഉറപ്പും നാട്ടുകാര്‍ സ്ഥാനാര്‍ഥിക്ക് നല്‍കി.   മനക്കുന്നില്‍ മാത്രമല്ല, പര്യടനം കടന്നുചെല്ലുന്ന സ്ഥലങ്ങളിലെല്ലാം മധുരം പങ്കിട്ടും വിശേഷങ്ങള്‍ പങ്കുവച്ചും തങ്ങളിലൊരാളായാണ് മാണി സി കാപ്പനെ വോട്ടര്‍മാര്‍ വരവേല്‍ക്കുന്നത്.

രാവിലെ തെളിഞ്ഞ വെയിലിലും ഉച്ചമുതല്‍ ഇടവിട്ട് വിരുന്നെത്തിയ മഴയിലും പ്രചാരണാവേശം ചോരാതെ നിരവധി പേര്‍ സ്വീകരണകേന്ദ്രങ്ങളില്‍ കാത്തുനിന്നു. ചെണ്ടമേളവും ബാന്‍ഡ് വാദ്യവും സ്വീകരണങ്ങള്‍ക്ക് കൊഴുപ്പേകി.  കൊഴുവനാല്‍, മുത്തോലി പഞ്ചായത്തുകളിലും പാലാ നഗരസഭയിലുമായിരുന്നു പര്യടനം.   രാവിലെ ചേര്‍പ്പുങ്കല്‍ പള്ളിക്കവലയില്‍ ജോര്‍ജ് തോമസ് എംഎല്‍എ പര്യടനം ഉദ്ഘാടനം ചെയ്തു.  എല്‍ഡിഎഫ് നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, ബാബു കെ ജോര്‍ജ്, പി എം ജോസഫ്, ടി ആര്‍ മധുസൂദനന്‍, സണ്ണി ഡേവിഡ്, സിബി തോട്ടുപുറം  എന്നിവര്‍ സംസാരിച്ചു. 

ഓരോ പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ നിരത്തി അവയ്ക്ക് പരിഹാരം കാണുമെന്ന ഉറപ്പുനല്‍കുന്ന സ്ഥാനാര്‍ഥിയുടെ ചെറുപ്രസംഗം വോട്ടര്‍മാര്‍ കൈയടികളോടെ വരവേറ്റു. കൊഴുവനാല്‍ പഞ്ചായത്തിലെ അറയ്ക്കല്‍കോളനി, പന്നിയാമറ്റം, മേവിട കവല തുടങ്ങിയ ഇടങ്ങളിലെല്ലാം ഉജ്വല സ്വീകരണമാണ് മാണി സി കാപ്പനു ലഭിച്ചത്. ആയില്യംകുന്ന് കോളനിയില്‍ സ്ത്രീകളും യുവാക്കളുമുള്‍പ്പെടെ നൂറുകണക്കിനുപേര്‍ സ്ഥാനാര്‍ഥിയെ ഷാളണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും വരവേറ്റു. തെക്കേമുത്തോലിയില്‍ ആരംഭിച്ച മുത്തോലി പഞ്ചായത്തിലെ പര്യടനം മുത്തോലിക്കവലയില്‍ എത്തിയപ്പോള്‍ എന്‍സിപി ബ്ലോക്ക് സെക്രട്ടറി സന്തോഷ് തോപ്പിലിന്റെ നേതൃത്വത്തില്‍  തെരഞ്ഞെടുപ്പ് അടയാളമായ ക്ലോക്കിന്റെ രൂപത്തില്‍ കേക്ക് തയ്യാറാക്കി. മാണി സി കാപ്പന്‍ കേക്കുമുറിച്ച് സിപിഐ എം ഏരിയ സെക്രട്ടറി പി എം ജോസഫിനു സമ്മാനിച്ചു. തൊഴിലാളിയായ കെ സി ബിജു  പാളത്തൊപ്പിയണിഞ്ഞെത്തി  സ്ഥാനാര്‍ഥിക്ക് അമ്പും വില്ലും സമ്മാനിച്ചു. ആക്കക്കുന്ന് ജങ്ഷനില്‍ കനത്തമഴയിലും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനെത്തി.

കുമ്പാനി, കടപ്പാടൂര്‍, പടിഞ്ഞാറ്റിന്‍കര, പാളയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പര്യടനം നടത്തിയ ശേഷം പാലാ മുനിസിപ്പാലിറ്റിയിലെ പര്യടനം ഊരാശാലയില്‍ ആരംഭിച്ചു. കുളങ്ങര, വെള്ളാപ്പാട്, തെക്കേക്കര, ചെത്തിമറ്റം, കൊച്ചിടപ്പാടി, കവീക്കുന്ന്, മുണ്ടാങ്കല്‍ എന്നിവിടങ്ങളിലെല്ലാം പര്യടനം നടത്തിയശേഷം വെള്ളഞ്ചൂരില്‍ സമാപിച്ചു. സമാപനസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനംചെയ്തു.


പ്രധാന വാർത്തകൾ
 Top