24 October Thursday

പാലാരിവട്ടം മേൽപ്പാലം അഴിമതി : ആയുസ്സ്‌ വിഴുങ്ങിയ ആർത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


സ്വന്തം ലേഖകൻ
കൊച്ചി
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്റെ മറവിൽ നടന്നത്‌ ‘ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും’ എന്ന ചൊല്ല ്‌ അന്വർഥമാക്കിയ അഴിമതിയുടെ കൊടുക്കൽ വാങ്ങൽ.  നാലു പ്രധാന കരാറുകാരെ ഭരണനേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന്‌ ആസൂത്രിതമായി ഒഴിവാക്കിയാണ്‌ ആർഡിഎസ്‌ പ്രോജക്‌ട്‌സിന്‌ കരാർ നൽകിയത്‌. പിന്നാലെ പൊതുഖജനാവിന്‌ നഷ്‌ടമുണ്ടാക്കിയ വിചിത്ര വ്യവസ്ഥകളോടെ  അനധികൃതമായി കരാറുകാരന്‌ മുൻകൂർ പണം അനുവദിച്ചു. ആ പണം എത്തേണ്ടിടത്ത്‌ എത്തിയതിന്‌ പ്രതിഫലമായി കരാറുകാരന്റെ തന്നിഷ്‌ടത്തിന്‌ പാലം നിർമിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും കണ്ണടച്ചു.  അങ്ങനെ പാലാരിവട്ടം മേൽപ്പാലം പൂർത്തിയായി.

പാലം നിർമാണത്തിന്‌ മുൻകൂർ പണം അനുവദിക്കില്ലെന്ന്‌ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌ മറ്റു കരാറുകാരോട്‌ പറഞ്ഞതായി പാലാരിവട്ടം മേൽപ്പാലം നിർമാണാഴിമതി അന്വേഷിക്കുന്ന വിജിലൻസ്‌ കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു. കേസിലെ ഒന്നാംപ്രതിയും കരാർ കമ്പനിയുമായ ആർഡിഎസ്‌ പ്രോജക്ട്‌സിന്‌ മൊബിലൈസേഷൻ അഡ്വാൻസ്‌ അനുവദിച്ച്‌ 2014 ജൂലൈ 15ന്‌ സർക്കാർ ഉത്തരവിറക്കി. തുടർന്നാണ്‌ രണ്ടാംപ്രതിസ്ഥാനത്തുള്ള ആർബിഡിസികെ 8.25 കോടി രൂപ ആർഡിഎസിന്‌ മൊബിലൈസേഷൻ അഡ്വാൻസ്‌ നൽകുന്നത്‌.

അഡ്വാൻസ്‌ തിരിച്ചുപിടിക്കുന്നതിൽ കാണിച്ച സൗജന്യം ദുരൂഹമാണ്‌. കരാറുകാരൻ സമർപ്പിക്കുന്ന ബില്ലിൽനിന്ന്‌ ഏഴ്‌ ശതമാനം പലിശയോടെ 30 ശതമാനം തുകവീതം തിരിച്ചുപിടിച്ചാൽ മതിയെന്നാണ്‌ സർക്കാർ ഉത്തരവ്‌. ആർബിഡിസികെ തിരിച്ചുപിടിച്ചതാകട്ടെ 10 ശതമാനം തുകവീതവും. സാമ്പത്തിക ബാധ്യതയോ മറ്റു പരാധീനതകളോ ഇല്ലാത്ത ആർഡിഎസിന്‌ മൊബിലൈസേഷൻ അഡ്വാൻസ്‌ അനുവദിച്ചത്‌ എന്തിനെന്ന ചോദ്യത്തിന്‌ ഉദ്യോഗസ്ഥർക്ക്‌ മറുപടിയില്ല. പാലാരിവട്ടം നിർമാണകരാർ എടുക്കുമ്പോൾ രാജ്യത്ത്‌ ആയിരം കോടിയിലേറെ രൂപയുടെ നിർമാണജോലികൾ ഏറ്റെടുത്തുനടത്തിയിരുന്നതായി ആർഡിഎസ്‌ എംഡി സുമിത്‌ ഗോയൽതന്നെ വിജിലൻസ്‌ കോടതിയിൽ പറഞ്ഞിരുന്നു.  കരാറെടുക്കാൻ കമ്പനി സമർപ്പിച്ച അപേക്ഷയിൽ പിശകുണ്ടായിട്ടും കൺസൾട്ടന്റായ കിറ്റ്‌കോ ഉദ്യോഗസ്ഥരും നിർവഹണ ഏജൻസിയായ ആർബിഡിസികെയും ആർഡിഎസിനായി പ്രത്യേക താൽപ്പര്യമെടുത്തെന്നും വിജിലൻസ്‌ കണ്ടെത്തി.

പാലം രൂപകൽപ്പനയിലും നിർമാണത്തിലും കരാറുകാരന്‌ പൂർണസ്വാതന്ത്ര്യം കിട്ടിയിരുന്നു. അവർ ഏർപ്പാടാക്കിയ ബംഗളൂരു കമ്പനി പാലം ഡിസൈൻ ചെയ്‌തത്‌ പരിശോധിക്കാൻപോലും കിറ്റ്‌കോ തയ്യാറായില്ല. നിർമാണഘട്ടങ്ങളിലൊന്നും പരിശോധനയോ മേൽനോട്ടമോ ഉണ്ടായില്ല. കരാറുകാരൻ സമർപ്പിച്ച ബില്ലുകൾക്ക്‌ അപ്പപ്പോൾ പണം നൽകി. ഭരണനേതൃത്വത്തെയും കരാറുകാരനെയും ബന്ധിപ്പിച്ച്‌ ഉന്നത ഉദ്യോഗസ്ഥർ തീർത്ത അഴിമതിയുടെ മേൽപ്പാലത്തിലൂടെ ഒഴുകിയ കോടികൾക്കൊപ്പം ഒലിച്ചുപോയത്‌ നൂറുവർഷം നിലനിൽക്കേണ്ട പാലത്തിന്റെ ആയുസ്സും.


പ്രധാന വാർത്തകൾ
 Top