22 October Tuesday

നെടുമ്പാശേരി വിമാനത്താവളം : മദ്യവിൽപ്പനയിൽ ക്രമക്കേട്; അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


നെടുമ്പാശേരി
നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യവിൽപ്പനയിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് കമീഷണറുടെ ഉത്തരവിനെ തുടർന്നാണ് തീരുമാനം. വിമാനത്താവളത്തിൽ മദ്യവിൽപ്പന സംബന്ധിച്ച്
പരിശോധന കർശനമാക്കിയതിനിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രമക്കേട് കണ്ടെത്തിയത്.

വിദേശത്തുനിന്ന്‌ എത്തുന്ന യാത്രക്കാരന് പാസ്പോർട്ട്, യാത്രാ രേഖകൾ എന്നിവ കംപ്യൂട്ടറിൽ ചേർത്ത ശേഷം രണ്ടുലിറ്റർ വിദേശ മദ്യമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന്‌ വാങ്ങാൻ അനുമതിയുള്ളത്. ചൊവ്വാഴ്ച ഗൾഫിൽനിന്ന്‌ എത്തിയ രണ്ട് യാത്രക്കാരിൽനിന്ന്‌ അനുവദിച്ചതിൽ കൂടുതൽ മദ്യം കണ്ടെത്തിയിരുന്നു. ഓരോരുത്തരുടെയും കൈവശം ആറും, ഏഴും ലിറ്റർ മദ്യം വീതമാണ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ കൊച്ചിയിൽ വന്നിറങ്ങിയ ശേഷം ഡ്യൂട്ടി  ഫ്രീ ഷോപ്പിൽനിന്ന്‌ വാങ്ങിയതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇതോടെ ഒരാഴ്ചത്തെ മദ്യവിൽപ്പനയുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ഡ്യൂട്ടി പെയ്ഡ് അധികൃതരോട് ആവശ്യപ്പെട്ടു. ഈ പരിശോധനയിൽ അനുവദിച്ച അളവിലും കൂടുതൽ മദ്യം വിൽക്കുന്നതായി ബോധ്യപ്പെട്ടു. തുടർന്ന് ഒരുമാസത്തെ കണക്ക്‌ പരിശോധിച്ചതിലും ക്രമക്കേട് കണ്ടതിനെത്തുടർന്ന് ഒരു വർഷത്തെ മദ്യവിൽപ്പനയുടെ കണക്കുകൾ നിലവിൽ പരിശോധന നടത്തുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

ഒരു യാത്രക്കാരന്റെ പാസ്‌പോർട്ടിൽ തന്നെ വിവിധ വിമാന നമ്പറും സമയവും രേഖപെടുത്തി മദ്യം നൽകിയതായും കസ്റ്റംസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സെർവർ തകരാറിലാകുമ്പോഴാണ് ഇത്തരത്തിൽ മദ്യം വാങ്ങിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അടുത്തിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സമാനമായ സംഭവത്തിൽ 6.5 കോടിയുടെ വെട്ടിപ്പ് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസൻസ് കസ്റ്റംസ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
ഒരു വർഷത്തിനിടെ തട്ടിപ്പ് നടത്താനായി 13,000 യാത്രക്കാരുടെ പാസ്പോർട്ട് രേഖകൾ ദുരുപയോഗം ചെയ്തതായാണ് കസ്റ്റംസ് കണ്ടെത്തിയത്. ഈ കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.


പ്രധാന വാർത്തകൾ
 Top