10 August Monday

'ചുരം കയറിവരുന്നതെല്ലാം സ്‌നേഹത്തിന്റെ ആശ്വാസവണ്ടികള്‍'; തിരുവനന്തപുരം മേയര്‍ക്ക് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

പ്രളയദുരിതബാധിതരെ സഹായിക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി കെ പ്രശാന്തിന് നന്ദി അറിയിച്ച് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്. ഉരുള്‍പൊട്ടി വന്‍ ദുരന്തം ഉണ്ടായ പുത്തുമല ഉള്‍പ്പെടുന്ന പഞ്ചായത്താണ് മേപ്പാടി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദ് ഫേസ്‌ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രിയ്യപ്പെട്ട തിരുവനന്തപുരം മേയര്‍ക്ക് വടക്കുനിന്ന് ഒരു പഞ്ചായത്ത് പ്രസിഡന്റ് എഴുതുന്നത്.
---

പ്രിയ്യപ്പെട്ട മേയര്‍,
താങ്കള്‍ക്കവിടെ തിരക്കുകളാണല്ലോ.ചുരം കയറിവരുന്ന വാഹനങ്ങളെല്ലാം ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്‌നേഹത്തിന്റെ ആശ്വാസവണ്ടികളാണു.അവിടെനിന്ന് വരുന്ന വാര്‍ത്തകള്‍ ഇടക്ക് കാണുന്നുണ്ട്.
ഒരുമിച്ച് നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ എന്ത് ആഹ്ലാദമാണല്ലേ.

വ്യാഴാഴ്ച മുതല്‍ ഞങ്ങള്‍ക്ക് ഉറക്കമില്ല.എം എല്‍ എ ശശിയേട്ടനും ഇവിടെയുള്ള എല്ലാവരും തണുപ്പില്‍ നിന്ന് ഒന്ന് നിവര്‍ന്ന് നിന്നിട്ടില്ല ഇതുവരെ.കാണാതായവര്‍,എല്ലാം ഇല്ലാതായവര്‍,മരണത്തിന്റെ പെരുവെള്ളപ്പാച്ചിലിലേക്ക് ഒഴുകിപ്പോയവര്‍,ഏത് അവസ്ഥയിലൂടെയാണു തങ്ങള്‍ കടന്നുപോകുന്നത് എന്നുപോലുമറിയാത്ത തോട്ടം തൊഴിലാളികള്‍ ആദിവാസികള്‍ കര്‍ഷകര്‍.തെരച്ചില്‍ നടക്കുമ്പോള്‍
എന്റെ ഏട്ടന്‍ അവിടുണ്ടെടാ എന്റെ ഭാര്യ അവിടുണ്ട് എന്റെ കുഞ്ഞിനെ കണ്ടോ എന്നെല്ലാം ചോദിക്കുന്ന ഉറ്റവര്‍.ഇനിയുള്ള ഈ ജീവിതത്തെ എത്രയോ മാറ്റിമറിച്ചിരിക്കുന്നു തീവ്രമായ ഈ അനുഭവങ്ങള്‍.
പ്രസ്ഥാനത്തിന്റെ കരുത്തിലും അത് നല്‍കിയ ആത്മ ധൈര്യത്തിലും മാത്രമാണു മുന്നോട്ട് പോവുന്നത്.
കരയാന്‍ വയ്യ,ഒട്ടേറെപ്പേര്‍ക്ക് കരുത്തുപകരേണ്ടതുണ്ട്.
സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ വാര്‍ഡ് മെമ്പര്‍ ചന്ദ്രേട്ടന്‍ മുതല്‍ വിവിധ രാഷ്ട്രീയ സംഘടനകളുടേയും സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തകര്‍ മുതല്‍ പേരുകള്‍ പറഞ്ഞുതുടങ്ങുകയാണെങ്കില്‍ അവസാനിക്കില്ല.സഖാക്കളും സുഹൃത്തുക്കളും ഈ ജനതയും
എല്ലാം ഒപ്പമുണ്ട്.ആദ്യം ഇവിടെയെത്തുമ്പോള്‍ കണ്ട ആ അവസ്ഥയില്‍ നിന്ന് എല്ലാം മാറിയിരിക്കുന്നു.
വേദനകള്‍ക്കിടയിലും എല്ലാം മറന്ന് ഇവിടെ പൊരുതുവാന്‍ ശീലിക്കുകയാണു ഞങ്ങള്‍.സഹായങ്ങള്‍ എത്തുന്നുണ്ട്.ഒരു പരിചയം പോലുമില്ലാത്തവര്‍ വിളിക്കുന്നുണ്ട്.ഇടക്ക് വാക്കുകളില്ലാതെ നന്ദി പോലും പറയാനാവാതെ ഫോണ്‍ വെക്കുകയാണു ചെയ്യാറു.പുത്തുമലയുടെ താഴ്വാരത്തെ ആ ജീവിതങ്ങള്‍ ജീവിതത്തെ,ഭാവിയെ ആശങ്കയോടെ നോക്കുകയാണു.എത്രയെത്രപേരെ നമ്മള്‍ കൈപിടിച്ചുകൊണ്ടുവരണമെന്നോ.

ഒപ്പം നില്‍ക്കുന്നവരാണു കരുത്ത്.

ഉറ്റവരെ കാണാതായിട്ട് ദിവസങ്ങളായെങ്കിലും രക്ഷാപ്രവര്‍ത്തനത്തില്‍ അന്നുമുതല്‍ പങ്കെടുക്കുന്ന
ഗൗരിങ്കന്‍,മുഹമ്മദ് കുട്ടി എന്നിവര്‍ മുതല്‍ പേരുപോലുമറിയാത്തവര്‍ ഇവിടെയുണ്ട്.എവിടെനിന്നൊക്കെയോ വന്നിരിക്കുകയാണു അവര്‍.വാടകക്ക് താമസിക്കുന്ന ബത്തേരിയില്‍ ഉള്ള സുജിത് എന്നൊരാള്‍ ഇന്നലെ മേപ്പാടി ക്യാമ്പിലെത്തിയിരുന്നു സ്വന്തമായി ബത്തേരിയിലുള്ള ആറുസെന്റ് ഭൂമി പുനരധിവാസത്തിനു വിട്ടുനല്‍കാന്‍ അനുമതി നല്‍കണമെന്ന് പറഞ്ഞ് അവിടെ കാത്തുനില്‍ക്കുകയായിരുന്നു.അങ്ങനെ ചെറുതും വലുതുമായ സഹായങ്ങളുമായെത്തും ഒട്ടേറെ വലിയ മനുഷ്യര്‍ക്കിടയിലാണിപ്പോള്‍.ഫയര്‍ ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ഫോറസ്റ്റുകാരുമെല്ലാം അവരുടെ കഥകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഈ ലോകത്തെക്കുറിച്ച് സ്‌നേഹത്തിന്റെ പ്രതീക്ഷയുടെ ഈ ദിവസങ്ങളെക്കുറിച്ച് എന്തുപറയണമെന്ന് പോലും എനിക്കറിയില്ല.മേഖലയിലേക്ക് ദുരന്തമറിഞ്ഞെത്തിയ ആ രാത്രി വഴികളെല്ലാം ഇടിഞ്ഞുപോയിട്ടും കിലോമീറ്ററുകള്‍ വനത്തിലൂടെ നടന്നാണു
സൗത്ത് വയനാട് ഡി എഫ് ഒ യും സോഷ്യല്‍ ഫോറസ്ട്രി ഡി എഫ് ഒ യും മണി അടക്കമുള്ള വാച്ചര്‍ മാരും മറ്റുള്ളവരും ഇവിടെത്തിയത്.അങ്ങനെ എത്ര പേര്‍.എത്രയോ അനുഭവങ്ങളിലൂടെയാണു ഈ നാട്ടുകാര്‍ കടന്നുപോവുന്നത്.
വിടപറഞ്ഞവരുടെ വേദന ഇവിടെല്ലാം തിങ്ങിനില്‍ക്കുകയാണു.
നമ്മുക്ക് തിരിച്ചുവരണം.

മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒപ്പമുണ്ടായിരുന്നു.
വ്യക്തിപരമായി തിരിച്ചറിഞ്ഞ മനുഷ്യനന്മകളുടെ ഉദാഹരണങ്ങളില്‍ പലതും ഉദ്യോഗസ്ഥരില്‍ നിന്നുമായിരുന്നു.
എത്രയോ പേര്‍.

ശശിയേട്ടന്‍ എം എല്‍ എ
പ്രിയ്യപ്പെട്ട സഖാവ്.,ആ രാത്രി പുത്തുമലയിലേക്ക് കിലോമീറ്ററുകള്‍ കാടും മലയും കയറി എത്തിയതുമുതല്‍ ഞങ്ങള്‍ക്കിടയില്‍ കാണുകയാണു അദ്ദേഹത്തെ.ഭക്ഷണം പോലും കഴിക്കാന്‍ പലപ്പോഴും സാധിച്ചിട്ടില്ല അദ്ദേഹത്തിനു.
എന്തു പറഞ്ഞാലും വൈകാരികമായിപ്പോവും.

ചന്ദ്രേട്ടന്‍,പുത്തുമലയിലെ വാര്‍ഡ് മെമ്പറാണു.അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഇല്ലെങ്കില്‍,ആലോചിക്കാന്‍ വയ്യ.ആളുകളെ അന്ന് രാവിലെ മുതല്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ ഓടിനടന്നതുമുതല്‍ ഇന്ന് വരെ ചന്ദ്രേട്ടന്‍ ഒന്നിരുന്നിട്ടില്ല.

സബ് കളക്ടര്‍ ഉമേഷ് സര്‍.എന്തുപറയണമെന്നറിയില്ല.
ഈ നാടിന്റെ ഹൃദയത്തില്‍ നിങ്ങള്‍ എപ്പോഴുമുണ്ടാവും.
എല്ലാം ഏകോപിപ്പിച്ച് കളക്ടര്‍ അജയകുമാര്‍ സര്‍.

വീടുകള്‍ വാഗ്ദാനം ചെയ്ത വ്യക്തികള്‍ സംഘടനകള്‍ ഇനിയുമെഴുതാനുണ്ട്.വഴിയേ പറയാം എല്ലാം.പണികള്‍ ബാക്കികിടക്കുകയാണു.

മേയര്‍,നിങ്ങളെ വിളിച്ച് പറയാന്‍ വെച്ചിരുന്ന നന്ദിയെല്ലാം ഇവിടെ പറയുകയാണു.ഇവിടേക്ക് സഹായങ്ങളെത്തിക്കുന്ന എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുക.എല്ലാ ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം ഞങ്ങള്‍ക്ക് ആശ്വാസങ്ങളെത്തുന്നുണ്ട്.

മുഖ്യമന്ത്രി ഇവിടെയെത്തി നല്‍കിയ ആ വാക്കുകളില്‍
ആശ്വാസത്തിന്റെ സാന്ത്വനത്തിന്റെ കരുതലില്‍ ഞങ്ങള്‍ പ്രതീക്ഷകളും സ്വപ്നങ്ങളും പകരുന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ട് പോവുകയാണു.

ആദ്യ ദിവസങ്ങളില്‍ അല്‍പം ആശങ്കകളുണ്ടായിരുന്നു.
സഹായങ്ങള്‍ എത്തുന്നത് സംബന്ധിച്ചായിരുന്നു.ചുരങ്ങളില്‍ ഇടക്കിടെയുള്ള തടസ്സങ്ങള്‍ അത് വര്‍ദ്ധിപ്പിച്ചു.ഇപ്പോള്‍ അതെല്ലാം മാറിയിട്ടുണ്ട്. പ്രിയ്യപ്പെട്ട വളരെ പ്രിയ്യപ്പെട്ട മേയര്‍ ബ്രോ. അവിടുള്ള എന്റെ പ്രിയ്യപ്പെട്ടവരേ, നന്ദിപറയുന്നതിനെല്ലാം ഇക്കാലത്ത് എന്ത് പ്രാധാന്യമാണുള്ളതെന്ന് അറിയില്ല.ആരോടെല്ലാം പറയേണ്ടി വരും.

എല്ലാ മനുഷ്യരോടും സ്‌നേഹം തോനുന്നു.
അത്രയേ പറയാനാകുന്നുള്ളൂ.

നിങ്ങളെല്ലാം ഒരിക്കല്‍ വരൂ,
ഈ നാടിനെ എല്ലാവരുടെയും
സഹായത്തോടെ നമ്മുക്ക് വീണ്ടെടുക്കേണ്ടതുണ്ട്.
കൂടുതല്‍ മനോഹരമായ പുത്തുമലയിലേക്ക്.
കൂടുതല്‍ മനോഹരമായ മേപ്പാടിയിലേക്ക്
ഒരിക്കല്‍ നിങ്ങള്‍ വരൂ.

ആവോളം സ്‌നേഹത്തിന്റെ മലനിരകള്‍ നിങ്ങളെ കാത്തിരിക്കും.

വയനാടിനുവേണ്ടി.
മേപ്പാടിക്കുവേണ്ടി,

നന്ദി,
അളവറ്റ സ്‌നേഹം.
പരസ്പരം മനസ്സിലാകുന്ന സ്‌നേഹത്തിന്റെ ഭാഷ കൂടുതല്‍ പ്രകാശിക്കട്ടെ.
മനുഷ്യര്‍ അതെ എത്ര സുന്ദരമായ പദം.

കെ കെ സഹദ്.
പ്രസിഡന്റ്
മേപ്പാടി ഗ്രാമപഞ്ചായത്ത്.
വയനാട്. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top