18 September Wednesday

'എന്നെയല്ല, പാര്‍ടിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനായിരുന്നു ശ്രമം; വാര്‍ത്ത നല്‍കുമ്പോള്‍ സത്യം അന്വേഷിക്കണ്ടേ'; ഓമനക്കുട്ടന്‍ പറയുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

ആലപ്പുഴ > തന്റെ സത്യസന്ധത തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പാര്‍ടി സ്വീകരിച്ചത് ശരിയായ നടപടികള്‍ തന്നെയായിരുന്നുവെന്നും സിപിഐ എം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്‍. താന്‍ സിപിഐ എമ്മുകാരനായതിനാലാണ് വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നത്. ജനങ്ങളോടൊപ്പം നില്‍ക്കുക്ക പാര്‍ടിയാണ് സിപിഐ എം. ഇത് ഓമനക്കുട്ടന്‍ എന്ന വ്യക്തിക്കെതിരെയുള്ള ആക്ഷേപമല്ല, സിപി ഐ എം എന്ന രാഷ്ട്രീയപ്രസ്ഥാനത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ലക്ഷ്യമിട്ടതെന്നും ഓമനക്കുട്ടന്‍ പ്രതികരിച്ചു.

ആക്ഷേപം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി തനിക്കെതിരെ എടുത്ത നടപടി താന്‍ സ്വീകരിക്കുന്നു. അതേപോലെ, താന്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തി സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കാനുള്ള തീരുമാനത്തെയും സ്വീകരിക്കുന്നു. പാര്‍ട്ടി കറക്ടായ ലെവലിലൂടെയാണ് പോയത്. ഇങ്ങനെ ഒരു ആക്ഷേപം വന്നാല്‍ ഉടന്‍ നടപടി സ്വീകരിക്കുന്ന വേറെ ഏത് രാഷ്ട്രീയ പ്രസ്ഥാനമുണ്ടെന്ന് ഓമനക്കുട്ടന്‍ ചോദിച്ചു.

'എന്റെ സത്യസന്ധത സര്‍ക്കാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജനങ്ങളും അംഗീകരിക്കുന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ നടപടികള്‍. ഈ ദുരിതാശ്വാസ ക്യാമ്പിലെ ഒരു അന്തേവാസിയാണ് ഞാന്‍. എന്റെ കുടുംബവും ക്യാമ്പിലുണ്ട്. ഇവരുടെ ഇടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരാളാണ് താന്‍. എന്റെ കൂടെ ഉള്ളവരാരും ആക്ഷേപം ഉന്നയിച്ചിട്ടില്ല. ഞാന്‍ സുതാര്യനായ വ്യക്തിയാണ്. ഓപ്പണായാണ് എല്ലാം ചെയ്തത്. സത്യാവസ്ഥ അന്വേഷിക്കാതെയാണ് പല മാധ്യമങ്ങളും വാര്‍ത്ത ചെയ്തത്, പ്രത്യേകിച്ച് ഏഷ്യാനെറ്റ്. സംഭവത്തിനുശേഷം മന്ത്രി ജി സുധാകരന്‍ വിളിച്ചിരുന്നു. പാര്‍ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകുമെന്നും അതില്‍ തളരരുതെന്നും ക്യാമ്പിലുള്ളവരോടൊപ്പം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് ആദ്യം ഇത്തരത്തില്‍ നുണ പ്രചരിപ്പിച്ചത്. പിന്നീട് സത്യാവസ്ഥ അന്വേഷിക്കാതെ മാധ്യമങ്ങളും. വസ്തുത അന്വേഷിച്ചിട്ടേ വാര്‍ത്തകള്‍ കൊടുക്കാവൂ എന്നാണ് എനിക്ക് മാധ്യമങ്ങളോട് പറയാനുള്ളത്.'- ഓമനക്കുട്ടന്‍ പറഞ്ഞു.

ചേര്‍ത്തലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ പാചകവാതകം എത്തിച്ചതിന് ഓട്ടോയ്ക്ക് കൊടുക്കാന്‍ ഓമനക്കുട്ടന്‍ 70 രൂപ പിരിച്ച നടപടിയാണ് വന്‍ വാര്‍ത്തയായത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ കളക്ടര്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഓമനക്കുട്ടനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്ത നടപടി സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി പിന്‍വലിക്കുകയും ചെയ്തു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top