25 August Sunday

തോറ്റെങ്കിലെന്താ! ‌ ബ്രഡും പൊറോട്ടയും നോട്ടൗട്ട‌്

സന്തോഷ‌് ബാബുUpdated: Wednesday Jul 17, 2019

കൊച്ചി
ലോകകപ്പ് വേളയിലെ മൽസരങ്ങൾക്കിടെ  ഇന്ത്യയിലുടനീളം ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം ഓർഡർ ചെയ്തത് ബ്രഡാണെന്ന‌് ഊബർ  ഈറ്റ്സ്. തൊട്ടുപുറകിൽ നിൽക്കുന്നത് ഐസ്ക്രീമാണെന്നും  അവരുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്കാർ കാത്തിരുന്ന, പാകിസ്ഥാനെതിരായ മൽസരത്തിനിടെ ഏറ്റവും കൂടുതൽ ഓർഡർ ചീസ് ബർഗറുകൾക്കായിരുന്നു. ഏറ്റവും കൂടുതൽ ഓർഡറുകളാകട്ടെ ചെന്നൈയിൽനിന്നും. ബംഗളൂരുവും പുണെയും തൊട്ടടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്നു.

ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ സെമി ഫൈനൽ മത്സരം നടന്ന  ഓൾഡ് ട്രാഫോർഡിൽ മഴ കളിച്ചപ്പോൾ ഇവിടെ ബർഗർ ഓർഡറുകളുടെ മഴയായിരുന്നു. പുതുതലമുറയുടെ ഇഷ്ടഭക്ഷണമായ പിസയാണ് ആ ദിവസം രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.

ലോകകപ്പ് വേളയിൽ കൊച്ചിക്ക് ഏറ്റവും  ഇഷ്ടപ്പെട്ട ഭക്ഷണം പൊറോട്ടയായിരുന്നുവെന്നും മെയ് 30നും ജൂലൈ 11നുമിടയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്കാർ അവരുടെ ദേശീയ ടീമിന്റെ മൽസരം ആസ്വദിക്കുന്നതിനൊപ്പം മേശപ്പുറത്ത് ഇഷ്ടപ്പെട്ട ഭക്ഷണം എത്തിക്കുന്നതിൽ മാത്രമാണ് ശ്രദ്ധിച്ചതെന്നും ഊബർ ഈറ്റ്സ് പറയുന്നു.

  ഊബറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യൻ ടീമിന്റെ ആരാധകർ ഇന്ത്യയുടെ വിജയം ആഘോഷിച്ചത് ഡെസേർട്ടുകളുമായാണ്. ഐസ്‌ക്രീമുകളാണ് ഇതിൽ ഏറ്റവും മുന്നിലെത്തിയത്. കേക്കും ഗുലാബ് ജാമും അടുത്ത സ്ഥാനങ്ങളിലെത്തി.

ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്കിടയിൽ ഡൽഹി, ജയ്പൂർ, കൊൽക്കത്ത, ഇൻഡോർ, പുണെ, ലക്നൗ തുടങ്ങിയ ന​ഗരങ്ങൾ ബ്രഡ് കൂടുതലായി ആവശ്യപ്പെട്ടപ്പോൾ  ബം​ഗളൂരുവിന് ദോശയും അഹമ്മദാബാദിന് പിസയും, മുംബൈക്ക‌് ഐസ്ക്രീമുമായിരുന്നു ഊബറിൽ കൂടുതൽ പ്രിയം. ചെന്നൈക്ക‌് ഏറ്റവും പ്രിയം പിസയും ഷെവർമയും ഇ‌ഡ‌്‌ലിയുമായിരുന്നു.

മത്സരദിവസം ഇൻഡോറിൽ നിന്നാണ് ഊബറിന് ഏറ്റവും വലിയ ഓർഡർ ലഭിച്ചത്, പനീർ ബിരിയാണി, സ്പെഷ്യൽ ചിക്കൻ ബിരിയാണി എന്നിവ ഉൾപ്പെടുന്ന 233 ഡിഷുകൾ. അതേസമയം ഏറ്റവും ചെറിയ ഓർഡർ കിട്ടിയിരിക്കുന്നതും ഇൻഡോറിൽനിന്ന് തന്നെയാണ്, 13 രൂപയുടെ തവ റൊട്ടി. ചെന്നൈയിൽനിന്നുള്ള, ദാഹം മാറ്റാനുള്ള ഒരു കുപ്പി വെള്ളത്തിന്റെ ഓർഡറാണ് തൊട്ടടുത്ത് വന്നതെന്നും ഊബർ ഈറ്റ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top