07 December Saturday

‘ഉത്തരക്കടലാസി’ലെ ചോദ്യം ; വിശദ പരിശോധനയിൽ കാണാത്ത ഉത്തരക്കടലാസ‌് പിന്നീട‌് എങ്ങനെയെത്തി

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2019

തിരുവനന്തപുരം> സംഘർഷത്തെ തുടർന്നുള്ള സംഭവവികാസങ്ങളുടെ മറവിൽ ഒരുപറ്റം മാധ്യമങ്ങളുടെ പിന്തുണയോടെ യൂണിവേഴ‌്സിറ്റി കോളേജിനെതിരെയുള്ള  ആസൂത്രിതനീക്കത്തിൽ ദുരൂഹത. കോളേജ‌് യൂണിയൻ ഓഫീസിൽ നടന്ന വിശദപരിശോധനയിൽ കാണാത്ത ഉത്തരക്കടലാസ‌് പിന്നീട‌് പ്രത്യക്ഷപ്പെട്ടത‌് സംശയമുയർത്തുന്നു.  കോളേജ‌് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ കെ കെ സുമ പൊലീസിന്റെ സാന്നിധ്യത്തിലാണ‌് തിങ്കളാഴ‌്ച പകൽ ഒന്നരവരെ യൂണിയൻ ഓഫീസ‌് പരിശോധിച്ചത‌്. ഇതിൽ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ, മൂന്നോടെ യൂണിയൻ ഓഫീസിൽനിന്ന‌് ഉത്തരക്കടലാസുകൾ കണ്ടെടുത്തതായി ചാനലിൽ വാർത്ത വന്നു. താൻ പോകുന്നത‌ുവരെ അവിടെ ഇല്ലാതിരുന്ന ഉത്തരക്കടലാസ‌് പിന്നീട‌് എങ്ങനെ വന്നുവെന്നത‌് ദുരൂഹമാണെന്നും ഇത‌് അന്വേഷിക്കണമെന്നും കെ കെ സുമ സർക്കാരിന‌് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.  ഇതിന്റെ ഭാഗമായി മൂന്ന‌്  ജീവനക്കാരെ സ്ഥലം മാറ്റി.

യൂണിവേഴ‌്സിറ്റി യൂണിയൻ ഓഫീസ‌് പ്രവർത്തിച്ചിരുന്ന മുറിയിൽ നിന്നെന്നപേരിൽ ഏഴ‌് കടലാസുകളാണ‌് ജീവനക്കാർ പ്രിൻസിപ്പലിന‌് കൈമാറിയത‌്. യൂണിയൻ ഓഫീസ‌് പരിശോധിച്ചശേഷം ക്ലാസ‌്മുറിയാക്കി മാറ്റാൻ നിർദേശിച്ചാണ‌് അഡീഷണൽ ഡയറക്ടർ കോളേജിൽനിന്ന‌് മടങ്ങിയത‌്. തുടർന്നാണ‌് ചാനൽസംഘം പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ യൂണിയൻ ഓഫീസിൽ കടന്ന‌ത‌്. ഉടൻ ഉത്തരക്കടലാസ‌് കണ്ടെടുത്തതായി വാർത്തയും വന്നു. സംഘർഷത്തിന‌ുശേഷം മാധ്യമപ്രവർത്തകർക്ക‌് പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ ക്യാമ്പസിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. ഉത്തരക്കടലാസ‌് കണ്ടെത്തിയെന്ന‌് പറയുന്ന, ഓഫീസ‌് അസിസ‌്റ്റന്റ‌് മദനൻ പരസ‌്പരവിരുദ്ധമായാണ‌് മൊഴി നൽകിയതെന്ന‌് അഡീഷണൽ ഡയറക്ടർ പറഞ്ഞു. ഇയാളടക്കം മൂന്ന‌ു ജീവനക്കാരെയാണ‌് അഡീഷണൽ ഡയറക്ടർ അടിയന്തരമായി സ്ഥലം മാറ്റിയത‌്.

ക്രൈം ബ്രാഞ്ച‌് അന്വേഷിക്കും
സംഘർഷത്തിൽ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന‌് സർവകലാശാലാ ഉത്തരക്കടലാസ‌് കണ്ടെടുത്തതിനെപ്പറ്റി ക്രൈംബ്രാഞ്ച‌് അന്വേഷണത്തിന‌് ഡിജിപി ലോക‌്നാഥ‌് ബഹ‌്റ ഉത്തരവിട്ടു. സർവകലാശാലാ രജിസ‌്ട്രാറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ‌് തീരുമാനം.

പൊലീസ‌് സംരക്ഷണത്തോടെ ക്ലാസുകൾ അടുത്തദിവസം ആരംഭിക്കാൻ കോളേജ‌് വിദ്യാഭ്യാസവകുപ്പ‌് തീരുമാനിച്ചു. പരീക്ഷാ സൂപ്രണ്ടിനെ തൽസ്ഥാനത്ത‌ുനിന്നും മാറ്റി. പിഎസ‌്സി പരീക്ഷ ഉൾപ്പെടെ മറ്റ‌ു പരീക്ഷകൾക്ക‌് കോളേജ‌് കേന്ദ്രമായി നൽകേണ്ടതില്ലെന്നും തീരുമാനിച്ചു.


പ്രധാന വാർത്തകൾ
 Top