18 July Thursday

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന് സംസ്ഥാനതല സ്‌പെ‌ഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കും: എക്‌സൈസ് മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

തിരുവനന്തപുരം > എക്‌സൈസ് എന്‍ഫോഴ്സ്മെന്റിനു വേണ്ടി സംസ്ഥാനതലത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. എക്‌സൈസ് ആസ്ഥാനത്ത് വകുപ്പിന്റെ പ്രവര്‍ത്തന റിവ്യു നടത്തുകയായിരുന്നു അദ്ദേഹം. നിലവില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു സ്‌ക്വാഡുകള്‍ നിലവിലുണ്ട്. എന്നാല്‍ ലഹരി വ്യാപനം തടയുന്നതിനായി പരിശോധനാ സംവിധാനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്.  മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തി നടപടികല്‍ സ്വീകരിക്കണം. ഇതിനായി സ്പെഷ്യല്‍ ഡ്രൈവുകള്‍ നടത്തണം. സംസ്ഥാനതല സ്പെഷ്യല്‍ സ്‌കാഡ് രൂപീകരിക്കുന്നതിലൂടെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങല്‍ക്ക് വകുപ്പിനെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതിയില്‍ വിദ്യാര്‍ഥികളുടെ സഹകരണം വര്‍ധിപ്പിക്കണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിമുക്തി മിഷന്റെ പ്രവര്‍ത്തനം സജീവമാക്കണം. കൊല്ലം ജില്ലയില്‍ ആരംഭിച്ച് വിജയിച്ച വിമുക്തി സേനയുടെ മാതൃകയില്‍ സംസ്ഥാനതലത്തില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ലഹരിക്കടിമപ്പെട്ടവരെ അതില്‍ നിന്നും മോചിപ്പിക്കുന്നതിനായി ആരംഭിച്ച കൗണ്‍സിലിംഗ് സെന്ററുകള്‍ ശക്തിപ്പെടുത്തും. നിലവില്‍ ഉള്ളവയെ മാതൃകയാക്കി ഇതു സംസ്ഥാന വ്യാപകമാക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. 14 ജില്ലകളിലും ആരംഭിച്ച ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇവിടങ്ങളിലേയ്ക്ക് കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കുന്നതിനൊപ്പം മരുന്നു ദൗര്‍ലഭ്യം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെക് പോസ്റ്റുകള്‍ വഴിയുള്ള പരിശോധനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.എക്സൈസിന്റെ അംഗബലം വര്‍ധിപ്പിക്കുന്നതിനൊപ്പം ഇന്റലിജന്റ്സ് സംവിധാനം ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. വനിതാ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ജോലി സൗകര്യം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. എക്സൈസ് കമ്മീഷണര്‍ വകുപ്പിന്റെ പ്രതിമാസ അവലോകനം നടത്തണം. രണ്ടാഴ്ചയിലൊരിക്കല്‍ ജില്ലാ എക്സൈസ് മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

മികച്ച പ്രിവന്റീവ്-എന്‍ഫോഴ്സമെന്റ് നടത്തിയ പാലക്കാട് ഇന്റലിജന്റ് യൂണിറ്റിലെ പ്രിവന്റീവ് ഓഫീസര്‍ സെന്തില്‍കുമാറിന് 10,000 രൂപയും കൊല്ലം ജില്ലാ സ്പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ഷിഹാബുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബി.പ്രസന്നന്‍,റ്റി.ടോമി എന്നവര്‍ക്ക് 5000 രൂപയും തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.അനി കുമാറിന് 50,000 രൂപയും എരണാകുളം ആലുവ എക്സൈസ് റേഞ്ച് ഓഫീസ് എക്സൈസ് ഇന്‍സ്പെക്ടറായ ടി.കെ.ഗോപിക്ക് 10,000 രൂപയും മന്ത്രി കാഷ് അവാര്‍ഡ് സമ്മാനിച്ചു.

ചടങ്ങില്‍ എക്സൈസ് കമ്മീഷണര്‍ എസ്.അനന്ദകൃഷ്ണന്‍, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍(ഭരണം) ഡി.രാജീവ്,അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍(എന്‍ഫോഴ്സമെന്റ്) സാം ക്രിസ്റ്റി ഡാനിയേല്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top