21 July Sunday

പൊലീസുകാരിയെ കത്തിച്ച സംഭവം: മരണകാരണം പൊള്ളലും കഴുത്തിലേറ്റ വെട്ടും

സ്വന്തംലേഖകൻUpdated: Monday Jun 17, 2019

ആലപ്പുഴ > വള്ളികുന്നത്തെ വനിതാ സിവിൽ പൊലീസ‌് ഓഫീസർ സൗമ്യയുടെ മരണകാരണം കഴുത്തിലേറ്റ വെട്ടും 60 ശതമാനം പൊള്ളലുമെന്ന‌് പോസ‌്റ്റ‌്മോർട്ടം റിപ്പോർട്ട‌്. ആലപ്പുഴ മെഡിക്കൽ കോളേജ‌് ഫോറൻസിക‌് വിഭാഗം മേധാവി കെ ശ്രീദേവിയുടെ നേത‌ൃത്വത്തിൽ പകൽ 10.45 ഓടെയാരംഭിച്ച പോസ‌്റ്റ‌്മോർട്ടം  രണ്ടര മണിക്കൂർ നീണ്ടു. 1.45 ഓടെ സൗമ്യയുടെ മാത‌ൃസഹോദരിയുടെ മകൻ അനീഷും മറ്റു ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം പൊലീസിന്റെ ആംബുലൻസിൽ ഓച്ചിറ പരബ്രഹ്മം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ചൊവ്വാഴ‌്ച വരെ ഇവിടെ സൂക്ഷിക്കുന്ന മൃതദേഹം സൗമ്യയുടെ ഭർത്താവ് സജീവ് ലിബിയയിൽ നിന്നെത്തിയശേഷം സംസ‌്കരിക്കും.

പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ജി അനിൽകുമാർ, ജില്ലാ പ്രസിഡന്റ‌് എ അഞ്ജു, സംസ്ഥാന കമ്മിറ്റിയംഗം ജി സജീവ് കുമാർ, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന എക‌്സിക്യൂട്ടീവ് അംഗം പി പ്രദീപ‌് തുടങ്ങിയവർ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ എത്തിയിരുന്നു.
അജാസിന്റെ മൊഴിയെടുക്കാനായില്ല

സൗമ്യയെ ആക്രമിക്കുന്നതിനിടെ ദേഹമാസകലം പൊള്ളലേറ്റ‌് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന പ്രതി അജാസിന്റെ മൊഴിയെടുക്കാനായില്ല. 50 ശതമാനം പൊള്ളലേറ്റ ഇയാളുടെ മൊഴിയെടുക്കാൻ ശനിയാഴ‌്ച രാത്രിയോടെ മജിസ്ട്രേറ്റ് എത്തിയെങ്കിലും അജാസിന് സംസാരിക്കാൻ കഴിയാതിരുന്നതിനാൽ ശ്രമം വിഫലമായി. ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക‌്ടർമാർ  അറിയിച്ചാൽ മജിസ്ട്രേറ്റിനെ എത്തിച്ച് മൊഴിയെടുക്കാനാണ് പൊലീസ് നീക്കം.

മകളെ മുമ്പും അക്രമിക്കാൻ ശ്രമിച്ചു:  അമ്മ

വള്ളികുന്നം സ‌്റ്റേഷനിലെ വനിതാ സിവിൽ പൊലീസ‌് ഓഫീസർ സൗമ്യയെ ദിവസങ്ങൾക്ക‌് മുമ്പും അജാസ‌് പെട്രോൾ ഒഴിച്ച‌് കത്തിക്കാൻ ശ്രമിച്ചതായി സൗമ്യയുടെ അമ്മ ഇന്ദിര. രണ്ടാഴ‌്ച മുമ്പാണ‌് കരുനാഗപ്പള്ളി ക്ലാപ്പനയിലെ കുടുംബവീട്ടിൽ അജാസ‌്, സൗമ്യയുടെ ദേഹത്ത‌് പെട്രോൾ ഒഴിച്ച‌് കത്തിക്കാൻ ശ്രമിച്ചതെന്ന‌് ഇന്ദിര അന്വേഷണസംഘത്തിന‌് നൽകിയ മൊഴിയിൽ പറഞ്ഞു. സൗമ്യയെ പ്രതി നിരന്തരം ഉപദ്രവിച്ചിരുന്നെന്നും ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും ഇന്ദിര പറഞ്ഞു. അമ്മയ‌്ക്ക‌് ഒരു പൊലീസുകാരനിൽനിന്ന‌് ഭീഷണി ഉണ്ടായിരുന്നെന്ന‌് സൗമ്യയുടെ മകൻ ഋത്വികും മൊഴി നൽകി. ഇരുവരും മാധ്യമങ്ങളോടും ഇത‌് ആവർത്തിച്ചു. ചെങ്ങന്നൂർ ഡിവൈഎസ‌്പി അനീഷ‌് വി കോരയുടെ നേത‌ൃത്വത്തിലുള്ള സംഘമാണ‌് കേസന്വേഷിക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top