21 September Saturday

പ്രളയം: അവശ കുടുംബങ്ങൾക്ക‌് കാൽലക്ഷം കൂടി നൽകും

സ്വന്തം ലേഖകൻUpdated: Monday Jun 17, 2019

തിരുവനന്തപുരം > പ്രളയത്തിൽ പൂർണമായോ ഭാഗികമായോ വീട് തകർന്നവരിൽ ഉൾപ്പെട്ട അവശ കുടുംബങ്ങൾക്ക‌് 25,000 രൂപ വീതം സംസ്ഥാന സർക്കാർ അധികസഹായം നൽകും. പ്രളയദുരന്തത്തിന‌് ഇരയായ ദുർബലവിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുന്നതിന്റെ ഭാഗമായി സർക്കാർ രൂപം നൽകിയ ‘പ്രത്യുത്ഥാനം പദ്ധതി’ പ്രകാരമാണ‌് അധിക ധനസഹായം നൽകുക. സംസ്ഥാനത്ത‌് 7300 കുടുംബത്തിനാണ‌് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട‌് എന്നീ ളയബാധിത ജില്ലകളിലുള്ളവർക്കും ദുരന്തബാധിതരായ പട്ടികവർഗക്കാർ ഏറെ താമസിക്കുന്ന പാലക്കാട‌് ജില്ലയിലുള്ളവർക്കുമാണ‌് ധനസഹായം ലഭിക്കുക. പദ്ധതി സംബന്ധിച്ച ദുരന്തനിവാരണവകുപ്പിന്റെ ഉത്തരവിറങ്ങി. പ്രളയബാധിത മേഖലകളിലെ അവശകുടുംബങ്ങൾക്ക‌് അധിക ധനസഹായം ആവശ്യമാണെന്ന വിലയിരുത്തലിൽ കഴിഞ്ഞ മന്ത്രിസഭായോഗമാണ‌് പ്രത്യുത്ഥാനം പദ്ധതിക്ക‌് രൂപം നൽകിയത‌്.

2018ലെ വെള്ളപ്പൊക്കത്തിലോ ഉരുൾപൊട്ടലിലോ 15 ശതമാനംമുതൽ വീട‌ിന‌് നാശനഷ്ടം സംഭവിച്ച കുടുംബങ്ങളിൽ ഉൾപ്പെട്ട ക്യാൻസർ രോഗികൾ, കിടപ്പുരോഗികൾ, ഡയാലിസിസ‌് രോഗികൾ, ഭിന്നശേഷിക്കാർ, പ്രായപൂർത്തിയാകാത്ത കുട്ടികളുള്ള വിധവകൾ, കുടുംബനാഥകളായിട്ടുള്ള കുടുംബങ്ങൾ എന്നിവർക്കാണ‌് അധിക ധനസഹായം ലഭിക്കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള 10 കോടിയും യുഎൻഡിപിയിൽനിന്നുള്ള 8.25 കോടിയുമുൾപ്പെടെ 18.25 കോടിയാണ‌് നൽകുക. 2018ലെ പ്രളയ ദുരിതാശ്വാസം നൽകാൻ കലക്ടർ അംഗീകാരം നൽകിയ പട്ടികയിൽനിന്നാണ‌് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.
പ്രളയം ബാധിച്ച വില്ലേജുകളിൽ സാമൂഹ്യ സുരക്ഷാവകുപ്പ‌് ഉദ്യോഗസ്ഥർ പരിശോധന നടത്തി ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക‌് കൈമാറും. ഈ പട്ടിക പരിശോധിച്ച‌് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഗുണഭോക്താവിന്റെ ബാങ്ക‌് അക്കൗണ്ടിൽ പണം നിക്ഷേപിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top