16 July Tuesday

വരുന്നു വാട്ടർ ബസ‌്; ദ്വീപുകളിലെ യാത്രാക്ലേശത്തിന‌് പരിഹാരമാകും

എം വി പ്രദീപ‌്Updated: Monday Jun 17, 2019

തിരുവനന്തപുരം > കരയിലും വെള്ളത്തിലും ഓടിക്കാനാകുന്ന വാട്ടർ ബസ‌്  സംസ്ഥാനത്തും വരുന്നു. പദ്ധതിക്കായി സാങ്കേതിക സമിതി രൂപീകരിച്ചു. 
ടൂറിസം രംഗത്തുകൂടി കുതിച്ചുചാട്ടത്തിന‌് അവസരം നൽകുന്നതാകും വാട്ടർ ബസ‌് സർവീസുകൾ.  ദ്വീപുകളിലെ യാത്രാക്ലേശത്തിനും പരിഹാരമാകുമിത‌്. ആലപ്പുഴയിലെ മുഹമ്മ, പാണാവള്ളി ഭാഗങ്ങളിൽ വാട്ടർ ബസ് സർവീസ‌് അനുയോജ്യമാണ‌്. പെരുമ്പളം ഉൾപ്പെടെയുള്ള ദ്വീപുകൾക്കും സൗകര്യപ്രദമാകും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് )യിലെ ഷിപ‌് ബിൽഡിങ് ടെക‌്നോളജിവകുപ്പിലെ അസോസിയറ്റ‌് പ്രൊഫസർ ഡോ. സുധീറിന്റെ നേതൃത്വത്തിൽ നേരത്തെ സാധ്യതാപഠന റിപ്പോർട്ട‌് സമർപ്പിച്ചിരുന്നു.   

പദ്ധതി നേരത്തെ ഗോവയിൽ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഡൽഹിയിലും ശ്രമം നടന്നിരുന്നു. അവിടങ്ങളിലെ ജയപരാജയങ്ങൾകൂടി കണക്കിലെടുത്ത‌് നടത്തിയ സാധ്യതാപഠനത്തിൽ കേരളം പദ്ധതിക്ക‌് അനുയോജ്യമാണെന്ന‌് കണ്ടെത്തി.

വൻ ചെലവ‌് വരുന്ന ബസ‌് ഇറക്കുമതി ചെയ്യില്ല‌. ബസ‌് നിർമാണത്തിന്റെ സാങ്കേതികവിദ്യ ലഭ്യമാണ‌്. ഇതുപയോഗിച്ച‌് ഇവിടെത്തന്നെ ചെലവ‌് കുറച്ച‌് ബസ‌് നിർമിക്കും. ഇത്തരത്തിൽ നേരത്തെ സോളാർ ബോട്ട‌് നിർമിച്ച‌് ജലഗതാഗതവകുപ്പ‌് വിജയം കണ്ടിരുന്നു. സാധാരണ ബസിന്റെ രൂപമാണ് വാട്ടർ ബസിനും. വെള്ളത്തിലും കരയിലും ഓടിക്കേണ്ടതിനാൽ  സാധാരണയിൽനിന്ന‌് വ്യത്യസ്തമായ ബോട്ടുജെട്ടികളാണ് വേണ്ടത‌്.

ചട്ടങ്ങളിൽ ഭേദഗതി വേണം

വാട്ടർ ബസ‌് സർവീസിന‌് സംസ്ഥാന ഗതാഗതനിയമങ്ങളിലെ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വേണം. ഗതാഗതം, ജലവിഭവം, ജലസേചനം, തുറമുഖം തുടങ്ങിയ വകുപ്പുകളുടെയെല്ലാം ചട്ടങ്ങളിൽ ഭേദഗതി ആവശ്യമാണ‌്. ബസ‌് വാങ്ങുന്നതിനും വിവിധ വകുപ്പുകളിൽ ആവശ്യമായ പ്രവർത്തനങ്ങൾക്കുമുള്ള എട്ടംഗ സാങ്കേതിക സമിതിയാണ‌് രൂപീകരിച്ചത‌്.

കുസാറ്റിലെ  ഡോ. സുധീർ, നേവൽ ആർകിടെക‌്ചർ ഡോ. ദിലീപ‌് കൃഷ‌്ണൻ, പ്ലാനിങ് ബോർഡ‌് ഉദ്യോഗസ്ഥൻ, പോർട്ട‌് ഡിപ്പാർട‌്മെന്റ‌് ചീഫ‌് എൻജിനിയർ, ജലസേചനം, ജലവിഭവം, ഗതാഗതം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയുള്ളതാണ‌് സാങ്കേതിക സമിതി. പ്രാഥമിക പ്രവർത്തനങ്ങൾക്കായി സർക്കാർ ഫണ്ട‌് അനുവദിച്ചിട്ടുണ്ടെന്നും സാങ്കേതിക സമിതികൂടി രൂപീകരിച്ചതോടെ പദ്ധതിപ്രവർത്തനം വേഗത്തിലാകുമെന്നും ജലഗതാഗത ഡയറക്ടർ ഷാജി വി നായർ ദേശാഭിമാനിയോട‌് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top