18 July Thursday

സർവതല സ്‌പർശിയായ വികസനം ലക്ഷ്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

മലപ്പുറം > എൽഡിഎഫ് സർക്കാർ ലക്ഷ്യം  സംസ്ഥാനത്തിന്റെ സർവതല സ്പർശിയായ വികസനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനത്തിനാണ് സർക്കാർ മുൻകൈ എടുക്കുന്നത്. ഇതിന് നാടിന്റെ പിന്തുണ ആവശ്യമാണ്. ഇ എം എസ് സ്വപ്നംകണ്ട കേരളം വാർത്തെടുക്കാനാണ് സർക്കാർ ശ്രമം. ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിൽ ‘കേരള വികസനവും ഇടതുപക്ഷ സർക്കാരുകളും' വിഷയത്തിൽ ഇ എം എസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നാല് മിഷനുകളുടെ പ്രവർത്തനത്തിലൂടെ വലിയ മുന്നേറ്റമാണുണ്ടാകുന്നത്. എന്നാൽ, പദ്ധതികൾ തുടങ്ങുമ്പോഴുള്ള പങ്കാളിത്തം ഉണ്ടാകുന്നുണ്ടോ എന്ന പരിശോധന ഓരോ പ്രദേശത്തും നടത്തണം.  ജനങ്ങളുടെ പങ്കാളിത്തവും സഹായവും വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. ഹരിത കേരള മിഷനിലൂടെ നിരവധി ജലസ്രോതസ്സുകൾ ശുചീകരിക്കാൻ കഴിഞ്ഞു. പുതിയ സംസ്കാരമാണ് ഈ വഴി ഉയർന്നുവന്നത്. ഇതിന് അതേരീതിയിൽ തുടർച്ചയുണ്ടാകണം. 

മാലിന്യസംസ്കരണത്തിൽ അതീവ ശ്രദ്ധ വേണം. ഉറവിട മാലിന്യസംസ്കരണം മാത്രം മതിയാവില്ല. കേന്ദ്രീകൃത സംവിധാനം ഓരോ ജില്ലയിലും ഉണ്ടാകണം. അതുവഴി ശുദ്ധമായ കുടിവെള്ളം എല്ലാവരും ഉപയോഗിക്കുന്ന നിലയിലേക്ക് നമുക്ക് എത്തിയേ തീരൂ. പുതിയ കൃഷിസംസ്കാരം വളർത്താൻ സർക്കാരിന്റെ നടപടികൾക്കായി.   പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി.  ആരോഗ്യരംഗത്ത് ആർദ്രം പദ്ധതിയിലൂടെ എല്ലാ ആശുപത്രികളിലും സൗകര്യങ്ങളായി.   വീടില്ലാത്തവർക്ക് വീട് നൽകുന്ന പദ്ധതി അടുത്ത വർഷം പൂർത്തിയാക്കും.

നിക്ഷേപ സൗഹൃദമായി സംസ്ഥാനത്തെ മാറ്റും. 1957–-ലെ ഇ എം എസ് സർക്കാരിന്റെ  നയങ്ങൾ അതേ നിലയിൽ പകർത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.  ആധുനിക കേരളത്തിന് അടിത്തറപാകിയത് ഇ എം എസ് സർക്കാരാണ്–-  മുഖ്യമന്ത്രി പറഞ്ഞു.

മൊറയൂർ ജിഎം ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി. ടി കെ ഹംസ സ്വാഗതവും എൻ പ്രമോദ് ദാസ് നന്ദിയും പറഞ്ഞു. സെമിനാറിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികൾക്ക് മുഖ്യമന്ത്രി സമ്മാനങ്ങൾ നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top