17 November Sunday

ഫേസ്‌‌‌ബുക്കിൽ യുവാവിന്റെ പരാതി: സ്ഥാപനത്തിനെതിരെ നടപടിയെടുത്ത‌് തൊഴിൽമന്ത്രി

സ്വന്തം ലേഖികUpdated: Monday Jun 17, 2019

കൊച്ചി > ജോലിസ്ഥലത്തെ നിയമലംഘനങ്ങൾ ചോദ്യം ചെയ‌്തതോടെ പണിപോയ യുവാവിന്റെ ഫേസ്‌ബുക്ക‌് പോസ‌്റ്റ‌് കണ്ട‌് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച‌് തൊഴിൽമന്ത്രി. എറണാകുളത്ത‌് കസ‌വുകട എന്ന സ്ഥാപനത്തിലെ ജോലിക്കാരന‌ായിരുന്ന ഷാജി മുല്ലശേരിയാണ‌് അവിടുത്തെ തൊഴിൽനിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി ടി പി രാമകൃഷ‌്ണന്റെ  ഫേസ്‌ബുക്ക‌് പേജിൽ പോസ‌്റ്റ‌് ഇട്ടത‌്.

ഇത‌ു ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ മന്ത്രി പോസ‌്റ്റിലൂടെ ഷാജിക്ക‌് മറുപടിയും നൽകി. സ്ഥാപനത്തിൽ പരിശോധന നടത്തിയതായും ഉടമയ‌്ക്ക് നോട്ടീസ‌് നൽകിയതായും മന്ത്രി അറിയിച്ചു. ജോലി നഷ‌്ടപ്പെട്ടത‌് സംബന്ധിച്ച‌് എറണാകുളം ലേബർ ഓഫീസിൽ പരാതി നൽകാനും മന്ത്രി നിർദേശിച്ചിട്ടുണ്ട‌്. മന്ത്രിയുടെ നിർദേശത്തെ തുടർന്ന‌് എറണാകുളം ലേബർ ഓഫീസിലെ ഉദ്യോഗസ്ഥർ ഷാജിയെ ഫോണിൽ വിളിച്ച‌് സംസാരിച്ചു. ജോലിയിൽനിന്ന‌ു പിരിച്ചുവിട്ടതോടെ പണിയില്ലാതായതിനാൽ കെട്ടിടനിർമാണ ജോലിക്ക‌് പോകുന്ന ഷാജി അടുത്ത ദിവസംതന്നെ ലേബർ ഓഫീസിലെത്തി പരാതി നൽകും.

തൊഴിലിടങ്ങളിൽ തൊഴിൽ വകുപ്പ‌് നടത്തുന്ന റെയ‌്ഡ‌് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ‌് മന്ത്രി ടി പി രാമകൃഷ‌്ണന്റെ ഫേസ്‌‌‌ബുക്ക‌് പേജിൽ ഷാജി പോസ‌്റ്റിട്ടത‌്.പോസ‌്റ്റിന്റെ പൂർണരൂപം

‘സഖാവേ എറണാകുളത്തു കസവുകട എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ആളാണ് ഞാൻ. അവിടെ മാനേജ്‍മെന്റ് ധിക്കാരപൂർവമായ പെരുമാറ്റം ആണ് തൊഴിലാളികളോട് കാണിക്കുന്നത്. സാലറി കൃത്യമായി കിട്ടാറില്ല. 10 ഡേയ്‌സ് ഒക്കെ വൈകി ആണ് കിട്ടാറുള്ളത്. ക്രൂരമായ പെരുമാറ്റം ആണ്. ഇതു ചോദ്യം ചെയ്താൽ എറണാകുളം നിവാസികളെ തിരുവനന്തപുരം കടയിലേക്ക് ട്രാൻസ്ഫർ ചെയ്യും. മനസ്സ് മടുത്തു പലരും പോകുകയാണ്. അതുപോലെ മറ്റു ജില്ലക്കാരെ ദൂരെ സ്ഥലത്തേക്കു മാറ്റും. ഇരിപ്പിടം ഉണ്ടെങ്കിലും ഇരിക്കാൻ അവകാശം ഇല്ല. ഇതിനോടൊക്കെ പ്രതികരിച്ച എന്നെ പിരിച്ചുവിട്ടു. സ്ത്രീകളായ സ്റ്റാഫുകളെവരെ ഒരുപാട് സങ്കടപ്പെടുത്തുന്നുണ്ട്. അവരൊക്കെ നിവൃത്തികേടുകൊണ്ട് ഇപ്പോഴും ജോലി ചെയ്യുന്നു. അവരോടൊക്കെ അവർ എപ്പോഴും തട്ടിക്കയറുന്നു. ഈ മുതലാളിയുടെ മകൻ നന്ദു എന്ന വ്യക്തി ആണ് സ്റ്റാഫുകളെ അടിമകളായി കാണുന്നത്. മാസത്തിൽ രണ്ടു ലീവ് പറയുന്നുണ്ടെങ്കിലും അത് ഇഷ്ടപ്പെട്ടവർക്കു മാത്രമേ അവർ കൊടുക്കാറുള്ളു. സാർ ഇത‌് അന്വേഷിച്ച‌് ഇതിനൊരു പരിഹാരം ഉണ്ടാക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഇതു അവോയ്ഡ് ചെയ്യരുത്. പ്ലീസ്.’

തന്റെ ഫേസ്‌‌‌ബുക്ക‌് പോസ‌്റ്റ‌് കണ്ട‌് മന്ത്രി ഉടൻ നടപടി സ്വീകരിച്ചതിന്റെ ആഹ്ലാദത്തിലാണ‌് ഷാജി.


പ്രധാന വാർത്തകൾ
 Top