19 October Saturday

കാഴ‌്ചാനുഭവത്തിന്റെ ലോകകപ്പ് ഉയർത്താൻ അഞ്ചു മലയാളികൾ

ആനന്ദ‌് ശിവൻUpdated: Monday Jun 17, 2019

ലോകകപ്പ്‌ മത്സരം പകർത്താനെത്തിയ ജേക്കബ്‌ ജോർജ്‌

കൊച്ചി > ക്രിക്കറ്റ‌് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളികൾ ഇടംപിടിച്ചില്ലെങ്കിലും ലോകകപ്പ‌് കാഴ‌്ചകൾ പകർന്നുനൽകാൻ ഇംഗ്ലണ്ടിലെത്തിയ അഞ്ചു മലയാളികളുണ്ട‌്. പെരുമ്പാവൂർ സ്വദേശി ജേക്കബ‌് ജോർജ‌്, തൃശൂർ പേരാമംഗലം സ്വദേശി ബിജു കുളങ്ങര, മൂന്നാർ സ്വദേശി അനു ഔസേഫ‌്, കോട്ടയം സ്വദേശി ജോർജ‌് ചാക്കോ, തിരുവനന്തപുരം സ്വദേശി വിനോദ‌്കുമാർ എന്നിവരാണ‌വർ. ലോകകപ്പ‌് തത്സമയം സംപ്രേഷണംചെയ്യുന്ന സ‌്റ്റാർ സ‌്പോർട‌്സ‌് സംഘത്തിലെ അംഗങ്ങളായി മിഴിവുറ്റ ദൃശ്യങ്ങളും മികച്ച ശബ്ദമിശ്രണവും നൽകുന്ന ജോലിയിലാണ‌് ഇവർ. ജേക്കബ‌് ജോർജ‌ും ബിജുവും സ‌്റ്റാർ സ‌്പോർട‌്സിനായി സംപ്രേഷണ ജോലികൾ ചെയ്യുന്ന എൻഇബി ബ്രോഡ‌്കാസ‌്റ്റിങ്ങിലെയും മറ്റു മൂന്നുപേർ സ‌്റ്റാർ സ‌്പോർട‌്സിലെയും സാങ്കേതിക വിഭാഗം ജീവനക്കാരാണ‌്. അഞ്ച‌് സംഘങ്ങളിലായി വിവിധ രാജ്യക്കാരായ 78 പേരാണ‌് സംപ്രേഷണ വിഭാഗത്തിലുള്ളത‌്. ഭൂരിഭാഗവും ഇന്ത്യക്കാരാണെങ്കിലും മലയാളികൾ അഞ്ചുപേർ മാത്രം. ബ്രോഡ‌്കാസ‌്റ്റിങ‌് എൻജിനിയറായ ജേക്കബ‌് ഇൻസ‌്റ്റലേഷൻ വിഭാഗത്തിലും ജോർജ‌്, അനു എന്നിവർ ശബ്ദമിശ്രണത്തിലും വിനോദ‌് ക്യാമറ വിഭാഗത്തിലും ബിജു വിഷൻ എൻജിനിയറായും ലോകകപ്പ‌് ക്രിക്കറ്റ‌് ആവേശം ചോരാതെ കാണികളിലെത്തിക്കുന്നു.

ഇംഗ്ലണ്ടിൽ കളിയാവേശം കെടുത്തുംവിധം നാട്ടിലെ ഇടവപ്പാതിപോലെ  മഴപെയ്യുമെന്ന‌് കരുതിയിരുന്നില്ലെന്ന‌് ജേക്ക‌ബ‌് പറഞ്ഞു. സംപ്രേഷണത്തിന‌ുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സ‌്റ്റമ്പിൽ ഉൾപ്പെടെ ക്യാമറയും മൈക്രോഫോണും ഘടിപ്പിച്ചശേഷം മഴപെയ്യുന്ന‌ത‌് കാണികളുടെ ആവേശം ചോർത്തുന്നതിനൊപ്പം സംഘത്തിന്റെ ജോലി ഇരട്ടിയാക്കുന്നു. ഐസിസി ടൂർണമെന്റുകളുടെയും ഐപിഎൽ ഉൾപ്പെടെയുള്ള മത്സരങ്ങളുടെയും സംപ്രേഷണത്തിൽ പ്രവർത്തിച്ച പരിചയവുമായാണ‌് അഞ്ചുപേരും ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക‌് വിമാനം കയറിയത‌്‌. ലോകോത്തര താരങ്ങളെയും അവരുടെ മത്സരവും മികവോടെ പ്രേക്ഷകരിലെത്തിക്കുന്നതിലാണ‌് ശ്രദ്ധയെന്ന‌് ഇവർ പറയുന്നു. ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ‌് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നത‌്. ലോകകപ്പ‌് പോലെ ഏവരും ഉറ്റുനോക്കുന്ന കായികമത്സരത്തിന്റെ സംപ്രേഷണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും സംഘം മറച്ചുവച്ചില്ല. അഞ്ചുപേർക്കും പല വേദികളിലാണ‌് ചുമതല. മത്സരങ്ങൾ നേരിട്ടുകാണുന്നതിനപ്പുറം ലോർഡ‌്സിൽ ഇന്ത്യ കപ്പുയർത്തുന്ന നിമിഷത്തിനായാണ‌് ഇവരുടെ കാത്തിരിപ്പ‌്.
 


പ്രധാന വാർത്തകൾ
 Top