21 July Sunday

ഹെൽമെറ്റില്ലെങ്കിൽ സൂക്ഷിക്കുക; പൂട്ടാൻ ആപ്പുണ്ട‌്

എം ജഷീനUpdated: Monday Jun 17, 2019

കോഴിക്കോട‌് > ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നത‌് ആരായാലും ശരി‌, കൈയോടെ പിടിച്ച‌് ട്രാഫിക‌് പൊലീസിന‌് കൈമാറാൻ എട്ടാം ക്ലാസുകാരനും കൂട്ടുകാരനും ധാരാളം.   അതിനായി അധികം കാത്തിരിക്കേണ്ട. വയനാട‌് മേപ്പാടി സ്വദേശിയും പതിനാലുകാരനുമായ ജയ‌്ഡൻ ജോൺ ജോസും  കോഴിക്കോട‌് പാവങ്ങാട്ടെ  കെ ടി നവനീത‌ുമാണ‌്   ആപ്പിന്റെ നിർമാതാക്കൾ.  

കേരള സർക്കാരിന്റെ സൈബർ ഡോമുമായി സഹകരിച്ചാണ‌്  മോട്ടോർ സൈക്കിൾ സേഫ‌്റ്റി അനലൈസർ എന്ന ആപ്പ‌് ഒരുക്കിയത‌്. ആപ്പിന്റെ ഭാഗമായി ഒരു ക്യാമറയാണ‌് നിർമിച്ചത‌്. ഇത‌് പാതയോരത്ത‌് സ്ഥാപിക്കും. ഹെൽമറ്റില്ലാതെ വരുന്നവരുടെ മാത്രം നമ്പർ പ്ലേറ്റുകൾ ഈ ക്യാമറ പകർത്തും. ഇത‌ുപയോഗിച്ച‌് ഉടമയുടെ പേരും അഡ്രസും കണ്ടെത്തി നോട്ടീസ‌് പ്രിന്റ‌് ചെയ‌്ത‌് തയ്യാറാക്കുന്ന തരത്തിലാണ‌്  ഡിസൈൻ ചെയ‌്തത‌്.

ഹെൽമറ്റില്ലാത്തവരെ കണ്ടെത്തി നോട്ടീസ‌് നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആപ്പ‌് തനിയെ ചെയ‌്തോളും. സൈബർ ഡോമാണ‌് ഇത‌് വികസിപ്പിക്കാനുള്ള സാമ്പത്തിക സഹായം ചെയ്‌തത‌്. ആപ്പിന്റെ  പൂർണമായ പ്രവർത്തന രീതി ഉദ്യോഗസ്ഥർക്ക‌ു മുന്നിൽ അവതരിപ്പിച്ച‌ുകഴിഞ്ഞു. ചെറിയ മാറ്റങ്ങൾകൂടി വരുത്തിയ ശേഷം ഉടൻ ആപ്പ‌് പ്രാബല്യത്തിൽ വരും. കംപ്യൂട്ടർ പ്രോഗ്രാമുകളിൽ തൽപ്പരനായ ജയ‌്ഡൻ ഒരു വർഷത്തോളം  ഇതുമായി ബന്ധപ്പെട്ട  ഓൺലൈൻ കോഴ‌്സുകൾ ചെയ്തു. കഴിഞ്ഞ വർഷം സൈബർ ഡോമിന്റെ വളന്റിയറായി ചേർന്നു. തുടർന്ന‌് ട്രാഫിക‌് നിയമലംഘനം പിടിക്കാനുള്ള ആപ്പിനെ സംബന്ധിച്ച നിർദേശം  ഉദ്യോഗസ്ഥർക്ക‌ു മുന്നിൽ അവതരിപ്പിച്ചു.   സൈബർ ഡോമിലെ മറ്റൊരു വളന്റിയറായ നവനീതും കൂടെ ചേർന്നു. ഇരുവരും ചേർന്ന‌് ഒരു വർഷം  പ്രയത്നിച്ചാണ‌്  ആപ്പ‌് ഒരുക്കിയത‌്.

ഇതു മാത്രമല്ല ജയ‌്ഡന്റെ മികവ‌്. യുഎസിലെ മസാച്യുസെറ്റ‌്സ‌് ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ടെക‌്നോളജിയുടെ കീഴിൽ ക്യാൻസർ കണ്ടുപിടിക്കാനുള്ള സംവിധാനം വികസിപ്പിക്കുന്ന സംഘാംഗമാണ‌് ഈ പതിനാലുകാരൻ. ജയ‌്ഡന്റെ മികവ‌് ബോധ്യപ്പെട്ടതിനെ തുടർന്നാണ‌് ഗവേഷണ സംഘത്തിലെത്തിയത‌്. കണ്ടുപിടിത്തങ്ങളുടെ ലോകത്തായതിനാൽ എട്ടാം ക്ലാസ‌് പഠനം നിർത്തി, ഓപ്പൺ സ‌്കൂളിങ‌് വഴി വീട്ടിലിരുന്ന‌് പഠനം തുടരുകയാണ‌്. നവനീത‌് ബിരുദ വിദ്യാർഥിയാണ‌്.


പ്രധാന വാർത്തകൾ
 Top