13 July Monday
കേരളം 6000 കോടി രൂപ വായ്പ ചോദിച്ചപ്പോൾ ഒമ്പതു ശതമാനം പലിശയാണ് ബാങ്കുകൾ ചോദിച്ചത്

ചരിത്രത്തിൽ ആദ്യം; പുതിയ കീഴ്‌വഴക്കമാകും; കേന്ദ്രസർക്കാർ പറയുന്നപോലെ ചെലവിടണം എന്നു പറയുന്നത് ജനാധിപത്യവിരുദ്ധമാണ്‌

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020

ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന സർക്കാരിന്റെ കടമെടുക്കാനുള്ള ബോണ്ടുകൾക്ക് നിബന്ധന വരുന്നതെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പതിനഞ്ചാം ധനകാര്യ കമീഷൻ തൊടാതെവിട്ട നിർദേശമാണ്‌ അധിക വായ്പയുടെ പേരിൽ ഇപ്പോൾ‌ നടപ്പാക്കുന്നത്‌. കേന്ദ്രസർക്കാർ വച്ച നിബന്ധനകളിൽ മിക്കതും പാലിക്കുന്നതിന് കേരളത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിബന്ധനകൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് നയപരമായ തീരുമാനങ്ങൾ എടുക്കും

1) ദേശീയതലത്തിൽ പോർട്ടബിളായ റേഷൻകാർഡ് നടപ്പാക്കണം. (ഇത് നടപ്പിലാക്കാൻ കേരള സർക്കാർ തയ്യാറെടുത്തു)

2) വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നടപടികൾ ലഘൂകരിക്കണം (കേരളം റാങ്കിങ്‌ നടപടികൾ സ്വീകരിച്ചു)

3) നഗരമേഖലയിൽ കെട്ടിട നികുതിക്ക് ഫ്ലോർ റേറ്റ് നിശ്ചയിച്ച്‌ കാലാകാലങ്ങളിൽ വർധിപ്പിക്കണം. (കേരളത്തിൽ ഫ്ലോർ റേറ്റ് ഉണ്ട്. ഉയർത്തുന്നതിനുള്ള നടപടി തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്). 

4) കുടിവെള്ളം, ഡ്രെയിനേജ്, സ്വീവറേജ് എന്നിവയുടെ യൂസർ ചാർജിന് ഫ്ലോർ റേറ്റ് നിശ്ചയിക്കുകയും വിലക്കയറ്റത്തിന് അനുസരിച്ച് വർധിപ്പിക്കണമെന്നുമുള്ള നിർദേശം പക്ഷേ, പ്രശ്‌നം സൃഷ്‌ടിക്കും.

5) വൈദ്യുതി മേഖലയിലെ നിർദേശങ്ങൾക്കും നയപരമായ തീരുമാനം വേണ്ടിവരും.

കേന്ദ്ര നിബന്ധനകൾ പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണ്. സാധാരണഗതിയിൽ ലഭ്യമായ മൂന്നുശതമാനം വായ്പയുടെമേലും  ഭാവിയിൽ നിബന്ധനകൾ അടിച്ചേൽപ്പിച്ചേക്കാം. വായ്പ മുതലും പലിശയും ചേർത്ത് സംസ്ഥാനമാണ് തിരിച്ചടയ്ക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മുൻഗണനകൾക്ക് അനുസൃതമായാണ് ചെലവിടേണ്ടത്. കേന്ദ്രസർക്കാർ പറയുന്നപോലെ ചെലവിടണം എന്നു പറയുന്നത് ജനാധിപത്യവിരുദ്ധതയാണ്. കേരളം 6000 കോടി രൂപ വായ്പ ചോദിച്ചപ്പോൾ ഒമ്പതു ശതമാനം പലിശയാണ് ബാങ്കുകൾ ചോദിച്ചത്. റിപ്പോ നിരക്കിൽ സംസ്ഥാനങ്ങളുടെ ബോണ്ട് റിസർവ് ബാങ്ക് വാങ്ങണം. മിക്ക രാജ്യങ്ങളും ചെയ്യുന്നത് ഇതാണ്.

 


പ്രധാന വാർത്തകൾ
 Top