26 March Tuesday

നെഞ്ചേറ്റി, നേരിന്റെ വസന്തത്തെ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

പാണ്ടനാട്‌ പൂപ്പറത്തിൽ കോളനിയിൽ റോസാപ്പൂക്കൾ നൽകി സജി ചെറിയാനെ സ്വീകരിക്കുന്നു


ഹൃദയത്തിൽനിന്നുതിർന്ന സ്നേഹപുഷ്പങ്ങൾ വാരിവിതറിയാണ് പൂപ്പറത്തിൽ കോളനിവാസികൾ എൽഡിഎഫ് സ്ഥാനാർഥിയെ വരവേറ്റത്; കോളനിയുടെ പേരുപോലെ തന്നെ അവർ പൂക്കൾ പറത്തി. വിവിധ വർണത്തിലുള്ള പൂക്കൾ ഒരേമനസോടെ സ്ഥാനാർഥിക്കുമേൽ വർഷിച്ച് സ്നേഹംചൊരിഞ്ഞവർ, ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിന് ചെങ്ങന്നൂരിൽ സ്ഥാനമില്ലെന്നു പ്രഖ്യാപിച്ചു.

പൂപ്പറത്തിയിൽനിന്ന് മണ്ണാറത്തറ പ്രമട്ടക്കര ലക്ഷംവീട് കോളനിയിലെ സ്വീകരണകേന്ദ്രം ലക്ഷ്യമാക്കി സ്ഥാനാർഥിയുടെ വാഹനവ്യൂഹം നീങ്ങുന്നു. ചെങ്ങന്നൂരിലെ വികസനമെന്ന പേരിൽ പലരും അവകാശവാദം ഉന്നയിച്ച മിത്രമഠം പാലത്തിനു സമീപത്തുകൂടിയാണ് യാത്ര. വർഷങ്ങളോളം പുഴയിൽ നാട്ടിയ തൂണുമാത്രമായി നിന്ന പാലം പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുന്നു. കെ കെ രാമചന്ദ്രൻനായർ എംഎൽഎ ആയശേഷം ശരവേഗം പ്രാപിച്ച അനേകം പദ്ധതികളിലൊന്ന്.

തൊട്ടടുത്ത മണ്ണാറത്തറ പ്രമട്ടക്കര ലക്ഷംവീട് കോളനിയിലേക്ക് സ്ഥാനാർഥിയുടെ തുറന്നവാഹനം എത്തുമ്പോഴേക്കും സ്വീകരണകേന്ദ്രത്തിലെ ജനത്തിരക്കുമൂലം വഴിനിറഞ്ഞു. ചെണ്ടമേളവും പുഷ്പവൃഷ്ടിയുമായി കാത്തുനിൽക്കുകയാണ് നാട്ടുകാർ. യുവാക്കൾ മുദ്രാവാക്യങ്ങളുമായെത്തി സ്ഥാനാർഥിയെ വാഹനത്തിൽനിന്നിറക്കി. സ്നേഹസമ്മാനമായി ഓലക്കുട സമ്മാനിച്ചു. പ്രകടനമായി സ്വീകരണവേദിയിലേക്ക്. പ്രസംഗത്തിൽ സജി ചെറിയാൻ മിത്രമഠം പാലത്തിന്റെ നിർമാണ പുരോഗതിയെക്കുറിച്ച് പറഞ്ഞതോടെ കുട്ടികളും മുതിർന്നവരുമടക്കം തിങ്ങിക്കൂടിയ നൂറുകണക്കിനാളുകൾ നിർത്താതെ കൈയടിച്ചു. അവരുടെ ജീവിതത്തിലേക്ക് വികസനത്തിന്റെ പുതുപാത തുറക്കുന്ന പാലം യാഥാർഥ്യമാക്കിയത് എൽഡിഎഫാണെന്ന സുസമ്മതം.

പാണ്ടനാട് സൗത്ത് മേഖലയിലെ ഇല്ലിമലയിൽനിന്നാണ് ബുധനാഴ്ച പര്യടനം ആരംഭിച്ചത്. എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്തു. കർണാടക തെരഞ്ഞെടുപ്പുൾപ്പെടെ സമകാലിക വിഷയങ്ങൾ പരാമർശിച്ച് രാജേഷ് പ്രസംഗിക്കുന്നതിനിടെ സ്ഥാനാർഥിയെത്തി. ബാലസംഘം കൂട്ടുകാർ ഒരുക്കിയ ഫ്ളാഷ് മോബിനുശേഷം സജി ചെറിയാന് ഹൃദ്യമായ സ്വീകരണം. വികസനവിഷയങ്ങൾ പരാമർശിച്ച് എതിരാളികളുടെ കഴമ്പില്ലാത്ത ആരോപണങ്ങൾക്ക് ചുരുക്കം വാക്കുകളിൽ മറുപടി നൽകി സജി ചെറിയാന്റെ മറുപടി പ്രസംഗം. പിന്നെ തുറന്നവാഹനത്തിൽ അടുത്തകേന്ദ്രത്തിലേക്ക്.

കൈതക്കാട്ടുപടി, മുക്കുംവേലിപ്പടി, പൂപ്പറത്തിൽ കോളനി, അപ്പോളോ ജങ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പര്യടനം മുന്നേറി. ആകാശം ഉച്ചമുതൽ ഇരുണ്ടുനിൽക്കുകയാണെങ്കിലും സ്ഥാനാർഥിയെ കാത്തുനിൽക്കുന്നവർക്കെല്ലാം തെളിഞ്ഞമുഖം. അൽപ്പം വൈകിയാലും സ്ഥാനാർഥിയെ കാണാനും മാലയിട്ടും പൂക്കൾ ചൊരിഞ്ഞും സ്വീകരിക്കാനും പരിഭവമില്ലാതെ നിറഞ്ഞ മനസോടെ നാട് കാത്തുനിന്നു. പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലായിരുന്നു സ്വീകരണം. പര്യടനം കല്ലിശേരിയിൽ സമാപിച്ചു.

പ്രധാന വാർത്തകൾ
 Top