30 May Saturday

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ : ജില്ല കൈകഴുകി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020


കൊച്ചി
കോവിഡ്–-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ കരുത്തായി ജില്ലയിൽ ‘കണ്ണി പൊട്ടിക്കൂ’ (ബ്രേക്ക്‌ ദ ചെയിൻ) ക്യാമ്പയിന്‌ ഉജ്വല തുടക്കം. കെെകൾ കൃത്യമായി ശുചിയാക്കി രോഗവ്യാപനം പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രചാരണപരിപാടി ജില്ല രണ്ടുകൈയും നീട്ടി വരവേറ്റു. സർക്കാർ–-സ്വകാര്യ സ്ഥാപനങ്ങളിൽ കൈകഴുകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി. ശുചിയാക്കുന്നതിന്‌ സോപ്പും ഹാൻഡ്‌ സാനിറ്റൈസറുകളും നൽകി. ജീവനക്കാരും പുറത്തുനിന്നു വന്നവരും കൈകഴുകി ശുചിയാക്കിയ ശേഷമാണ്‌ സ്ഥാപനങ്ങളിൽ പ്രവേശിച്ചത്‌. ഇൻഫോപാർക്കിലെ ഐടി സ്ഥാപനങ്ങൾ അടക്കം ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിന്‌ പിന്തുണ നൽകി. ഓഫീസിനുള്ളിലും ടോയ്‌ലറ്റിലും ഹാൻഡ്‌ സാനിറ്റൈസറുകൾ ജീവനക്കാർക്ക്‌ ഐടി കമ്പനികൾ നൽകിയിരുന്നു. 

കലക്ടർ എസ് സുഹാസ് തിങ്കളാഴ്‌ച കൈകൾ സോപ്പുപയോഗിച്ചു കഴുകിയതിനുശേഷമാണ് ഓഫീസിലേക്ക്‌ കയറിയത്. സംസ്ഥാന സർക്കാരിന്റെ കോവിഡ്–-19 പ്രതിരോധ പ്രവർത്തനമായ ‘ബ്രേക്ക് ദ ചെയ്ൻ’ ക്യാമ്പയിനിൽ പങ്കാളിയാകുകയായിരുന്നു കലക്ടർ. കലക്ടറേറ്റ് അങ്കണത്തിൽ വാഹനത്തിൽ നിന്നിറങ്ങിയ എസ് സുഹാസ് ആദ്യം ഇവിടെ തയ്യാറാക്കിയിരുന്ന സാനിറ്റൈസർ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കി. പിന്നീട് സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകി. അതിനുശേഷമാണ് ഓഫീസിലേക്ക് കയറിയത്.

ക്യാമ്പയിന്റെ ഭാഗമായി കലക്ടറേറ്റ് പ്രവേശനവാതിലിനു സമീപം പൊതുജനങ്ങൾക്കും ജീവനക്കാർക്കും കൈകൾ ശുചിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ കൈകൾ ശുചിയാക്കിയതിനുശേഷം മാത്രമേ ഓഫീസുകളിൽ പ്രവേശിക്കാവൂ. ഇതിനായുള്ള സോപ്പും വെള്ളവും സാനിറ്റൈസറും ജീവനക്കാർ കലക്ടറേറ്റിൽ ഒരുക്കി.

ഫലപ്രദമായി കൈകഴുകി വ്യക്തിശുചിത്വം പാലിച്ച് കോവിഡ്–-19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിന്റെ ലക്ഷ്യം. സർക്കാർ-------, അർധസർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

സിവിൽ സ്റ്റേഷനിൽ സാനിറ്റൈസർ
കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ സാനിറ്റൈസർ സ്ഥാപിച്ചു. കലക്ടർ എസ്‌ സുഹാസ് ഉദ്‌ഘാടനം ചെയ്തു. എഡിഎം ചന്ദ്രശേഖരൻനായർ, അഡിഷണൽ ഡിഎംഒ എസ്‌ ശ്രീദേവി, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എസ്‌ സുരേഷ്കുമാർ, ജില്ലാ പ്രസിഡന്റ്‌ കെ എ അൻവർ, ആർ ഹരികുമാർ, സുമിത് സി തുരുത്തി എന്നിവർ സംസാരിച്ചു.


 

കുസാറ്റിൽ പൊതുടാപ്പും ഹാൻഡ്‌ വാഷ് സംവിധാനവും
കളമശേരി
സംസ്ഥാന സർക്കാരിന്റെ ‘ബ്രേക്ക് ദി ചെയിൻ’ പരിപാടിക്ക് പിന്തുണയുമായി കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ കുസാറ്റിൽ  പൊതുടാപ്പും ഹാൻഡ്‌ വാഷ് സംവിധാനവും സ്ഥാപിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവും കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കുസാറ്റ് അമിനിറ്റി സെന്ററിനു സമീപമാണ് വാട്ടർ ടാങ്കും ടാപ്പുകളും ഹാൻഡ്‌ വാഷും ഒരുക്കിയത്. ജീവനക്കാർക്കും ക്യാമ്പസിലെത്തുന്ന പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്‌. എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ടി കൃഷ്ണകുമാർ, സെക്രട്ടറി എ എസ് സിനേഷ് തുടങ്ങിയവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top