25 May Monday

കൊറോണയല്ല, ആശങ്കപ്പെടുത്തുന്നത്‌ തൊഴിൽ ; അതിഥി തൊഴിലാളികൾ മടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020


കൊച്ചി
കോവിഡ്‌–-19 ബാധയെക്കുറിച്ച്‌ തെല്ലും ആശങ്കയില്ലാതെ ഇതരസംസ്ഥാന തൊഴിലാളികൾ. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ, തൊഴിൽ വകുപ്പുകളുടെയും പ്രതിരോധ മുന്നറിയിപ്പുകളും സന്ദേശങ്ങളും തൊഴിലാളികളിൽ ആശ്വാസം പകരുന്നു. എന്നാൽ, നിർമാണ–-കാർഷിക മേഖലയിൽ തൊഴിൽ കുറഞ്ഞതോടെ സ്വന്തം നാടുകളിലേക്ക്‌ മടങ്ങുന്നവരും കുറവല്ല.

ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പെരുമ്പാവൂരിലെ മര, പ്ലൈവുഡ്‌ മേഖലയിലെ  തൊഴിലാളികളാരും നാട്ടിലേക്ക്‌ പോയിട്ടില്ല. തൊഴിലാളികളോട്‌ ശുചിത്വം പാലിക്കാനും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ സോമിൽ ഓണേഴ്‌സ്‌ ആൻഡ്‌ പ്ലൈവുഡ്‌ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ്‌ റഹ്‌മാൻ പറഞ്ഞു. തൊഴിലാളികൾ കമ്പനികളിൽനിന്ന്‌ പുറത്തിറങ്ങരുതെന്ന നിർദേശത്തെ തുടർന്ന്‌ ഭായ്‌ മാർക്കറ്റെന്ന്‌ അറിയപ്പെടുന്ന പെരുമ്പാവൂർ കഴിഞ്ഞ ഞായറാഴ്‌ച ഏറെക്കുറെ വിജനമായിരുന്നു. സർക്കാരിന്റെ ബോധവൽക്കരണ നിർദേശങ്ങൾ തൊഴിലാളികൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെരുമ്പാവൂർ മേഖലയിലെ 1400 മര, പ്ലൈവുഡ്‌ നിർമാണ യൂണിറ്റുകളിലായി ഒന്നേകാൽലക്ഷംപേരാണ്‌ തൊഴിലെടുക്കുന്നത്‌. കൂടാതെ നിർമാണ, കാർഷിക, തോട്ടം മേഖലകളിൽ പണിയെടുക്കുന്നവരുമുണ്ട്‌. സാമ്പത്തികമാന്ദ്യത്തെതുടർന്ന്‌ ഈ മേഖലകളിൽ പ്രതിസന്ധി വർധിച്ചതോടെ മിക്കതൊഴിലാളികളും നാട്ടിലേക്ക്‌ മടങ്ങുകയാണ്‌.

മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ പലരും മടങ്ങുന്നത്‌ പതിവാണ്‌. കേരളത്തിലെ ചൂട്‌ കാലാവസ്ഥയും മറ്റൊരു കാരണമായി. മൂവാറ്റുപുഴയിൽ വിവിധ മേഖലകളിലായി അരലക്ഷംപേരെങ്കിലും തൊഴിലെടുക്കുന്നുണ്ട്‌. കാർഷിക മേഖലയിലെ പ്രതിസന്ധി തൊഴിലിനെയും ബാധിച്ചതോടെ നിരവധിപേർ നാട്ടിലേക്ക്‌ തിരിച്ചു. പശ്ചിമബംഗാൾ, ബിഹാർ, അസം, ഒഡിഷ എന്നിവിടങ്ങളിലുള്ളവർ നാട്ടിലേക്ക്‌ മടങ്ങാനെത്തുന്നതോടെ റെയിൽവേ സ്‌റ്റേഷനുകളിലും തിരക്ക്‌ വർധിച്ചിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top