25 July Sunday

പ്രതിരോധ പോരാട്ടം പിന്നിട്ടത്‌ 50 നാൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020


കളമശേരി
കൊറോണയ്ക്കെതിരെ പ്രതിരോധം തീർക്കാൻ സംസ്ഥാനത്താരംഭിച്ച എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ആദ്യ ഐസൊലേഷൻ വാർഡ് 50 ദിനങ്ങൾ പിന്നിട്ടു. നാൾക്കുനാൾ കൂടുതൽ പേർ ചികിത്സയ്‌ക്കെത്തുകയും അധ്വാനഭാരം കൂടുകയും ചെയ്യുമ്പോൾ പ്രതിരോധനിരയുടെ മുന്നിൽനിന്ന് പോരാടുന്ന മെഡിക്കൽ കോളേജ് ജീവനക്കാർ രോഗവ്യാപനത്തെ വരുതിയിലാക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്. ജനുവരി 23ന് തുടങ്ങിയതാണ് മെഡിക്കൽ കോളേജിലെ ഈ പ്രതിരോധ സംവിധാനം. സംസ്ഥാനത്തെ വലിയ ഐസൊലേഷൻ വാർഡും ഇതുതന്നെ. ലോകനിലവാരത്തിലുള്ളതാണ് ഇതെന്ന് എയിംസിലെയും എൻസിഡിസിയിലെയും വിദഗ്‌ധരും സാക്ഷ്യപ്പെടുത്തുന്നു.

ഒരുവർഷം മുമ്പ് എറണാകുളത്ത് നിപാ റിപ്പോർട്ട് ചെയ്തപ്പോൾ വിജയകരമായി പ്രതിരോധ സംവിധാനങ്ങളൊരുക്കിയതിന്റെ അനുഭവങ്ങളുമായാണ് മെഡിക്കൽ കോളേജിലെ ഡാേക്ടർമാരുൾപ്പെടെയുള്ളവർ കൊറോണ പോരിനിറങ്ങിയത്. ലൈബ്രറി, ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്ന്, നാല്, അഞ്ച് നിലകളിലെ ബാത്ത് റൂം ഉൾപ്പെടുന്ന 30 മുറികളാണ് ഐസൊലേഷൻ വാർഡുകളായി തിരിച്ചത്. അവിടം സിസിടിവി നിരീക്ഷണത്തിലാണ്. വാർഡുകളിൽ ഓക്സിജൻ സൗകര്യവും എല്ലാ നിലകളിലും സിലിൻഡറുകളും എക്കോമെഷിനുകളും ഐസിയുകളുമുണ്ട്. രോഗികൾക്ക് ഫോണും വസ്ത്രങ്ങളും ഇഷ്ടമുള്ള ഭക്ഷണവും നൽകും.  മരുന്ന്, സോപ്പ്, ചെരിപ്പ് എന്നിവ സൗജന്യവുമാണ്‌. മെഡിക്കൽ കോളേജ് ഭരണവിഭാഗം ഓഫീസിൽ സജ്ജീകരിച്ച കൺട്രോൾ റൂമിലാണ് ഐസൊലേഷൻ നിരീക്ഷണവും വിലയിരുത്തലും. നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീന്റെ നേതൃത്വത്തിൽ ഇവിടെനിന്നാണ് ദിവസവും സർക്കാറിന്‌ റിപ്പോർട്ട് നൽകുന്നത്. 

ദിവസവും കൊറോണ ഐസൊലേഷനിൽ മാത്രം നൂറിലേറെ പേരാണ് ഡ്യൂട്ടിയിൽ വരുന്നത്.  ജീവനക്കാർക്കുള്ള പ്രതിരോധ വസ്ത്രത്തിൽ (പിപിഇ) ഒരാൾക്ക് നാലു മണിക്കൂറാണ് കഴിയാനാകുക. ഒരു സെറ്റ് വസ്ത്രത്തിന് 300 രൂപവരും. ഇതു ധരിച്ചാൽ ഭക്ഷണമോ വെള്ളമോ കഴിക്കാനാകില്ല. വല്ലാതെ വിയർക്കും. ഫാനിന്റെ കാറ്റും ശരീരത്തിലെത്തില്ല. ഡ്യൂട്ടികഴിഞ്ഞാൽ വസ്ത്രം അഴിച്ചുമാറ്റി സംസ്കരിക്കുന്നതും ഏറെ പ്രധാനമാണ്. ഒരു ദിവസം 30,000 രൂപയുടെ വസ്ത്രമെങ്കിലും ഇത്തരത്തിൽ ഉപയോഗിച്ച് ഡിസ്പോസ് ചെയ്യുന്നുണ്ട്. ഡ്യൂട്ടി കഴിഞ്ഞിറങ്ങാൻ പ്രത്യേക വഴിയാണ്‌ (ഫയർഎസ്കേപ്പ് കോണി) ഉപയോഗിക്കുന്നത്.

ആംബുലൻസ് ജീവനക്കാരും സഹായികളുമുൾപ്പെടെ എല്ലാവർക്കും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. രോഗിയിൽ നിന്നെടുക്കുന്ന സാമ്പിളുകൾ ആലപ്പുഴ എൻഐവിയിലേക്ക് ദിവസം പലതവണയായി എത്തിക്കണം. ഐസൊലേഷൻ ചികിത്സ കൂടാതെ  കോൺടാക്ട് ട്രാക്കിങ്, എയർ പോർട്ട്‌ സ്ക്രീനിങ്‌, മുൻഗണന നിശ്ചയിക്കാനുള്ള ഒപി, കൗൺസലിങ്‌, സാമ്പിൾ കലക്‌ഷൻ, റിസൾട്ട്‌ ട്രാക്കിങ്‌ ഉൾപ്പെടെയുള്ളവയും ഇവിടെ നടക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top