22 July Monday

"ജലവഴി'യിൽ വികസനക്കുതിപ്പ‌്; രണ്ടുവരി ദേശീയ ജലപാതയുള്ള ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമാകാനൊരുങ്ങി കേരളം

അഞ്ജുനാഥ‌്Updated: Sunday Mar 17, 2019

കൊച്ചി > രണ്ടുവരി ദേശീയ ജലപാതയുള്ള ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമാകാനൊരുങ്ങി കേരളം. 180 കിലോമീറ്റർ ദൈർഘ്യമു‌ള്ള കൊല്ലം–-കോട്ടപ്പുറം ദേശീയ ജലപാത ഇരട്ടിപ്പിക്കൽ മേയിൽ പൂർത്തിയാകും. ജലഗതാഗത മേഖലയിൽ വലിയ മാറ്റത്തിനാണ‌് ഈ പാത ‌‌വഴിതുറക്കുക. ചെലവുകുറഞ്ഞ ഗതാഗതവും ചരക്കുനീക്കവും ജലപാത വഴി സാധ്യമാകും. ചവറയിൽ ഒരു കിലോമീറ്ററിൽ ആഴംകൂട്ടൽ ജോലികൾ മാത്രമാണ‌് ഇനി ബാക്കിയുള്ളത‌്.

ചരക്കു ടെർമിനലുകൾ പ്രധാന പാതകളുമായി ബന്ധിപ്പിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളും  ഇതിനൊപ്പം ഒരുക്കുന്നുണ്ട‌്. കൊച്ചി–-കോട്ടപ്പുറം, കൊച്ചി–-ആലപ്പുഴ, ആലപ്പുഴ–-കായംകുളം, കായംകുളം–-ഇടപ്പള്ളിക്കോട്ട, ഇടപ്പള്ളിക്കോട്ട–-കൊല്ലം എന്നീ അഞ്ചു ഘട്ടങ്ങളായാണ‌് പാതയുടെ നിർമാണം. ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിക്കാണ‌് ജലപാതാ വികസനത്തിന്റെ ചുമതല.    

2000ൽ ഇ കെ നായനാർ മന്ത്രിസഭയാണ‌് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചത‌്. 300 കോടിയായിരുന്നു നിർമാണച്ചെലവ‌്. ജലപാത ഉൾപ്പെടുന്ന പ്രദേശങ്ങളുടെ വീതിയും ആഴവും കൂട്ടുന്നതായിരുന്നു  പ്രധാന വെല്ലുവിളി. മത്സ്യബന്ധനത്തിനായി സ്ഥാപിച്ചിട്ടുള്ള ഊന്നിക്കുറ്റികൾ മാറ്റുക, ഡ്രഡ‌്ജിങ‌് നടത്തുക തുടങ്ങിയ ജോലികൾ പലപ്പോഴും തടസ്സപ്പെട്ടു. ഊന്നിക്കുറ്റി മാറ്റുന്നതിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രക്ഷേ‌ാഭം നടത്തി. എന്നാൽ, ഇവരുടെ ആശങ്കയകറ്റാനായി 

മുൻ യുഡിഎഫ‌് സർക്കാർ ഒന്നും ചെയ‌്തില്ല. ഇതോടെ വഴിമുട്ടിയ ജലപാതാ വികസനം എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറിയതിനു ശേഷമാണ‌് വേഗത്തിലായത‌്. മത്സ്യത്തൊഴിലാളികളുടെയും തീരവാസികളുടെയും പ്രശ‌്നങ്ങൾ പരിഹരിച്ചു. പദ്ധതി പൂർത്തീകരിക്കാൻ ജില്ലാ അധികൃതർക്ക‌് കർശന നിർദേശം നൽകി. ആഴം കുറഞ്ഞ എല്ലാഭാഗത്തും ഡ്രഡ‌്ജിങ‌് ആരംഭിച്ച‌ു. പാതയുടെ ആഴം രണ്ടു മീറ്ററിൽ നിലനിർത്തി. ഇതോടെയാണ‌് പാത പൂർണമായും ഗതാഗതയോഗ്യമായത‌്.

വ്യവസായ ജില്ലയായ എറണാകുളത്തിനായിരിക്കും ജലപാത കൂടുതൽ പ്രയോജനപ്പെടുക. കരമാർഗത്തെ അപേക്ഷിച്ച‌് ജലമാർഗമുള്ള ചരക്കുകടത്തലിന‌് 40 ശതമാനത്തിലേറെ ചെലവ‌് കുറവാണ‌്. റോഡ‌ിലെ തിരക്ക‌് കുറയ‌്ക്കാനും സാധിക്കും. കോട്ടപ്പുറത്തുനിന്ന‌് ജലപാത കോഴിക്കോട്ടേക്ക‌് നീട്ടാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ‌്. 168 കിലോമീറ്റർ നീളത്തിൽ രണ്ടുവരിപ്പാതയാണ‌് നിർമിക്കുക. ഇതിനൊപ്പം ആലപ്പുഴ–-ചങ്ങനാശേരി, ആലപ്പുഴ–-കോട്ടയം, കോട്ടയം–-വൈക്കം എന്നീ ഫീഡർ കനാലുകളും വികസിപ്പിക്കും.

ആലപ്പുഴ–-ചങ്ങനാശേരി കനാലിൽ രാത്രി ഗതാഗതം സാധ്യമാകുന്ന വിധത്തിൽ ബോയകൾ സ്ഥാപിച്ചു കഴിഞ്ഞു. കോവളം മുതൽ കാസർകോട‌് വരെ നീളുന്ന ബൃഹത്തായ ഇരട്ടവരി ജലപാത വികസിപ്പിക്കാനാണ‌് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത‌്. ഇതിനൊപ്പം ഉപ കനാലുകൾകൂടി വികസിപ്പിച്ച‌് ജലപാതയുമായി കൂട്ടിയിണക്കും. ചരക്കുനീക്കം, ടൂറിസം വികസനം, ആധുനിക ജലഗതാഗത സംവിധാനങ്ങളുടെ വികസനം എന്നിവ ഇതിലൂടെ സാധ്യമാകും.

ദേശീയ ജലപാതയിൽ ‘‌സ‌്മാർട്ട‌് ബോട്ടുകൾ’

ദേശീയ ജലപാത വികസനം യാഥാർഥ്യമായതോടെ ഇതിലൂടെ ജലഗതാഗത വകുപ്പിന്റെ സ‌്മാർട്ട‌് ബോട്ടുകൾ കുതിക്കുന്നു. രാജ്യത്തെ ആദ്യ സൗരോർജ യാത്രാ ബോട്ട‌് ‘ആദിത്യ’യാണ‌് ആദ്യമെത്തിയത‌്. വൈക്കം–-തവണക്കടവ‌് റൂട്ടിൽ സർവീസ‌് നടത്തുന്ന ആദിത്യ രണ്ടു വർഷം മുമ്പാണ‌് നീരണിഞ്ഞത‌്. വൈക്കം–-എറണാകുളം റൂട്ടിൽ അതിവേഗ യാത്രാ ബോട്ട‌് ‘വേഗ’യുടെ സർവീസ‌് 2018 നവംബറിൽ ആരംഭിച്ചു. പിന്നാലെ ആലപ്പുഴ–-കൊല്ലം റൂട്ടിൽ രണ്ട‌് ആധുനിക ബോട്ടുകളുമെത്തി. വൈറ്റില–-കാക്കനാട‌് റൂട്ടിൽ ഇരുചക്ര വാഹനങ്ങളും കയറ്റിക്കൊണ്ടു പോകാവുന്ന യാത്രാ ബോട്ടും സർവീസ‌് നടത്തുന്നു. ആലപ്പുഴ, മുഹമ്മ, വൈക്കം, പാണാവള്ളി എന്നിവിടങ്ങളിൽ ജല ആംബുലൻസുകളും ഏർപ്പെടുത്തിയിട്ടുണ്ട‌്. കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ജല ടാക‌്സികൾ രണ്ടു മാസത്തിനകം സർവീസ‌് ആരംഭിക്കും. ആലപ്പുഴയിൽ സൗരോർജ യാത്രാ ബോട്ടും ഉടൻ പുറത്തിറങ്ങും. ദേശീയ ജലപാതയിലെ പ്രധാന കായലുകളായ വേമ്പനാട്ടുകായൽ, പുന്നമടക്കായൽ, അഷ‌്ടമുടിക്കായൽ എന്നിവയിൽ എല്ലായിടത്തും ജലഗതാഗതവകുപ്പിന്റെ  ബോട്ടുകളുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top