04 April Saturday

തോക്ക്‌ കിട്ടി; സിഎജിയുടെ വിശ്വാസ്യതയോ? ; റിപ്പോർട്ട്‌ ദുരുദ്ദേശ്യപരമെന്ന വാദം ശക്തിപ്പെട്ടു

കെ ശ്രീകണ‌്ഠൻUpdated: Tuesday Feb 18, 2020

കേരള പൊലീസിന്റെ 25 തോക്കും ഭദ്രമാണെന്ന്‌ കണ്ടെത്തിയതോടെ തോക്കുകൾ കാണാതായെന്ന്‌ ആരോപിച്ച  സിഎജി റിപ്പോർട്ടിന്റെ വിശ്വാസ്യത സംശയനിഴലിൽ.  പൊലീസിന്റെ 25 റൈഫിളും 12,061 വെടിയുണ്ടയും കാണാതായെന്ന ഗുരുതര വെളിപ്പെടുത്തലാണ്‌ അക്കൗണ്ടന്റ്‌ ജനറൽ എസ്‌ സുനിൽരാജ്‌ നടത്തിയത്‌. സിഎജി റിപ്പോർട്ടിൽ കാണാനില്ലെന്ന്‌ വ്യാഖ്യാനിച്ച തോക്കുകളാണ്‌ ഇപ്പോൾ തലസ്ഥാനത്തെ എസ്‌എപി ക്യാമ്പിലുണ്ടെന്ന്‌ വ്യക്തമായത്‌. ഇതോടെ സിഎജി റിപ്പോർട്ട്‌ ദുരുദ്ദേശ്യപരമെന്ന  വാദം കൂടുതൽ ശക്തിപ്പെട്ടു. പൊലീസിനെ നിശിതമായി  വിമർശിച്ച  അക്കൗണ്ടന്റ്‌ ജനറൽ പ്രതിക്കൂട്ടിലുമായി. ഇതോടെ ഓഡിറ്റ്‌ റിപ്പോർട്ടിലെ മറ്റ്‌ കണ്ടെത്തലുകൾക്കും അടിസ്ഥാനമില്ലെന്ന നിരീക്ഷണവും ബലപ്പെടുകയാണ്‌.

കാണാതായ തോക്കും വെടിയുണ്ടയും എവിടെയെന്നതിന്‌ ഉദ്യോഗസ്ഥർക്ക്‌ കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ലെന്നാണ്‌ സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയത്‌. സ്‌റ്റോക്ക്‌ രജിസ്‌റ്ററുകളും രേഖകളും ശരിയാംവിധം പരിശോധിക്കാതെയും ഉദ്യോഗസ്ഥരുടെ വിശദീകരണത്തിന്‌ ചെവികൊടുക്കാതെയുമാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയതെന്നാണ്‌ വെളിപ്പെടുന്നത്‌. തോക്ക്‌ നഷ്ടപ്പെട്ടെന്ന  അക്കൗണ്ടന്റ്‌ ജനറലിന്റെ ‘ആധികാരികത’ യോടെയുള്ള  വെളിപ്പെടുത്തൽ ആശങ്ക ജനിപ്പിച്ചിരുന്നു.
ചോർത്തലിനും പ്രതികരണമില്ല

നിയമസഭയിൽ വയ്‌ക്കുംമുമ്പ്‌ റിപ്പോർട്ട്‌ ചോർന്നുവെന്ന ആക്ഷേപം സിഎജിക്കുനേരെ ഉയർന്നിട്ടുണ്ട്‌. ഇതിനോട്‌ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനോടൊപ്പം വസ്‌തുതാപരമല്ലാത്ത കാര്യങ്ങൾ ഓഡിറ്റ്‌ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിനും മറുപടി പറയേണ്ടിവരും. 

എസ്‌ഐ, എഎസ്‌ഐ ക്വാർട്ടേഴ്‌സുകൾക്കുള്ള 2.91 കോടി വകമാറ്റി എഡിജിപിമാർക്ക്‌ വില്ല നിർമിക്കുന്നു, ആഡംബര വാഹനങ്ങൾ വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ്‌ സിഎജി റിപ്പോർട്ടിലെ മറ്റ്‌ കണ്ടെത്തൽ. സുരക്ഷാപദ്ധതിയായ സിംസിന്റെ കരാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്‌ നൽകിയെന്നതാണ്‌ മറ്റൊരു കണ്ടെത്തൽ. കെൽട്രോണും പൊലീസും തമ്മിൽ ‘അവിശുദ്ധ ബന്ധം’ എന്ന പരാമർശംവരെ  അക്കൗണ്ടന്റ്‌ ജനറലിൽ നിന്നുണ്ടായി.

എന്നാൽ, റിപ്പോർട്ടിൽ ഒരിടത്തും ‘അവിശുദ്ധ ബന്ധം’ എന്ന പരാമർശമില്ല. റിപ്പോർട്ടിലില്ലാത്ത കാര്യങ്ങളാണ്‌ അക്കൗണ്ടന്റ്‌ ജനറൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്ന്‌ സിഎജി വൃത്തങ്ങൾ സൂചിപ്പിച്ചു.  പൊലീസ്‌ മേധാവിയെ പേര്‌ എടുത്തുപറഞ്ഞ്‌ നടത്തിയ പരാമർശവും അസാധാരണമാണെന്ന വിലയിരുത്തലിലാണ്‌ അവർ. ഇത്‌ സംശയാസ്‌പദമാണെന്ന്‌ പരാതി ഉയർന്നിട്ടുണ്ട്‌. ഇക്കാര്യത്തിൽ ആരെങ്കിലും സിഎജിക്ക്‌ പരാതി നൽകിയാൽ അക്കൗണ്ടന്റ്‌ ജനറൽ വിശദീകരണം നൽകേണ്ടിവരും.


പ്രധാന വാർത്തകൾ
 Top