01 April Wednesday

സിംസ്‌ തുടങ്ങിയത്‌ യുഡിഎഫ്‌ കാലത്ത്‌ ; പൊലീസ് ആഡംബരവാഹനങ്ങൾ വാങ്ങിയിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020



പൊലീസിനും കെൽട്രോണിനും എതിരെ സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്ന  -സിംസ് പദ്ധതിക്കുവേണ്ടി  സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് 2014 ൽ യുഡിഎഫ് സർക്കാർ കാലത്ത്‌. നടപ്പാക്കാൻ കഴിയാതെ പോയ പദ്ധതി പിന്നീട് 2018ലാണ്പരിഗണിച്ചത്. പൊലീസിന് പെട്ടെന്ന് സ്ഥലത്തെത്തി കവർച്ചയും മറ്റും തടയാനാണ് പദ്ധതി ആവിഷ്കരിച്ചത്.

പദ്ധതിയിൽ പങ്കാളിയായി ഗ്യാലക്സിയോണിനെ തെരഞ്ഞെടുത്തത് കെൽട്രോൺ ആണ്. എല്ലാ ജില്ലകളിലും  മാർക്കറ്റിങ്‌ നടത്തിയത് കെൽട്രോൺ ആണ്. എന്നാൽ കാര്യമായി ഉപഭോക്താക്കളെ കിട്ടിയില്ല. അഞ്ചു പേർ മാത്രമാണ് ഈ സംവിധാനത്തിൽ ചേർന്നത്. പദ്ധതിയുടെ 13ശതമാനം വരുമാനം സർക്കാരിന് നൽകാനായിരുന്നു തീരുമാനം. ഈ സാഹചര്യത്തിലാണ് വിവിധ ജില്ലകളിൽ നിന്ന് ചില സ്ഥാപനങ്ങളെ പദ്ധതിയിൽ ചേർക്കാൻ  വാക്കാൽ നിർദേശം നൽകിയത്. ഈ സംവിധാനത്തിന്റെ  പ്രമോഷന് വേണ്ടി ഏതാനും പേരെ സൗജന്യമായി ചേർക്കാനാവുമോയെന്നും പരിശോധിച്ചു. എട്ടു മാസത്തോളം പ്രവർത്തിക്കാതിരുന്ന സിംസ് സംവിധാനം പ്രവർത്തനക്ഷമമാക്കാനാണ് ഇങ്ങനെ ചെയ്തത്. ഈ സംവിധാനം ഏർപ്പെടുത്തിയതുവഴി  പൊലീസിനോ സർക്കാരിനോ ചിലവ്‌ വന്നിട്ടില്ല.

ആഡംബര വാഹനമല്ല
പൊലീസ് ആഡംബരവാഹനങ്ങൾ വാങ്ങിയിട്ടില്ല. ഇന്നോവ, എർട്ടിഗ, എന്നിവയൊക്കെ ആഡംബരവാഹനങ്ങളാണെന്ന സിഎജിയുടെ വാദവും ശരിയല്ല. ഒരു ഇൻസ്പെക്ടറും ക്രമസമാധാനത്തിനും കേസ് അന്വേഷണത്തിനും രണ്ടു സബ്‌ ഇൻസ്പെക്ടർമാരും അടങ്ങുന്ന പൊലീസ് സ്റ്റേഷന്‌ മൂന്നു വാഹനങ്ങളാണ് ആവശ്യം.  എല്ലാ പൊലീസ് സ്റ്റേഷനിലും  കുറഞ്ഞത് രണ്ട് വാഹനങ്ങൾ ഇപ്പോഴുണ്ട്‌. ചിലയിടത്ത്‌  മൂന്നും നാലും വാഹനങ്ങൾ വീതമുണ്ട്.

പൊലീസ്  നവീകരണത്തിനുള്ള ഫണ്ട് ചെലവഴിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ  ഓഡിറ്റ് സംഘം വർഷത്തിൽ രണ്ടു തവണ ഓഡിറ്റ് നടത്താറുണ്ട്. അവർ പോലും വാഹനം വാങ്ങിയത് നിയമാനുസൃതമല്ലെന്ന് പറഞ്ഞിട്ടില്ല. പൊലീസിന്റെ ആധുനികവൽക്കരണം സംബന്ധിച്ച് വിദഗ്ധമായി ഓഡിറ്റിങ്‌ നടത്തി അഭിപ്രായം രേഖപ്പെടുത്തേണ്ടത്‌ അവരാണ്‌. കാലാകാലങ്ങളായി ഫണ്ട് ഭംഗിയായി ചെലവഴിച്ചതിന് അവർ പ്രശംസിച്ചിട്ടേയുള്ളൂ. ശരിയാംവണ്ണം ഫണ്ട് ചെലവഴിച്ച സംസ്ഥാനങ്ങൾക്ക് ഇൻസെൻറീവായി അധികതുക ലഭിക്കാൻ സാധ്യതയുണ്ട്. ഇത്തരം വിവാദങ്ങൾ ഇങ്ങനെ അധികതുക ലഭിക്കാനുള്ള സാധ്യത നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

പൊലീസ്‌ വസതികൾ റെഡി
താഴ്‌ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക്‌ ഔദ്യോഗികവസതികൾ നിർമിക്കുന്നില്ലെന്ന ആരോപണവും ശരിയല്ല.  ഇത്തരം 12 വീടാണ് മുഖ്യമന്ത്രി എറണാകുളത്ത് ശനിയാഴ്ച ഉദ്ഘാടനം ചെയ്തത്. പൊലീസുകാർക്കും ഓഫീസർമാർക്കും മാത്രമായി 64 വീടുകൾ കോഴിക്കോട് പണി പൂർത്തിയാകുന്നു. കോഴിക്കോട്ടുതന്നെ ഇത്തരം 48 വീട്‌ നേരത്തേ പണി പൂർത്തിയായിരുന്നു.


പ്രധാന വാർത്തകൾ
 Top