01 April Wednesday

ഞാൻ മാത്രമല്ല, നാലുപേർകൂടിയുണ്ട്. അവരെക്കൂടി രക്ഷിക്കണം ; മരണവലയം തീര്‍ത്ത് തീ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


സ്വന്തം ലേഖകൻ
‘കാറ്റിൽ തങ്ങൾക്ക് ചുറ്റും തീവലയമായി. ഓടി രക്ഷപ്പെടാനായില്ല. ഞാൻ മാത്രമല്ല, നാലുപേർകൂടിയുണ്ട്. അവരെക്കൂടി രക്ഷിക്കണം’. മരണത്തിന് മുമ്പ് വാച്ചർ ശങ്കരന്റെ വാക്കുകൾ. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മലപ്പുറം വല്ലപ്പുഴ വേളംപുള്ളി വീട്ടിൽ റഫീഖിന്റെ മനസ്സിൽ ശങ്കരന്റെ അവസാന വാക്കുകൾ പുകയുകയാണ്‌. ദേശമംഗലം പള്ളത്തുള്ള ബന്ധുവീട്ടിൽ വിവാഹനിശ്ചയത്തിനെത്തിയ റഫീഖ് തീപിടിത്തമറിഞ്ഞ് ഓടിയെത്തുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് ആറോടെയാണ് വീണ്ടും കാട്ടുതീ പടർന്നത്‌. ആംബുലൻസ് പാഞ്ഞുപോവുന്നത് കണ്ട് നാട്ടുകാർക്കൊപ്പം റഫീഖും വനത്തിലേക്ക് ഓടി. അക്കേഷ്യക്കാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൂന്നുപേർ കിടക്കുന്ന ദാരുണകാഴ്‌ചയാണ്‌ കണ്ടത്‌. കനത്ത പുകയും അടിക്കാട്ടിൽ കനലുകളും പുകയുന്നു. മൂന്നുപേരിൽ ഒരാൾക്ക്  മിടിപ്പ് കണ്ടതോടെ എല്ലാവരുംചേർന്ന് സ്ട്രച്ചറിലേക്ക് കിടത്തി. വനത്തിലൂടെ ചുമന്നാണ് ആംബുലൻസിലേക്ക് എത്തിച്ചത്. ആംബുലൻസിൽ കയറ്റുംവരെ ശങ്കരൻ സംസാരിച്ചുകൊണ്ടിരുന്നു. നാലുപേർ കാട്ടിലുണ്ട്. താൻ മരിക്കുമെന്നും പറഞ്ഞു. പക്ഷേ, രണ്ടുപേർ നേരത്തേ ഓടി രക്ഷപ്പെട്ടിരുന്നു. മൂന്നുപേർ തീയ്‌ക്കുള്ളിൽപ്പെടുകയായിരുന്നുവെന്ന് റഫീഖ് പറഞ്ഞു. ഫയർഫോഴ്സും പൊലീസും നാട്ടുകാരുംചേർന്നാണ്‌ ദിവാകരന്റെയും വേലായുധന്റെയും മൃതദേഹങ്ങൾ വനത്തിൽനിന്ന് പുറത്തെത്തിച്ചത്‌. ആംബുലൻസിൽ കയറ്റി ഗവ. മെഡിക്കൽകോളേജിൽ എത്തിച്ചു.

അഞ്ചുദിവസമായി തലശ്ശേരി, വടക്കാഞ്ചേരി, ദേശമംഗലം കൊറ്റമ്പത്തൂർ വനമേഖലയിൽ കാട്ടുതീ പടർന്നിരുന്നു. വനപാലകരും നാട്ടുകാരും ചേർന്നാണ്‌ സാധാരണ തീയണയ്‌ക്കാറ്‌. ഞായറാഴ്ച പകൽ ഒന്നരയോടെ തീ പടർന്നു. ഇത് ഫയർഫോഴ്സും വനപാലകരുംചേർന്ന് അണച്ചു.

വൈകിട്ട് അഞ്ചോടെ വീണ്ടും തീ പടർന്നതോടെ ഫോറസ്റ്റ് ട്രൈബൽ വാച്ചർ വാഴച്ചാൽ ആദിവാസി കോളനിയിൽ ദിവാകരൻ (52), താൽക്കാലിക വാച്ചറായ വടക്കാഞ്ചേരി കൊടുമ്പ് എടമലപ്പടി വേലായുധൻ (55), കൊടുമ്പ് വട്ടപറമ്പിൽ ശങ്കരൻ (46) ഉൾപ്പെടെയുള്ളവർ വീണ്ടും വനത്തിലേക്ക് കയറുകയായിരുന്നു.

ഫയർലൈനിൽനിന്ന് തീ അണയ്‌ക്കുന്നതിനിടെ കാറ്റിൽ ഇവരുടെ പിൻഭാഗത്തേക്ക് തീ ആളി. ചുറ്റിലും തീവലയമായി. ഫയർലൈൻഭാഗം താഴ്ന്ന് കിടക്കുന്നതിനാൽ മുകളിലേക്ക് കയറാനായില്ല. രണ്ടാൾ ഉയരത്തിൽ എണ്ണമയമുള്ള ഇഞ്ചിപ്പുല്ലുൾപ്പെടെ കത്തി പുകയും ഉയർന്നതോടെ ശ്വാസംമുട്ടി തളർന്നുവീണു. ഇതോടെ ശരീരം മുഴുവൻ തീ കത്തിപ്പടർന്നാണ് മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം മൂന്നുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു.

നേര്യമംഗലം വനത്തിലും തീ
ചൂട്‌ കനത്തതോടെ ഹൈറേഞ്ച്‌ മേഖലയിൽ കാട്ടുതീ വ്യാപകമാകുന്നു. വാളറ തൊട്ടിയാർ ജലവൈദ്യുത പദ്ധതി പ്രദേശത്തിന്‌ സമീപം പുൽമേടുകളിൽ തീ പടരുകയാണ്‌. ഞായാറാഴ്ച രാവിലെ ലോവർ പെരിയാർ ഭാഗത്തുനിന്നാണ് തീ പടർന്നത്. തൊട്ടിയാറിന് മുകൾഭാഗത്തുനിന്ന്‌ ഉള്ളിലേക്ക്‌ രണ്ടു കിലോമീറ്ററോളം പ്രദേശം കത്തിനശിച്ചു.

തിങ്കളാഴ്ച രാത്രി വൈകിയും തീ അണയ്‌ക്കാനായിട്ടില്ല. അടിമാലിയിൽനിന്ന്‌ അഗ്നിശമന സേന തീ അണയ്‌ക്കാൻ ശ്രമിക്കുന്നുണ്ട്‌. നീണ്ടപാറ, കരിമണൽ ഭാഗത്താണ്‌ തീ പടരുന്നത്‌. സേനാംഗങ്ങൾക്ക് എത്താൻ കഴിയാത്തതാണ്‌ തീയണയ്‌ക്കാൻ തടസ്സം. പ്രദേശത്തേക്ക്‌ വെള്ളമെത്തിക്കാനും ബുദ്ധിമുട്ടുണ്ട്‌. അതേസമയം അടിക്കടി വനത്തിനുള്ളിൽ ഉണ്ടാകുന്ന തീപിടിത്തത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top