01 April Wednesday

വൈവിധ്യം നിലനിര്‍ത്തുക പ്രധാനം, ഏകശിലാ രൂപമായ ഇന്ത്യയെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാലത്ത് മുൻകാല ചരിത്രം അറിയേണ്ടത് ആവശ്യമാണ്‌: സച്ചിദാനന്ദന്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020


കൊച്ചി
പല സംസ്‌കാരങ്ങളെയും പുറത്ത് നിർത്തുന്ന ദേശീയതാ സങ്കൽപ്പമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് സാഹിത്യകാരൻ സച്ചിദാനന്ദൻ. ‘സാഹിത്യം, സംസ്‌കാരം, വൈവിധ്യങ്ങളുടെ ഇന്ത്യ’ വിഷയത്തിൽ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനേകം പാരമ്പര്യങ്ങളെ ഉൾക്കൊണ്ടാണ്‌ ഇന്ത്യ ഒന്നിച്ചുനിന്നത്‌. ഏകശിലാ രൂപമായ ഇന്ത്യയെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാലത്ത് മുൻകാല ചരിത്രം അറിയേണ്ടത് ആവശ്യമാണ്‌. ഭാഷ, സംസ്‌കാരം തുടങ്ങിയവയിലെ വൈവിധ്യം നിലനിർത്തുക പ്രധാനമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.

ഒരുപാട് രാമായണങ്ങൾ പല വിഭാഗങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു. രാമായണം എന്നത് കേവലം കൃതിയല്ല. പാരമ്പര്യമാണ്. പല രാമായണങ്ങൾ പല കാലങ്ങളിൽ ഇറങ്ങി. ഇത്‌  കേവലം ഹൈന്ദവമല്ല. ജൈനരുടെയും ബുദ്ധരുടെയും രാമായണം ഉണ്ട്. മുസ്‌ലിം, ക്രിസ്‌ത്യൻ വിഭാഗങ്ങൾക്ക് രാമായണങ്ങൾ ഉള്ള ഇടങ്ങളുണ്ട്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് അടക്കമുള്ള രാജ്യങ്ങളിൽ അത് കാണാം. എല്ലാ രാമായണങ്ങളും ഒരേപോലെയല്ല  രാമകഥയെ സമീപിക്കുന്നത്. കഥാപാത്രങ്ങൾ പൊതുവെങ്കിലും അവയുടെ ബന്ധം വേറെയാണ്.

എല്ലാ ഇന്ത്യക്കാരും ഏതെങ്കിലും ഒരു പ്രത്യേക വംശത്തിന്റെ പിന്മുറക്കാരല്ല. പല സമയത്തുമുള്ള കുടിയേറ്റങ്ങളിലൂടെ എത്തിച്ചേർന്നവരാണ്. സമ്മിശ്ര ജനതയാണ് ഇന്ത്യയിലേതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല ഇന്ത്യൻ സംസ്‌കാരത്തെ നിർമിച്ചത്. ഏറ്റവും വലിയ രാജ്യസ്‌നേഹികളുടെ പാരമ്പര്യം ഇസ്ലാം മതത്തിനുണ്ട്. മുഗൾ കാലഘട്ടത്തിൽ ആണ് ഹിന്ദുക്കളും മുസ്ലിങ്ങളും ഏറ്റവും യോജിപ്പോടെ ജീവിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു.


പ്രധാന വാർത്തകൾ
 Top