04 April Saturday

ജയിലുകൾ സാമൂഹ്യ പരിവർത്തിത കേന്ദ്രങ്ങളായി: മന്ത്രി ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020


കോഴിക്കോട്
തടവറയെക്കുറിച്ചുള്ള സങ്കൽപ്പം മാറിയെന്നും ജയിലുകൾ സാമൂഹ്യ പരിവർത്തിത കേന്ദ്രങ്ങളായി ഉയർന്നുവെന്നും മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു. കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ ഉത്തരമേഖലാ സമ്മേളനം മുതലക്കുളം സരോജ് ഭവനിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ജയിൽ നവീകരണത്തിനായി മൂന്ന്‌ വർഷത്തിനിടെ 42 കോടി രൂപയാണ്‌ സർക്കാർ ചെലവഴിച്ചത്‌.

കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം ജയിലുകളിൽനിന്ന്‌ പുറത്തുവരുന്നവരോട്‌ അനുഭാവപൂർണമായ സമീപനമാണ്‌ സർക്കാരിനുള്ളത്‌. ജയിൽ അന്തേവാസികളുടെ പുനരധിവാസത്തിന് സർക്കാർ പ്രധാന്യം നൽകുന്നു. തൊഴിൽ പരിശീലനത്തിനും ജയിൽ അന്തേവാസികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും നടപടികളുണ്ട്‌.   ഓരോ കുറ്റവാളിയെയും ശരിയായ പാതയിലേക്ക് കൊണ്ടുവരികയെന്നത് ജയിലിൽ ജോലിചെയ്യുന്നവരുടെ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിന്‌  പണം അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണമാണ് കേന്ദ്രസർക്കാർ  ഏർപ്പെടുത്തുന്നത്. എന്നാലും ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിൽ വിട്ടുവീഴ്‌ചയുണ്ടാകില്ല–- മന്ത്രി പറഞ്ഞു.

കെ പി മണി അധ്യക്ഷനായി. ഉത്തരമേഖലാ ഡിഐജി എം കെ വിനോദ്കുമാർ, കെ വിനോദൻ, വി വി പ്രജിത്ത്, ടി കെ ജനാർദനൻ, കെ കെ സുരേഷ് ബാബു, ജി എസ് ശ്രീജിഷ്, ജി ബൈജു, ഇ ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
 


പ്രധാന വാർത്തകൾ
 Top