26 March Tuesday

സംസ്ഥാനത്തെ ആദ്യ മെട്രോ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019

കൊച്ചി > കൊച്ചി മെട്രോയിൽ കുഴപ്പം കാണിക്കാമെന്ന‌് വിചാരിക്കുന്നവർ ജാഗ്രതൈ. മെട്രോയിലെ ക്രമസമാധാന പരിപാലത്തിനുമാത്രമായി ഇനി പ്രത്യേക പൊലീസ‌് സ‌്റ്റേഷനായി. സെൻട്രൽ സിഐ അനന്തലാലിനാണ‌് മെട്രോസ‌്റ്റേഷന്റെ ചുമതല. റെയിൽവേയിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന റെയിൽവേ പൊലീസിന്റെ മാതൃകയിലാണ‌് മെട്രോ പൊലീസും പ്രവർത്തിക്കുക.

സംസ്ഥാനത്തെ ആദ്യ മെട്രോ പൊലീസ് സ്‌റ്റേഷൻ  ഞായറാഴ്ച പകൽ മൂന്നിന‌് സൗത്ത് കളമശേരി സ്‌റ്റേഷനിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ്യും.

ചടങ്ങിൽ പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ്, കൊല്ലം ജില്ലയിലെ കണ്ണനെല്ലൂർ, കാസർകോട‌് ജില്ലയിലെ മേൽപ്പറമ്പ് പൊലീസ് സ്‌റ്റേഷനുകളുടെയും  തിരുവനന്തപുരം റൂറൽ ജില്ലയിലെ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സ്, വയനാട് ജില്ലയിലെ കേണിച്ചിറ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സ്, കണ്ണൂർ ജില്ലയിലെ ഡിഎൻഎ ലബോറട്ടറി, തിരുവനന്തപുരം റൂറൽ ജില്ലയിലെ മാറാനല്ലൂർ എന്നീ  പൊലീസ് മന്ദിരങ്ങളുടെയും  ഉദ്ഘാടനവും മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കും.

വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ അധ്യക്ഷനാകും.  കെഎംആർഎൽ എംഡി എ പി എം മുഹമ്മദ് ഹനീഷ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് താക്കോൽ കൈമാറും.


പ്രധാന വാർത്തകൾ
 Top