കൊച്ചി
പത്താംക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യത. സിനിമാ പാരമ്പര്യമോ സമ്പത്തിന്റെ കൊഴുപ്പോ അവകാശപ്പെടാനില്ല. എന്നിട്ടും ഇച്ഛാശക്തി കൈമുതലാക്കി കൂത്താട്ടുകുളം സ്വദേശിനി രമ സജീവൻ 51–--ാംവയസ്സിൽ "ചിരാത്'എന്ന സിനിമ പിടിച്ചു. അഞ്ച് ഒടിടി പ്ലാറ്റ്ഫോമിലൂടെ സിനിമ പ്രേക്ഷകരിലെത്തിച്ചു. എട്ടുവർഷംമുമ്പ് ഭർത്താവ് സജീവന്റെ മരണത്തോടെയാണ് ചിത്രകാരികൂടിയായ രമ കഥയെഴുത്ത് ആരംഭിച്ചത്. കഥ പൂർത്തിയായതോടെ അത് സിനിമയാക്കണമെന്നായി ആഗ്രഹം. പിന്തുണച്ച് നിരവധിപേരെത്തിയെങ്കിലും കോവിഡ് കാലമായതോടെ പലരും പിന്മാറി. അപ്പോഴും സിനിമയെന്ന ആഗ്രഹത്തിൽ അവർ ഉറച്ചുനിന്നു. അങ്ങനെയാണ് പ്രതിസന്ധികൾക്കിടയിൽ മുന്നേറുന്ന പെൺകുട്ടിയെ കേന്ദ്രകഥാപാത്രമാക്കി "ചിരാത്' 2021 ഡിസംബർ 23ന് പ്രദർശനത്തിനെത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ രമയുടെ ആത്മവിശ്വാസത്തിന് കനംവച്ചു.
ചിത്രകല ഔപചാരികമായി പഠിക്കാത്ത രമ സാമ്പത്തികപ്രതിസന്ധിയിലായ കുടുംബത്തെ കരകയറ്റാനാണ് ചിത്രം വരച്ചുതുടങ്ങിയത്. അയൽവാസികളായ ചെല്ലമ്മ, രവി ദമ്പതികളുടെ ഛായാചിത്രം വരച്ചായിരുന്നു 28 വർഷംമുമ്പ് തുടക്കം. തൃപ്തരായ ദമ്പതികൾ പ്രതിഫലം നൽകിയതോടെ ആത്മവിശ്വാസംകൂടി. നാട്ടിലെ അറിയപ്പെടുന്ന ചിത്രകാരിയായി രമ മാറി. ചിത്രങ്ങൾ വരച്ചുകിട്ടിയ വരുമാനംകൊണ്ടാണ് മക്കളുടെ വിദ്യാഭ്യാസവും വിവാഹവും മറ്റു ചെലവുകളും നടത്തിയത്.
2014ൽ കൂത്താട്ടുകുളത്ത് കടമുറി വാടകയ്ക്കെടുത്ത് ആർട്ട് പോയിന്റ് എന്ന പേരിൽ ചിത്രകല വിപുലപ്പെടുത്തി. ഇതിനിടെയാണ് സിനിമാസ്വപ്നം മുളച്ചത്. സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പഠിച്ചെടുത്തു. തിരക്കഥയെഴുതി, സംവിധാനം ചെയ്തു. അങ്ങനെ 1.45 മണിക്കൂർ ദൈർഘ്യമുള്ള സിനിമ പുറത്തിറക്കി. 16 ദിവസംകൊണ്ടായിരുന്നു ചിത്രീകരണം. ഹൈ ഹോപ്സ്, മെയിൻ സ്ട്രീം, സിനിയ, ലൈംലൈറ്റ്, ഫസ്റ്റ് ഷോസ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. നടൻ ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രമ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..