26 February Wednesday

സംസ്ഥാനത്തെ സമ്മർദത്തിലാക്കാൻ ഗവർണറുടെ ഏജൻസിപ്പണി ; നിയമവഴിയാണ്‌ ശരിയെന്ന്‌ പറഞ്ഞ ഗവർണർ മലക്കംമറിഞ്ഞു

കെ ശ്രീകണ‌്ഠൻUpdated: Saturday Jan 18, 2020


പൗരത്വ  നിയമത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ  പോയത്‌ തെറ്റില്ലെന്ന്‌ അഭിപ്രായപ്പെട്ട ഗവർണറുടെ ഇപ്പോഴത്തെ മലക്കംമറിച്ചിൽ ദുരൂഹം.  ഗവർണർ  ഇപ്പോൾ സംസ്ഥാന സർക്കാരിനോട്‌ വിശദീകരണം തേടുന്നത്‌ കേന്ദ്രസമ്മർദം മൂലമാണെന്ന വാദവും ബലപ്പെട്ടു. കേന്ദ്രത്തിന്റെ റബർ സ്‌റ്റാമ്പായി കേരളത്തിൽ നിരന്തരം ഇടപെടുന്ന ഗവർണറുടെ തരംതാണ രാഷ്ട്രീയക്കളിയും ചർച്ചയാകുകയാണ്‌.

‘പൗരത്വ വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതിൽ തെറ്റില്ല.  ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുന്നതാണ്‌ ശരിയായ മാർഗം’ –- കഴിഞ്ഞ 15ന്‌ കൊല്ലത്ത്‌  ഗവർണർ ഇങ്ങനെയാണ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. നിയമസഭ പ്രമേയം പാസാക്കിയതിനെയാണ്‌ താൻ എതിർത്തതെന്നും അദ്ദേഹം അന്ന്‌ പറഞ്ഞു. ഇതിനുപിന്നാലെയാണ്‌ ഇപ്പോൾ ചട്ടലംഘനവാദവുമായി സർക്കാരിനെതിരെ പോർവിളി നടത്തുന്നതും ഡൽഹിയിൽ പോയി വാർത്താസമ്മേളനം നടത്തുന്നതും.

സുപ്രീംകോടതിയിൽ ഹർജി നൽകിയതിനെ ന്യായീകരിച്ച ഗവർണർ ഇപ്പോൾ മലക്കംമറിച്ചിൽ നടത്താൻ  ചട്ടം ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന്‌ നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സർക്കാർ കാര്യങ്ങൾക്ക്‌ വേണ്ടിയുള്ള റൂൾസ്‌ ഓഫ്‌ ബിസിനസിന്റെ പേരിലും ഗവർണർ തെറ്റിദ്ധാരണ പരത്തുകയാണ്‌. ഏതൊക്കെ വിഷയങ്ങളാണ്‌ സർക്കാരിനുവേണ്ടി മുഖ്യമന്ത്രി മുൻകൂട്ടി ഗവർണറെ അറിയിക്കേണ്ടത്‌ എന്ന്‌ റൂൾസ്‌ ഓഫ്‌ ബിസിനസിന്റെ 34(2) അഞ്ചാം വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്‌. കേന്ദ്ര–- സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തിൽ ഗവർണറെ മുഖ്യമന്ത്രി അറിയിച്ചാൽ മതിയെന്നതാണ്‌ ഇതിൽ മുഖ്യം. പൗരത്വ നിയമ വിഷയത്തിലെ ഹർജി  കേന്ദ്ര–- സംസ്ഥാന ബന്ധങ്ങളെ ഏതെങ്കിലുംതരത്തിൽ ബാധിക്കുന്നതല്ല. ഇത്തരം  വിഷയങ്ങളിൽ അനുച്ഛേദം 131 പ്രകാരം സുപ്രീംകോടതിയെ സമീപിക്കാനുള്ള ഭരണഘടനാപരമായ അവകാശം സർക്കാർ വിനിയോഗിക്കുകയാണ്‌ ചെയ്‌തത്‌. മറ്റു സംസ്ഥാനങ്ങളുമായുള്ള തർക്കവിഷയത്തിലുമല്ല സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌.


 

കോടതിയിൽ ഹർജി നൽകുന്നതിനുമുമ്പ്‌ തന്നെ അറിയിക്കണമായിരു‌ന്നെന്ന ഗവർണറുടെ നിലപാട്‌ ഭരണഘടനാപരമായ സർക്കാരിന്റെ അവകാശത്തെ  ചോദ്യംചെയ്യുന്നതിന്‌ സമാനമാണ്‌. സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽചെയ്യാൻ സർക്കാർ അനുമതി തേടിയാലും ഗവർണർ എതിർക്കുകയേയുള്ളൂ. ഈ ഘട്ടത്തിലും ഗവർണറുടെ വിയോജിപ്പ്‌  കാര്യമാക്കാതെ സർക്കാരിന്‌ സുപ്രീംകോടതിയെ സമീപിക്കാം.

സർക്കാർ നടപടികളെല്ലാം തന്നെ  അറിയിക്കണമെന്ന ആരിഫ്‌ മൊഹമ്മദ്‌ ഖാൻെറ വാദവും നിലനിൽക്കുന്നതല്ല. സർക്കാർ ഉത്തരവുകൾ ഗവർണർക്കുവേണ്ടി എന്ന രീതിയിലാണ്‌ പുറപ്പെടുവിക്കുന്നത്‌. അവയൊന്നും ഗവർണറുടെ മുൻകൂട്ടി അനുമതി വാങ്ങിയിട്ടല്ല പുറത്തിറക്കുന്നത്‌. ഭരണപരമായ കാര്യങ്ങളിൽ പരാതി കിട്ടിയാൽ സർക്കാരിനോട്‌ വിശദീകരണം ചോദിക്കാൻ ഗവർണർക്ക്‌ അധികാരമുണ്ട്‌. തദ്ദേശ ഓർഡിനൻസിന്റെ കാര്യത്തിൽ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല നൽകിയ പരാതി മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‌ അയച്ചുകൊടുക്കുകയാണ്‌ ചെയ്‌തത്‌. അത്തരം കത്തിടപാടുകളുടെ രഹസ്യസ്വഭാവം നിലനിർത്തി സർക്കാരുമായി ഇടപെടുകയാണ്‌ മുമ്പ്‌ ഗവർണർമാർ സ്വീകരിച്ച രീതി. ഇതിന്‌ വിരുദ്ധമായി സർക്കാർ നടപടികളുടെ രഹസ്യസ്വഭാവംപോലും തകർത്ത്‌ നിരന്തരം വാർത്താസമ്മേളനം നടത്തി സർക്കാരിനെ വെല്ലുവിളിക്കുന്നതും ദുരുദ്ദേശ്യത്തോടെയാണ്‌.


പ്രധാന വാർത്തകൾ
 Top