27 February Thursday

മനുഷ്യമഹാശൃംഖലയ്‌ക്ക്‌ പിന്തുണയുമായി സൂസപാക്യവും പാളയം ഇമാമും

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020


ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി റിപ്പബ്ലിക്‌ ദിനത്തിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ കേരളത്തിൽ തീർക്കുന്ന മനുഷ്യമഹാശൃംഖലയ്‌ക്ക്‌ പ്രമുഖരുടെ പിന്തുണയേറി. തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്‌ ബിഷപ്‌ ഡോ. എം സൂസപാക്യം, പാളയം ഇമാം  വി പി ഷുഹൈബ്‌ മൗലവി എന്നിവർ ശൃംഖലയ്‌ക്ക്‌ പിന്തുണ അറിയിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‌ എല്ലാ വിജയങ്ങളും ആശംസിക്കുന്നതായും  സന്ദർശിക്കാനെത്തിയ എൽഡിഎഫ്‌ നേതാക്കളെ ഇരുവരും അറിയിച്ചു.

എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ എന്നിവർ വ്യാഴാഴ്‌ച വെള്ളയമ്പലം ബിഷപ്‌ ഹൗസിലെത്തിയാണ്‌ ഡോ. സൂസപാക്യത്തെ സന്ദർശിച്ചത്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനമാകെ നടക്കുന്ന യോജിച്ചുള്ള പ്രക്ഷോഭത്തെ സൂസപാക്യം അഭിനന്ദിച്ചു. 


 

എൽഡിഎഫിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിർദേശങ്ങളും അഭിപ്രായങ്ങളും നേതാക്കളുമായി പങ്കുവച്ചു. മഹാശൃംഖലയുടെ സന്ദേശമടങ്ങിയ  ലഘുലേഖയും ബിഷപ്പിന്‌ നൽകി. വികാരി ജനറൽ ഫാ. സി ജോസഫ്‌ നേതാക്കളെ സ്വീകരിച്ചു. തുടർന്ന്‌ പാളയം ജുമാമസ്‌ജിദിലെത്തിയ നേതാക്കളെ ഇമാം വി പി ഷുഹൈബ്‌ മൗലവി സ്വീകരിച്ചു.  മഹാശൃംഖലയ്‌ക്ക്‌ ഒപ്പമുണ്ട്‌. രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന നിയമത്തിനെതിരെ സംസ്ഥാന സർക്കാരും എൽഡിഎഫും നടത്തുന്ന പ്രക്ഷോഭത്തിന്‌   അഭിവാദ്യം നേരുകയാണെന്നും ഇമാം പറഞ്ഞു.

മനുഷ്യ മഹാശൃംഖലയ്‌ക്ക്‌   പ്രമുഖരുടെ പിന്തുണ തേടുന്ന ഭാഗമായുള്ള സന്ദർശനം തികച്ചും സൗഹാർദപരമായിരുന്നുവെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ മാധ്യമങ്ങളോട്‌ പറഞ്ഞു. മഹാശൃംഖലയുടെ സന്ദേശം 40 ലക്ഷം വീടുകളിൽ എത്തിക്കുന്നുണ്ട്‌.  സഹകരിപ്പിക്കാവുന്ന മുഴുവൻ പേരെയും ശൃംഖലയുടെ ഭാഗമാക്കുമെന്നും നേതാക്കൾ അറിയിച്ചു.

ആ കണ്ണീർ ഈ മണ്ണിൽ വീഴരുത്‌ കാടാമ്പുഴ ഭഗവതി ക്ഷേത്രം മേൽശാന്തി ബ്രഹ്‌മശ്രീ പുതുമന നാരായണൻ എമ്പ്രാന്തിരി
‘നമ്മുടെ നാട്ടിൽ പുതിയ ചില നിയമങ്ങൾ പാസായതായി അറിഞ്ഞു. നാടുവിട്ടുപോകേണ്ടിവരുമോ എന്ന ആശങ്ക പലർക്കും ഉണ്ട്‌. വളരെ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളാണ് കേൾക്കുന്നത്‌.’  

‘ഇവിടെ കാലങ്ങളായി ജനിച്ചുവളർന്നവർ പുറത്തുപോകേണ്ടിവരുന്നത്‌ കഷ്ടമാണ്‌. എല്ലാ വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും സ്വാഗതം ചെയ്‌ത മണ്ണാണ് ഭാരതത്തിന്റേത്‌. മറ്റുപല രാജ്യങ്ങൾക്കും കഴിയാത്തതാണത്‌. ഇന്ത്യയുടെ ദാർശനിക  മഹത്വമാണത്‌. അതിന് മങ്ങലേൽക്കരുത്‌.’ അദ്ദേഹം തുടർന്നു. വിഭജനകാലത്ത്‌ പാകിസ്ഥാനിൽ പോകാതെ ഇന്ത്യയിൽ തുടർന്നവരെ നിർബന്ധിച്ച്‌ പറഞ്ഞുവിടരുത്‌. ഈ നാടിനെ സ്‌നേഹിക്കുന്ന ആരുടെയും കണ്ണീരുവീണ്‌ ഈ മണ്ണ്‌ നനയരുത്‌. പിറന്ന നാട്ടിൽനിന്ന്‌ ഉള്ളതെല്ലാം നഷ്ടപ്പെട്ട്‌ ഇറങ്ങേണ്ടിവരുന്നത്‌ കഷ്ടമാണ്‌.  ജനങ്ങളുടെ ഐക്യത്തിനാണ്‌ മനുഷ്യ മഹാശൃംഖല ഉയരുന്നതെന്ന്‌ അറിയുന്നു. അതൊരു വിജയമാകട്ടെ. അഭിവാദ്യങ്ങൾ.

ഭരണഘടനയെ അവഹേളിക്കൽ : കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി
ഒരു മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ഇവിടെ പൗരന്മാർ തമ്മിൽ തുല്യതയാണ് ഉള്ളത്. നമ്മുടെ ഭരണഘടനയനുസരിച്ച് പൗരന് അവന് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ പാലിക്കാനും അവകാശമുണ്ട്. മത-–-ജാതി–--വർഗ നിർണയത്തിലൂടെ പൗരത്വം നിശ്ചയിക്കുന്നത് രാജ്യത്തെതന്നെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്. ഭരണഘടനയോടുള്ള തികഞ്ഞ അവഹേളനമാണിത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top