17 February Sunday

ശബരിമല യുവതീ പ്രവേശം : ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കും : പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019


ശബരിമലദർശനത്തിന് ഏതെങ്കിലും യുവതി സംരക്ഷണം ആവശ്യപ്പെട്ടാൽ നൽകാൻ ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് പൊലീസ് ഹെെക്കോടതിയെ അറിയിച്ചു. ശബരിമലയിൽ ജനുവരി രണ്ടിന് രണ്ടു യുവതികൾ ദർശനം നടത്തിയപ്പോൾ സിവിൽവേഷത്തിൽ നാലു പൊലീസുകാർ ഒപ്പമുണ്ടായിരുന്നെന്നും യുവതികളുടെ അപേക്ഷയനുസരിച്ചാണ് പൊലീസ്  അനുഗമിച്ചതെന്നും പത്തനംതിട്ട എസ‌്‌പി ടി നാരായണൻ കോടതിയെ അറിയിച്ചു‌‌.

യുവതികൾ ദർശനം നടത്തിയ ജനുവരി രണ്ടിന് 93,120 ഭക്തർ മല ചവിട്ടിയിരുന്നു. ആരും യുവതികളെ തടഞ്ഞിരുന്നില്ല. യുവതീപ്രവേശനത്തിൽ യഥാർഥ ഭക്തർക്കല്ല, ആസൂത്രിതനീക്കത്തിലൂടെ പ്രശ്നങ്ങളുണ്ടാക്കുന്ന ചില സംഘടനകൾക്കാണ് പ്രതിഷേധമുള്ളതെന്നാണ് ഇത് വ്യക്തമാക്കുന്നത്.  ജനുവരി മൂന്നിന് നിലക്കലിൽ പാർക്ക് ചെയ്ത ഭക്തരുടെ ബസിൽ മറ്റുള്ളവർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്നതുവരെ മൂന്ന് യുവതികൾ കാത്തിരുന്നത് പ്രതിഷേധത്തിന് കാരണമായി. പൊലീസ് ഇടപെട്ടാണ് സ്ഥിതി​ഗതികൾ ശാന്തമാക്കിയത്. 
നാലിന് ദർശനത്തിനെത്തിയ ഒരു ട്രാൻസ്ജെൻഡറിനെ പ്രതിഷേധക്കാർ തടഞ്ഞു. ശബരിമല കർമസമിതിയുടെയും ആചാര സംരക്ഷണ സമിതിയുടെയും ഒരുരാഷ്ട്രീയ പാർടിയുടെയും അക്രമങ്ങളും  പ്രതിഷേധവും കാരണം ചില സ്ത്രീകൾക്ക്  ദർശനം നടത്താൻ സാധിച്ചിട്ടില്ലെന്നും  പൊലീസ‌് കോടതിയെ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top