21 February Thursday

സ‌്ത്രീശാക്തീകരണത്തിന‌് കരുത്തേകുന്ന കൂടുതൽ നടപടികൾ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ നവീന വായ‌്പാപദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു


കിളിമാനൂർ
സ‌്ത്രീശാക്തീകരണത്തിന‌് കരുത്തേകുന്ന കൂടുതൽ  നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിതാമതിൽ പകർന്നുനൽകിയ സ‌്ത്രീശാക്തീകരണ പ്രസ്ഥാനം കൂടുതൽ ശക്തി സമാഹരിച്ച‌് മുന്നോട്ടുപോകും. സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ നവീന വായ‌്പാ പദ്ധതികളുടെ സംസ്ഥാനതല ഉദ‌്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ‌്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക‌് കൂടുതൽ സാമൂഹ്യ പ്രാമുഖ്യം ലഭിക്കുന്നുവെന്നത‌് അഭിനന്ദനാർഹമാണ‌്. എന്നാൽ, സ‌്ത്രീകളെ സാമൂഹികമായി പിന്നോട്ടടിപ്പിക്കാനുള്ള ശ്രമം ചില കോണുകളിൽനിന്ന‌് ഉണ്ടാകുന്നു. നവോത്ഥാനമൂല്യങ്ങൾ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ‌് ഇത്തരം നീക്കങ്ങൾ. പുരുഷന്മാർക്ക‌് തുല്യമായ അവകാശങ്ങൾ സ‌്ത്രീകൾക്ക‌് പാടില്ലെന്നാണ‌് ചില കുത്സിതബുദ്ധിക്കാർ പ്രചരിപ്പിക്കുന്നത‌്. ഇതിനെല്ലാമെതിരായ കേരള സ‌്ത്രീസമൂഹത്തിന്റെ ശക്തമായ പ്രതിരോധമായിരുന്നു വനിതാ മതിൽ.

രാജ്യവും ലോകവുമാകെ വനിതാമതിലിനെ ശ്രദ്ധിച്ചു. ദേശീയ–-വിദേശ മാധ്യമങ്ങളിലാകെ വലിയ തലക്കെട്ടിൽ വനിതാമതിൽ നിറഞ്ഞു. മതിലിലെ പങ്കാളിത്തത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ, സമൂഹത്തിൽ പഴയ ഫ്യൂഡൽ ബോധമുള്ള ചിലർ ഇപ്പോഴും നിലനിൽക്കുന്നതിന്റെ ഭാഗമായി ഈ സ‌്ത്രീമുന്നേറ്റത്തെ ജാതീയവും വർഗീയവുമായി ആക്ഷേപിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ലോകം കണ്ട അപൂർവമായ സ‌്ത്രീമുന്നേറ്റത്തെയാണ‌് ചിലർ മറ്റുപല രീതിയിലും ആക്ഷേപിക്കാൻ ശ്രമിച്ചത‌്. ജാതി, മത, വർഗ, തൊഴിൽ, സ്ഥിതി വ്യത്യാസമില്ലാതെ വനിതകളാകെ പങ്കെടുത്ത വനിതാമതിലിന്റെ പശ്ചാത്തലത്തിൽ സ‌്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക‌് കൂടുതൽ കരുത്തുപകരാനാണ‌് സർക്കാർ തീരുമാനം.

സംവരണം ആവശ്യമില്ലെന്ന ചിലരുടെ വാദം അംഗീകരിക്കാനാകില്ലെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നിലപാടുകളെ ഇടതുപക്ഷപ്രസ്ഥാനങ്ങൾ എന്നും ശക്തമായി എതിർത്തിരുന്നു. ഇതിൽ ഒരു മാറ്റവുമില്ല. ഒറ്റപ്പെട്ടവരെ ചൂണ്ടിക്കാട്ടിയാണ‌് സംവരണം വേണ്ടെന്ന വാദം ചിലർ ഉയർത്തിക്കാട്ടുന്നത‌്. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടവരുടെയും സാമൂഹികപിന്നോക്കാവസ്ഥയിൽ നിൽക്കുന്നവരുടെയും മോചനത്തിനാണ‌് സംവരണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത‌്. സാമൂഹിക പിന്നോക്കാവസ്ഥ ഇപ്പോഴും പൂർണമായും ഒഴിവായിട്ടില്ല. ഈ അവസ്ഥയ‌്ക്ക‌് മാറ്റം ഉണ്ടാകുന്നതുവരെ സംവരണം തുടരണമെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.

എസ‌്സി എസ‌്ടി വികസന കോര്‍പറേഷന്റെ നവീന വായ്പാപദ്ധതികൾക്ക‌് തുടക്കം
കിളിമാനൂർ
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ നവീന വായ‌്പാപദ്ധതികൾക്ക‌് തുടക്കമായി. ഇവയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ മന്ത്രി  എ കെ ബാലൻ അധ്യക്ഷനായി. സ‌്റ്റാർട്ടപ്പ‌് വായ‌്പാപദ്ധതി, മൾട്ടി പർപ്പസ് വായ്പാപദ്ധതി,  കുടുംബശ്രീയുമായി സഹകരിച്ച് വനിതാ ശാക്തീകരണ വായ്പാപദ്ധതി, കൃഷിഭൂമി വായ്പാപദ്ധതി,  വിദേശതൊഴിൽ വായ്പാപദ്ധതി, പെട്രോളിയം ഡീലർമാർക്കുള്ള വായ്പാപദ്ധതി, ഭവന പുനരുദ്ധാരണ വായ്പാപദ്ധതി, നോർക്കാ റൂട്ട്സുമായി ചേർന്ന് പ്രവാസി പുനരധിവാസ വായ്പാപദ്ധതി, ഞങ്ങളുടെ വീട് ഭവനനിർമാണ വായ്പാപദ്ധതി എന്നിവയ‌്ക്കാണ‌് തുടക്കമായത‌്. യുവസംരംഭകരുടെ പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനുമായി 50 ലക്ഷംവരെ വായ്പ നൽകുന്നതാണ‌് സ‌്റ്റാർട്ടപ്പ‌് പദ്ധതി. 

ചടങ്ങിൽ കോർപറേഷൻ് മാനേജിംഗ‌് ഡയറക്ടർ ഡോ. എം എ നാസർ റിപ്പോർട്ട‌് അവതരിപ്പിച്ചു. ബി സത്യൻ എംഎൽഎ , കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജു ദേവ് , പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു, ജില്ലാ പഞ്ചായത്തംഗം ഡി സ്മിത , കിളിമാനൂർ ബ്ലോക്ക‌് പഞ്ചായത്ത‌് അംഗം എസ‌് യഹിയ, പഴയകുന്നുമ്മേൽ പഞ്ചായത്ത‌് അംഗം വി ഗോവിന്ദൻപോറ്റി, കോർപറേഷൻ ഡയറക്ടർ ബോർഡ‌് അംഗങ്ങളായ ആർ എസ് അനിൽ, കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. കോർപറേഷൻ ചെയർമാൻ ബി രാഘവൻ സ്വാഗതവും ജില്ലാ മാനേജർ എസ‌് സുരാജ‌് നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top