11 August Thursday

കലാപലക്ഷ്യത്തോടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു : ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപിക്കെതിരെ കേസ്

സ്വന്തം ലേഖകന്‍Updated: Wednesday Jan 17, 2018

തളിപ്പറമ്പ് > കലാപലക്ഷ്യത്തോടെ വ്യാജ ട്വിറ്റ് സന്ദേശം പ്രചരിപ്പിച്ചതിന് ബിജെപി നേതാവും ഏഷ്യാനെറ്റ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ എംപിക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു. മാലൂരിലെ സനോജിന്റെ  പരാതിയിലാണ് ഐപിസി 153-ാം വകുപ്പ് പ്രകാരം കേസെടുത്തത്്.

ബിജെപി പ്രവര്‍ത്തകനും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ രാമന്തളി കക്കംപാറയിലെ ചൂരക്കാട് ബിജു 2017 മെയ് 11ന് കൊല്ലപ്പെട്ടിരുന്നു.  ഇതിന്റെ തുടര്‍ച്ചയായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയും അവിടെ രോഗിയുമായി എത്തിയ പയ്യന്നൂര്‍ സഹകരണ ആശുപത്രി ആംബുലന്‍സും ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വ്യാജ പ്രാരണത്തിനുപയോഗിച്ചു.

ബിജുവിന്റെ മൃതദേഹവുമായെത്തിയ ആംബുലന്‍സും ആശുപത്രിയും സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന നിലയിലാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.  വ്യാജപ്രചാരണം ഷെയര്‍ചെയ്ത  രാജിവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെയും ഇത് പ്രചരിപ്പിച്ചു.

എംപിയുടേത് കുറ്റകരമായ അനാസ്ഥയാണെന്നും കലാപമുണ്ടാക്കാനുള്ള നീക്കമായതിനാല്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സനോജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.  സംഭവം അന്വേഷിച്ച പൊലീസ് ഹൈടെക് സെല്‍ തെളിവുകള്‍ സഹിതം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പരിയാരം പൊലിസ്  എംപിക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top